ഐ.എസ്.എൽ പുതിയ സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് ആരാധകക്കൂട്ടമായ ‘മഞ്ഞപ്പട’ പ്രസ്താവന പുറത്തിറക്കി. ഐ.എസ്.എൽ സെപ്റ്റംബർ 13ന് ആരംഭിക്കാനിരിക്കെ മധ്യനിരയിൽ ജിക്സണു പകരം താരത്തെ എത്തിക്കാനോ ദിമിക്ക് പകരം സ്ട്രൈക്കറെ എത്തിക്കാനോ ബ്ലാസ്റ്റേഴ്സിനായില്ല. അടിസ്ഥാന സൗകര്യങ്ങൾ, കളിക്കാരുടെ സൈനിങ് എന്നിവയിലൊന്നും വ്യക്തത വന്നിട്ടില്ല. പുതിയ സീസണിനായുള്ള ടീമിന്‍റെ തയാറെടുപ്പിനെ കുറിച്ച് ആശങ്ക പ്രടിപ്പിച്ചാണ് മഞ്ഞപ്പട പ്രസ്താവന പുറത്തിറക്കിയത്.
കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്,
ഒരു പതിറ്റാണ്ടായി മഞ്ഞപ്പട ഈ ക്ലബിന്റെ ഹൃദയസ്പന്ദനമായി നിലകൊള്ളുന്നു. ഓരോ വിജയത്തിലൂടെയും, ഓരോ പരാജയങ്ങളിലൂടെയും, ഹൃദയസ്പർശിയായ ഓരോ നിമിഷങ്ങളിലൂടെയും, ചുട്ടുപൊള്ളുന്ന വെയിലിനും കോരിച്ചൊരിയുന്ന മഴയ്ക്കും കീഴിൽ ഞങ്ങൾ നിങ്ങളോടൊപ്പം സഞ്ചരിച്ചു, ഒരു ദിവസം ഞങ്ങൾ അഭിമാനത്തോടെ കിരീടം ഉയർത്തും.
എന്നാൽ ഇപ്പോൾ ഞങ്ങളുടെ ഹൃദയത്തിന് ഭാരമേറിയിരിക്കുന്നു. സീസൺ അടുക്കുമ്പോൾ, അടിസ്ഥാന സൗകര്യങ്ങൾ, സൈനിങ്, ഡിപാർച്ചർ തുടങ്ങിയ നിർണായക പ്രശ്‌നങ്ങളെ ചുറ്റിപ്പറ്റിയുള്ള അവ്യക്തതയും നിശബ്ദതയും ഞങ്ങളെ ഏറെ നിരാശരാക്കുന്നു. സീസൺ ആരംഭിക്കുന്നതിന് പരിമിതമായ സമയം മാത്രം ബാക്കിയുള്ളതിനാൽ, പ്രശ്നങ്ങൾ വേഗത്തിലും ഫലപ്രദമായും അഭിസംബോധന ചെയ്യേണ്ടത് പ്രധാനമാണ്. മികച്ച രീതിയിൽ ടീമിനെ സജ്ജമാക്കാനും പ്രകടനം നടത്താനും ശരിയായ സാഹചര്യവും നേതൃത്വവും ആവശ്യമാണ്. പൂർണമായി തയാറെടുത്ത് വിജയം ലക്ഷ്യമിട്ട് സീസണിലേക്ക് പ്രവേശിക്കുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട്, ആരാധകർക്ക് മറുപടി നൽകാൻ ഞങ്ങൾ ക്ലബിനോട് അഭ്യർഥിക്കുന്നു.
മഞ്ഞപ്പട വെറുമൊരു ആരാധകസംഘമല്ല; ഞങ്ങൾ ഒരു കുടുംബമാണ്. ഈ ക്ലബ്ബിന് വേണ്ടിയാണ് ഞങ്ങളുടെ ഓരോ ശ്വാസവും. എന്നിരുന്നാലും, നമ്മൾ പോകുന്ന ദിശയെ പലരും ചോദ്യം ചെയ്യുന്നതായി കാണുന്നു. നീണ്ട പത്ത് വർഷങ്ങൾ നമ്മുടെ ടീമിന്റെ വിജയത്തിനായി കാത്തിരുന്നു. ഇനിയും നമ്മുടെ ക്ഷമയും വിശ്വസ്തതയും നിലനിൽക്കും. ഫുട്ബോൾ ഞങ്ങൾക്ക് കേവലം കളി മാത്രമല്ല; ഇതാണ് ഞങ്ങളുടെ സ്വത്വം. അഭിമാനത്തോടെയും അഭിനിവേശത്തോടെയും ഇത് ‘എന്റെ ക്ലബ്’ എന്ന് ഞങ്ങൾ എപ്പോഴും പറയാറുണ്ട്, എന്നാൽ ക്ലബിന്റെ പ്രവർത്തനങ്ങളിലൂടെ ആ അഭിമാനം നിലനിർത്തുകയും വേണം. വാക്കുകളിലൂടെ മാത്രമല്ല, വ്യക്തവും നിർണായകവുമായ പ്രവർത്തനങ്ങളിലൂടെ മുന്നേറാൻ ഞങ്ങൾ മാനേജ്മെന്റിനോട് അഭ്യർഥിക്കുന്നു. ഇത് യഥാർത്ഥത്തിൽ ‘ഞങ്ങളുടെ ക്ലബ്’ ആണെന്ന് തോന്നണം. ഞങ്ങൾ ക്ലബിനായി പോരാടുന്നതുപോലെ തന്നെ ആരാധകരെ ശ്രദ്ധിക്കേണ്ടത് ക്ലബിനും പ്രധാനമാണ്.
മഞ്ഞ ജഴ്‌സിയണിഞ്ഞ ഓരോ കളിക്കാരനും, ബ്ലാസ്റ്റേഴ്സിന്റെ ഓരോ ഒഫിഷ്യലും മഞ്ഞപ്പട നിങ്ങളോടൊപ്പം നിൽക്കുന്നുണ്ടെന്ന് ഓർക്കുക. എന്നാൽ ഞങ്ങളോടൊപ്പം നിൽക്കാൻ ഞങ്ങൾ നിങ്ങളോട് എന്നത്തേക്കാളും ശക്തമായി ആവശ്യപ്പെടുന്നു. നമുക്ക് ഐക്യത്തിന്റെയും അഭിലാഷത്തിന്റെയും വിജയത്തിന്റെയും ക്ലബാകാം. മുന്നോട്ടുള്ള പാത ദൈർഘ്യമേറിയതായിരിക്കാം, പക്ഷേ വ്യക്തതയോടെയും ലക്ഷ്യത്തോടെയും പരസ്പര ബഹുമാനത്തോടെയും ഒരുമിച്ച് നടന്നാൽ വിജയ കൊടുമുടിയിലെത്തുന്നതിൽനിന്ന് നമ്മെ തടയാൻ യാതൊന്നിനും കഴിയില്ല.
മഞ്ഞപ്പട
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.