ബംഗളൂരു: സാഫ് കപ്പ് ഫുട്ബാളിൽ ഗ്രൂപ് ബിയിൽ ബുധനാഴ്ച നടന്ന രണ്ടാം മത്സരത്തിൽ ഭൂട്ടാനെ എതിരില്ലാത്ത രണ്ടുഗോളിന് വീഴ്ത്തി മാലദ്വീപ് ആദ്യ ജയം കുറിച്ചു. ആറാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഹംസ മുഹമ്മദും 90ാം മിനിറ്റിൽ നായിസ് ഹസനുമാണ് സ്കോർ ചെയ്തത്. കളിയിലുടനീളം മുന്നിൽനിന്ന ഭൂട്ടാനെതിരെ കിട്ടിയ അവസരങ്ങൾ മുതലെടുത്താണ് മാലദ്വീപ് ജയം കുറിച്ചത്. പന്തടക്കത്തിലും ഷോട്ടുകളിലും പാസുകളിലും ഭൂട്ടാൻ എതിരാളികളെക്കാൾ മികച്ചുനിന്നെങ്കിലും ഗോൾ മാത്രം ഒഴിഞ്ഞുനിന്നു. ആറാം മിനിറ്റിൽ മൈതാന മധ്യത്തുനിന്ന് പന്തുമായി കുതിച്ച ഹംസയെ ഭൂട്ടാനീസ് താരം ബോക്സിൽ വീഴ്ത്തിയതിനായിരുന്നു റഫറി പെനാൽറ്റി വിധിച്ചത്.
ഗോൾ വീണതോടെ തിരിച്ചടിക്കാൻ ഉണർന്നു കളിച്ച ഭൂട്ടാൻ ആക്രമണം കനപ്പിച്ചെങ്കിലും മാലദ്വീപ് പ്രതിരോധം തീർത്തു. ഒടുവിൽ നിശ്ചിത സമയത്തിന്റെ അവസാന മിനിറ്റിൽ രണ്ടാം ഗോളും നേടി വിജയമുറപ്പിച്ചു. 92ാം മിനിറ്റിൽ മാലദ്വീപ് താരം ഹസൻ റായിഫ് അഹ്മദ് അപകടകരമായ ടാക്കിളിന്റെ പേരിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തുപോയി.
വെള്ളിയാഴ്ച വിശ്രമദിനമാണ്. ശനിയാഴ്ച ആതിഥേയരായ ഇന്ത്യ നേപ്പാളിനെയും പാകിസ്താൻ കുവൈത്തിനെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.