പകരക്കാരുടെ ബെഞ്ചിൽനിന്ന് സ്ഥാനക്കയറ്റം കിട്ടിയെത്തി രണ്ടുവട്ടം വല കുലുക്കിയ മാർകസ് റാഷ്ഫോഡിന്റെ ചിറകേറി മാഞ്ചസ്റ്റർ യുനൈറ്റഡ് ലീഗ് കപ് സെമിയിൽ. ചാൾട്ടണെ എതിരില്ലാത്ത കാൽഡസൻ ഗോളുകൾക്ക് വീഴ്ത്തിയായിരുന്നു ടീമിന്റെ സെമി പ്രവേശനം.
സിറ്റിക്കെതിരെ ശനിയാഴ്ച ഓൾഡ് ട്രാഫോഡിൽ നടക്കാനിരിക്കുന്ന മാഞ്ചസ്റ്റർ ഡെർബി മുന്നിൽകണ്ട് ആദ്യ ഇലവനിൽ എട്ടു മാറ്റങ്ങളുമായാണ് കോച്ച് ടെൻഹാഗ് ടീം ഇറക്കിയത്. കഴിഞ്ഞ ദിവസം എവർടണെതിരെ ജയിച്ച ഇലവനിലുണ്ടായിരുന്ന ആന്റണി ആദ്യം ഗോളടിച്ച് യുനൈറ്റഡ് കാത്തിരുന്ന ലീഡ് നൽകി. ദുർബലരായ എതിരാളികൾക്കുമേൽ ആധിപത്യം കാട്ടുന്നതിൽ ടീം പിറകിൽ നിന്നതോടെ അവസാന അര മണിക്കൂറിൽ പ്രമുഖരെ തിരിച്ചുവിളിച്ച കോച്ച് കളിയാകെ മാറ്റിമറിച്ചു. കാസമീറോ, റാഷ്ഫോഡ്, ക്രിസ്റ്റ്യൻ എറിക്സൺ എന്നിവരെല്ലാം എത്തിയ യുനൈറ്റഡ് പിന്നീടു നടത്തിയ കടന്നാക്രമണങ്ങൾക്കൊടുവിലായിരുന്നു 90, 94 മിനിറ്റുകളിൽ റാഷ്ഫോഡിന്റെ എണ്ണംപറഞ്ഞ ഇരട്ട ഗോളുകൾ. ഓൾഡ് ട്രാഫോഡിൽ തുടർച്ചയായ എട്ടാം മത്സരത്തിൽ എതിർവല കുലുക്കിയ 26കാരൻ ഇതോടെ സീസണിൽ ടീമിനായി 15 ഗോളുകൾ നേടി മുന്നിലെത്തി. കാസമീറോയുടെ പാസിലായിരുന്നു റാഷ്ഫോഡ് രണ്ടാം ഗോൾ കുറിച്ചത്.
രണ്ടാമത്തെ മത്സരത്തിൽ ലെസ്റ്ററിനെ ഏകപക്ഷീയമായ രണ്ടു ഗോളിന് തകർത്ത് ന്യുകാസിലും അവസാന നാലിലെത്തി. ആദ്യാവസാനം മാഗ്പൈകളുടെ ഭരണം കണ്ട കളിയിൽ എണ്ണമറ്റ അവസരങ്ങൾ നഷ്ടപ്പെടുത്തിയതിനൊടുവിലായിരുന്നു ഡാൻ ബേണും ജോലിൻടണും വല കുലുക്കിയത്. 1976നു ശേഷം ആദ്യമായാണ് ന്യൂകാസിൽ ലീഗ് കപ്പിൽ സെമിയിലെത്തുന്നത്. ബ്രൂണോ ഗ്വിമറെസ്, സീൻ ലോങ്സ്റ്റാഫ്, കാലം വിൽസൺ എന്നിവരെല്ലാം നഷ്ടപ്പെടുത്തിയ സുവർണാവസരങ്ങൾ കൂടി വലയിലെത്തിയിരുന്നെങ്കിൽ ലെസ്റ്റർ വീഴ്ച വൻ ദുരന്തമായേനെ. ഗ്ലാമർ പേരുകളില്ലാതിരുന്നിട്ടും കരുത്തരായ ലെസ്റ്ററിനെതിരെ അതിമനോഹരമായി കളി നയിച്ചാണ് ന്യൂകാസിൽ ജയിച്ചത്. പ്രിമിയർ ലീഗ് മത്സരത്തിൽ നേരത്തെ ന്യൂകാസിലിനു മുന്നിൽ ലെസ്റ്റർ എതിരില്ലാത്ത കാൽഡസൻ ഗോളുകൾക്ക് വീണിരുന്നു. അതിന്റെ തനിയാവർത്തനം കണ്ട കളിയിൽ പക്ഷേ, ഗോളുകളുടെ എണ്ണം കുറച്ചുവാങ്ങിയെന്നതു മാത്രമാകും ലെസ്റ്ററിന് ആശ്വാസം.
അഞ്ചു വർഷത്തിനിടെ നാലു തവണ ലീഗ് കപ്പിൽ കിരീടമുയർത്തിയ മാഞ്ചസ്റ്റർ സിറ്റി മൂന്നാം ക്വാർട്ടറിൽ ഇന്ന് സതാംപ്ടണെ നേരിടും. അവസാന ക്വാർട്ടറിൽ നോട്ടിങ്ഹാം ഫോറസ്റ്റും വുൾവ്സും തമ്മിലാണ്. ഇത്തവണയും മാഞ്ചസ്റ്റർ സിറ്റി തന്നെയാണ് കിരീട ഫാവറിറ്റുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.