മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് വിജയവഴിയിൽ മടങ്ങിയെത്തി. തുടർ വിജയങ്ങൾക്കുശേഷം കളിക്കാരിൽ പലരും കോവിഡ് ബാധിതരാവുകയും ന്യൂകാസിൽ യുനൈറ്റഡുമായി സമനിലയിൽ കുടുങ്ങുകയും ചെയ്ത് പരുങ്ങലിലായിരുന്ന യുനൈറ്റഡ് ബേൺലിയെ 3-1ന് തോൽപിച്ച് വർഷാവസാനം ശുഭകരമാക്കി.
ഇതോടെ 18 കളികളിൽ 31 പോയന്റുമായി ആറാമതാണ് റാൽഫ് റാങ്നിക്കിന്റെ ടീം. 20 മത്സരങ്ങളിൽ 50 പോയന്റുമായി മാഞ്ചസ്റ്റർ സിറ്റിയാണ് തലപ്പത്ത്. ചെൽസി (42), ലിവർപൂൾ (41), ആഴ്സനൽ (35), വെസ്റ്റ്ഹാം യുനൈറ്റഡ് (31) എന്നിവയാണ് യുനൈറ്റഡിന് മുന്നിലുള്ള മറ്റു ടീമുകൾ. ആദ്യ പകുതിയിൽതന്നെ ബേൺലി വലയിൽ മൂന്നുവട്ടം പന്ത് കയറ്റിയാണ് യുനൈറ്റഡ് വിജയം ഉറപ്പിച്ചത്. സ്കോട്ട് മക്ടോമിനെ (8), ബെൻ മീ (27-സെൽഫ്), ക്രിസ്റ്റ്യാനോ റൊണാൾഡോ (35) എന്നിവരായിരുന്നു സ്കോറർമാർ. ബേൺലിയുടെ ആശ്വാസഗോൾ 38ാം മിനിറ്റിൽ ആരോൺ ലെന്നൻ കണ്ടെത്തി. മക്ടോമിനെയുടെ ഉജ്ജ്വല പ്രകടനമായിരുന്നു യുനൈറ്റഡ് വിജയത്തിെൻറ സവിശേഷത.
മേസൺ ഗ്രീൻവുഡും റൊണാൾഡോയും തുടക്കമിട്ട നീക്കത്തിൽ ഫസ്റ്റ്ടൈം ഷോട്ടിലൂടെ യുനൈറ്റഡിന്റെ അക്കൗണ്ട് തുറന്ന മക്ടോമിനെയുടെ പൊള്ളുന്ന ഷോട്ട് ബേൺലി ഗോളി തടുത്തിട്ടപ്പോൾ റീബൗണ്ടിൽനിന്നായിരുന്നു റൊണാൾഡോയുടെ ഗോൾ. അതിനിടെ, ഒറ്റക്കുള്ള മുന്നേറ്റത്തിൽ ജേഡൻ സാഞ്ചോയുടെ ശ്രമം മീയുടെ കാലിൽതട്ടി സ്വന്തംവലയിൽ കയറുകയായിരുന്നു.
ശനിയാഴ്ച ആഴ്സനൽ-മാഞ്ചസ്റ്റർ സിറ്റി പോരാട്ടമുണ്ട്. പ്രീമിയർ ലീഗിൽ തുടർച്ചയായ പത്ത് ജയവുമാണ് സിറ്റി ഇറങ്ങുന്നതെങ്കിൽ കഴിഞ്ഞ നാലു കളികളിൽ ജയിച്ചാണ് ആഴ്സനലിന്റെ വരവ്. വാറ്റ്ഫോഡ് ടോട്ടൻഹാമിനെയും ക്രിസ്റ്റൽ പാലസ് വെസ്റ്റ്ഹാം യുനൈറ്റഡിനെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.