ലണ്ടൻ: മത്സരങ്ങളുടെയും കളികളുടെയും എണ്ണം ക്രമാതീതമായി ഉയരുന്നത് തങ്ങളുടെ ശാരീരിക, മാനസിക ആരോഗ്യത്തെ ബാധിക്കുകയാണെന്നും ഇനി സമരമാണ് സോക്കർ താരങ്ങൾക്ക് മുന്നിലെ വഴിയെന്നും മാഞ്ചസ്റ്റർ സിറ്റി മിഡ്ഫീൽഡർ റോഡ്രി. ചാമ്പ്യൻസ് ലീഗിലടക്കം കൂടുതൽ കളികൾ ഈ വർഷം അധികമായി വന്നത് താങ്ങാവുന്നതിലേറെയാണെന്ന് സ്പെയിൻ താരം പറയുന്നു.
ചാമ്പ്യൻസ് ലീഗിൽ ഇത്തിഹാദ് മൈതാനത്ത് ഇന്റർ മിലാനെതിരായ മത്സരത്തിൽ താരം പുതിയ സീസൺ അരങ്ങേറ്റം കുറിക്കുമെന്നാണ് സൂചന. ചാമ്പ്യൻസ് ലീഗിൽ വേറെയും കളികളുണ്ടെന്നതിന് പുറമെ ക്ലബ് ലോകകപ്പിൽ ചുരുങ്ങിയത് ഏഴു കളികളുമുണ്ടാകും. പുതുതായി 32 ടീമുകളടങ്ങിയ ക്ലബ് ലോകകപ്പിനാണ് ഫിഫ തുടക്കംകുറിച്ചത്. ഒരു വർഷം 40- 50 കളികളെങ്കിൽ ഏറ്റവും മികച്ച കളി പുറത്തെടുക്കാനാവുന്നിടത്ത് മുൻനിര ടീമുകൾക്കായി 60- 70 കളികൾ വരെ ഒരു താരം കളിക്കേണ്ടിവരുകയാണെന്ന് താരം പറയുന്നു.
കഴിഞ്ഞ രണ്ട് സീസണുകളിൽ സിറ്റിക്കൊപ്പമായിരുന്ന അർജന്റീന സൂപ്പർ താരം ഹൂലിയൻ അൽവാരസ് കഴിഞ്ഞ സീസണിൽ ദേശീയ ടീമിനായും ക്ലബിനായും 83 കളികളിലാണ് ഇറങ്ങേണ്ടിന്നത്. സിറ്റിയുടെ മറ്റൊരു താരം ഫിൽ ഫോഡൻ 73ഉം. ഇത് ശരിക്കും കൂടിപ്പോയെന്ന് പറയുന്നു റോഡ്രി. ‘‘ഞങ്ങൾക്ക് സ്വന്തം കാര്യംകൂടി നോക്കാനുണ്ട്. ജനങ്ങൾക്ക് മികച്ച ഫുട്ബാൾ കാണണമെങ്കിൽ ഞങ്ങൾക്ക് വിശ്രമം ലഭിക്കണം’’-താരം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.