പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുനൈറ്റഡ് വിടുമെന്ന അഭ്യൂഹം വീണ്ടും സജീവമാകുന്നു. യുനൈറ്റഡിന് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനാകാതെ വന്നതോടെയാണ് താരം ക്ലബ് വിടാൻ താൽപര്യം പ്രകടിപ്പിച്ചത്.
എന്നാൽ, ട്രാൻസ്ഫർ ജാലകം അടയുന്നതിനു മുമ്പ് താരത്തെ സ്വന്തമാക്കാനായി ക്ലബുളൊന്നും മുന്നോട്ടുവന്നില്ല. എല്ലാ വഴികളും അടഞ്ഞതോടെയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിന്‍റെ പുതിയ സീസണിൽ യുനൈറ്റഡിനൊപ്പം കളിത്തിലറങ്ങാൻ താരം ഒടുവിൽ നിർബന്ധിതനായത്. എന്നാൽ, സീസണിലെ ആദ്യ രണ്ടു മത്സരങ്ങളും തോറ്റ് യുനൈറ്റഡ് പോയിന്‍റ് പട്ടികയിൽ ഏറ്റവും പിന്നിലാണ്.
വർഷങ്ങൾക്കിടെയാണ് യുനൈറ്റഡ് ഏറ്റവും പിന്നിലാകുന്നത്. ഇതിനിടെയാണ് താരം പഴയ തട്ടകത്തിലേക്ക് തന്നെ മടങ്ങുമെന്ന വാർത്തകൾ പുറത്തുവരുന്നത്. പോർച്ചുഗീസ് ക്ലബ് സ്പോർട്ടിങ് ലിസ്ബൺ 37കാരനെ ക്ലബിലെത്തിക്കുന്നതിനുള്ള നടപടികൾ സജീവമാക്കിയിട്ടുണ്ട്. ക്രിസ്റ്റ്യാനോ തന്‍റെ ഫുട്ബാൾ കരിയർ ആരംഭിക്കുന്നത് സ്പോർട്ടിങ് ലിസ്ബണിലൂടെയാണ്.
ഇവിടെ നിന്നാണ് 2003ൽ യുനൈറ്റഡിലേക്ക് ചേക്കേറുന്നത്. അഞ്ച് തവണ ബാലൺ ഡി ഓർ പുരസ്കാരം നേടിയ താരത്തിന് ചാമ്പ്യൻസ് ലീഗ് കളിക്കാനുള്ള അതിയായ മോഹം കാരണം ഈ വേനൽക്കാലത്ത് തന്നെ ഓൾഡ് ട്രാഫോർഡ് വിടാൻ ആഗ്രഹിക്കുന്നുവെന്നാണ് റിപ്പോർട്ട്. റൊണാൾഡോയെ തന്റെ ആദ്യ ക്ലബിലേക്ക് മടക്കികൊണ്ടുവരുന്നതിന് സ്പോർട്ടിങ് ഡയറക്ടർ ഹ്യൂഗോ വിയാന സജീവമായി ഇടപെടുന്നുണ്ട്.
കരാർ നടപടികൾ പൂർത്തീകരിക്കുന്നത് സങ്കീർണമായ ഒന്നാണെന്ന് പോർച്ചുഗീസ് ക്ലബ് തന്നെ തിരിച്ചറിയുന്നതായി ഫൂട്ട് മെർക്കാറ്റോ ജേണലിസ്റ്റ് സാന്റി ഔന റിപ്പോർട്ട് ചെയ്തു. ഈ സീസണിൽ യൂറോപ്പിലെ സ്വപ്ന കിരീടം സ്‌പോർട്ടിങ് സ്വന്തമാക്കാനുള്ള സാധ്യത വളരെ വിരളമാണ്. കഴിഞ്ഞ സീസണിൽ ലീഗിൽ രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്താണ് ക്ലബ് ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയത്.
മാഞ്ചസ്റ്റർ യുനൈറ്റഡിൽ ക്രിസ്റ്റ്യാനോക്ക് ഒരു വർഷം കൂടി കരാർ കലാവധിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.