മാഞ്ചസ്റ്റർ: സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോഡിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന് ദു:സ്വപ്നം പോലൊരു രാവ് നൽകി ലിവർപൂൾ. വമ്പൻ പോരിൽ യുനൈറ്റഡിനെ ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്കാണ് യുർഗൻ ക്ലോപ്പും സംഘവും തകർത്തത്. ഹാട്രിക്കുമായി മുഹമ്മദ് സലാഹ് കളം നിറഞ്ഞപ്പോൾ നബി കെയ്റ്റ, ഡീഗോ ജോട്ട എന്നിവർ ഓരോ ഗോൾ വീതം സ്കോർ ചെയ്തു.
മത്സരത്തിന്‍റെ അഞ്ചാം മിനിറ്റിൽ തന്നെ നബി കീറ്റയിലൂടെ ലിവർപൂൾ മുന്നിലെത്തി. നിലയുറപ്പിക്കും മുേമ്പ 13ാം മിനിറ്റിൽ യുനൈറ്റഡിന് ഡിയഗോ ജോട്ട രണ്ടാം ഷോക്കും നൽകി. തുടർന്ന് സലാഹിന്‍റെ കൊടിയേറ്റമായിരുന്നു. 38,45,50 മിനിറ്റുകളിൽ നേടിയ ഗോളിലൂടെ സലാഹ് ലീഗിലെ ഉജ്ജ്വല ഫോം തുടർന്നു. ഇടക്ക് റൊണാൾഡോയിലൂടെ യുനൈറ്റഡ് സ്കോർ ചെയ്തെങ്കിലും വാർ പരിശോധനയിൽ ഗോളല്ലെന്ന് തെളിഞ്ഞു. 60 ാം മിനിറ്റിൽ പോൾ പോഗ്ബ ചുവപ്പുകാർഡ കണ്ട് പുറത്തായതോടെ യുനൈറ്റഡ് കൂടുതൽ ദുർബലമായെങ്കിലും ലിവർപൂളിന് സ്കോർ ചെയ്യാൻ കഴിഞ്ഞില്ല. മത്സരത്തിന്‍റെ 64 ശതമാനവും പന്ത് കൈവശം വെച്ച ലിവർപൂൾ മത്സരം ഏകപക്ഷീയമായി ജയിച്ചുകയറുകയായിരുന്നു.
ഇതോടെ ഒമ്പതു കളികളിൽ 21 പോയൻറുമായി ലിവർപൂൾ രണ്ടാം സ്ഥാനത്താണ്. ചെൽസിയാണ് (22) മുന്നിൽ. 14 പോയൻറുള്ള യുനൈറ്റഡ് ഏഴാം സ്ഥാനത്താണ്. ലെസ്റ്റർ സിറ്റി 2-1ന് ബ്രെൻഡ്ഫോഡിനെയും വെസ്റ്റ്ഹാം 1-0ത്തിന് ടോട്ടൻഹാമിനെയും തോൽപിച്ചു. മാഞ്ചസ്റ്റർ സിറ്റി 4-1ന് ബ്രൈറ്റണിനെ തകർത്തിരുന്നു.
20 പോയൻറുള്ള സിറ്റി മൂന്നാമതാണ്. ഫിൽ ഫോഡെൻറ ഇരട്ട ഗോളുകളും ഇൽകായ് ഗുൻഡോഗൻ, റിയാദ് മെഹ്റസ് എന്നിവരുടെ ഗോളുകളുമാണ് സിറ്റിക്ക് ജയം സമ്മാനിച്ചത്. അലക്സിസ് മക്അലിസ്റ്ററാണ് ബ്രൈറ്റണിെൻറ ഗോൾ സ്കോർ ചെയ്തത്. വാറ്റ്ഫോഡ് 5-2ന് എവർട്ടണിനെ കീഴടക്കി. സതാംപ്ടൺ-ബേൺലി (2-2), ലീഡ്സ് യുനൈറ്റഡ്-വോൾവ്സ് (1-1), ക്രിസ്റ്റൽപാലസ്-ന്യൂകാസിൽ യുനൈറ്റഡ് (1-1) കളികൾ സമനിലയിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.