യുവേഫ ചാമ്പ്യൻസ് ലീഗിൽ കരുത്തരായ ടീമുകൾ പ്രീക്വാർട്ടർ ബെർത്തുറപ്പിച്ചു. ഇംഗ്ലീഷ് ക്ലബുകളായ മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ എന്നിവർക്കൊപ്പം സ്പെയിനിൽ നിന്ന് റയൽ മഡ്രിഡും ഫ്രാൻസിൽ നിന്ന് പി.എസ്.ജിയും ഇറ്റലിയിൽ നിന്ന് ഇന്‍റർ മിലാനും നെതർലൻഡ്സിൽ നിന്ന് അയാക്സ് ആംസ്റ്റർഡാമും പോർചുഗലിൽ നിന്ന് സ്പോർടിങ് ലിസ്ബണും അവസാന 16ൽ ഇടം നേടി. ബയേൺ മ്യൂണിക്, ചെൽസി, മാഞ്ചസ്റ്റർ യുനൈറ്റഡ് എന്നീ ടീമുകൾ നേരത്തെ പ്രീക്വാർട്ടറിലെത്തിയിരുന്നു.
ബുധനാഴ്ച രാത്രി നടന്ന പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റി ലയണൽ മെസ്സിയുടെ പി.എസ്.ജിയെ 2-1ന് തോൽപിച്ചു. ഗോൾരഹിതമായ ആദ്യപകുതിക്ക് ശേഷം 50ാം മിനിറ്റിൽ കിലിയൻ എംബാപ്പെയുടെ ഗോളിലൂടെ പി.എസ്.ജിയാണ് ആദ്യം ലീഡ് പിടിച്ചത്. 63ാം മിനിറ്റിൽ ഗബ്രിയേലിന്‍റെ അസിസ്റ്റിൽ റഹീം സ്റ്റിർലിങ്ങ് സിറ്റിയെ ഒപ്പമെത്തിച്ചു. 76ാം മിനിറ്റിൽ ഗബ്രിയേൽ ജീസസ് കൂടി വലകുലുക്കിയതോടെ ജയം സിറ്റിക്കൊപ്പമായി. ഗ്രൂപ്പ് 'എ'യിൽ നടന്ന മറ്റൊരു മത്സരത്തിൽ ആർ.ബി ലെപ്സിഷ് ക്ലബ് ബ്രൂജിനെ എതിരില്ലാത്ത അഞ്ച്ഗോളിന് തകർത്തു. അഞ്ച് മത്സരത്തിൽ നിന്ന് 12പോയിന്‍റുമായി സിറ്റിയും എട്ടുപോയിന്റുമായി പി.എസ്.ജിയും പ്രീക്വാർട്ടറിലെത്തി.
ഗ്രൂപ്പ് ബിയിൽ എഫ്.സി പോർട്ടോയെ 2-0ത്തിന് തോൽപിച്ചാണ് ലിവർപൂൾ പ്രീക്വാർട്ടറിലെത്തിയത്. തിയാഗോ അൽകൻതാരയും (52) മുഹമ്മദ് സലാഹുമാണ് (70) ലിവർപൂളിനായി സ്കോർ ചെയ്തത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ എ.സി മിലാൻ അത്ലറ്റിേകാ മഡ്രിഡിനെ 1-0ത്തിന് തോൽപിച്ചു. ജൂനിയർ മെസിയാസാണ് ഇറ്റലിക്കാർക്കായി വലചലിപ്പിച്ചത്. അഞ്ച് കളികളിൽ നിന്ന് അഞ്ചും വിജയിച്ച ലിവർപൂൾ 15 പോയിന്‍റുമായി ഒന്നാം സ്ഥാനത്ത് നിൽക്കുേമ്പാൾ അഞ്ച് പോയിന്‍റ് മാത്രമുള്ള എഫ്.സി പോർട്ടോയാണ് രണ്ടാമത്. നാല് പോയിന്‍റുമായി എ.സി മിലാൻ മൂന്നാമതും അത്ര തന്നെ പോയിന്‍റുള്ള അത്ലറ്റികോ നാലാമതുമാണ്.
ആദ്യപാദത്തിൽ അട്ടിറികളുമായി ഏവരെയും ഞെട്ടിച്ച ശരീഫിനെ രണ്ടാം മത്സരത്തിൽ റയൽ മഡ്രിഡ് തകർത്ത് തരിപ്പണമാക്കി. 3-0ത്തിനായിരുന്നു റയലിന്‍റെ ജയം. ഡേവിഡ് അലാബ (30), ടോണി ക്രൂസ് (45), കരീം ബെൻസേമ (55) എന്നിവരാണ് റയലിന്‍റെ സ്കോറർമാർ. അഞ്ച് മത്സരങ്ങളിൽ നിന്ന് 12 പോയിന്‍റുമായി റയലാണ് ഗ്രൂപ്പിലെ മുമ്പൻമാർ. 10 പോയിന്‍റുമായി ഇന്‍ററാണ് രണ്ടാമത്. ശരീഫിന് ആറ് പോയിന്‍റാണുള്ളത്.
ഗ്രൂപ്പ് സിയിൽ ബേഷിക്തിഷിനെ 2-1ന് തോൽപ്പിച്ച് അയാക്സും ഗ്രൂപ്പ് ഡിയിൽ ഷാക്തറിനെ 2-0ത്തിന് പിന്തള്ളി ഇന്‍ററും പ്രീക്വാർട്ടറിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.