റൊണാൾഡോ വിട്ട മാഞ്ചസ്റ്റർ യുനൈറ്റഡിനെ വിറ്റഴിക്കാൻ ഉടമകൾ

ലണ്ടൻ: പുതിയ പരിശീലകൻ ടെൻ ഹാഗിനു കീഴിൽ തിരിച്ചുവരവിന്റെ വഴിയിലെത്തിയ മാഞ്ചസ്റ്റർ യുനൈറ്റഡ് ക്ലബി​നെ വിൽക്കാൻ ഉടമകളായ ​ഗ്ലേസർ കുടുംബം. വിൽപനയുമായി ബന്ധപ്പെട്ട് സാമ്പത്തിക ഉപദേഷ്ടാക്കളുമായി ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞതായി അമേരിക്കൻ കുടുംബം അറിയിച്ചു. ക്ലബും ഓൾഡ് ട്രാഫോഡ് ഉൾപ്പെടെ അനുബന്ധ നിക്ഷേപങ്ങളും വിൽപനയുടെ പരിധിയിൽ വരും.

തുടർച്ചയായ അഞ്ചു വർഷമായി മുൻനിര കിരീടങ്ങളൊന്നുമില്ലാത്ത ക്ലബിന്റെ ഉടമസ്ഥാവകാശം മാറണമെന്ന് ആരാധകർ മുറവിളി തുടങ്ങിയിട്ട് ഏറെയായി. 2017ൽ യൂറോപ ലീഗും ലീഗ് കപ്പും നേടിയതാണ് അവസാനമായി ടീം മുത്തമിട്ട കിരീടങ്ങൾ. വിജയത്തോളം നയിക്കാൻ തക്ക മാറ്റങ്ങൾ ടീമിൽ ഉണ്ടാകാത്തതാണ് വില്ലനാകുന്നതെന്നായിരുന്നു വിമർശനം.

ക്ലബ് വാങ്ങാൻ താൽപര്യമുള്ളതായി കഴിഞ്ഞ ആഗസ്റ്റിൽ ബ്രിട്ടീഷ് അതിസമ്പന്നനായ ജിം റാഡ്​ക്ലിഫ് വ്യക്തമാക്കിയിരുന്നു. അമേരിക്കൻ ശതകോടീശ്വരനായ എലോൺ മസ്കും താൽപര്യം പ്രകടിപ്പിച്ചു. ചൈന, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലെ അതിസമ്പന്നർ പ്രിമിയർ ലീഗിലെ മുൻനിര ക്ലബുകളെ വാങ്ങുന്നത് തുടരുകയാണ്. വുൾവ്സിനെ ചൈനീസ് കമ്പനി സ്വന്തമാക്കിയതാണ് ഏറ്റവുമൊടുവിലെ കൈമാറ്റം. ഇറ്റാലിയൻ ക്ലബായ ഇന്റർ മിലാൻ വാങ്ങിയതും അടുത്തിടെയാണ്.

ഇതിന്റെ തുടർച്ചയായി യുനൈറ്റഡിന്റെ ഉടമസ്ഥാവകാശവും അമേരിക്കയിൽനിന്ന് ഏഷ്യയിലേക്ക് കടക്കുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

17 വർഷം മുമ്പാണ് ഗ്ലേസർ കുടുംബം യുനൈറ്റഡ് വാങ്ങുന്നത്.​ തോൽവികൾ തുടർക്കഥയാകുമ്പോഴും ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബുകളിലൊന്നാണ് യുനൈറ്റഡ്. എന്നാൽ, പ്രകടനമികവുമായി തിരിച്ചുകയറാനാകാത്തതാണ് ടീം ഉടമകളെ പ്രതിസ്ഥാനത്ത് നിർത്തുന്നത്. 

Tags:    
News Summary - Manchester United owners consider selling club

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.