ബ്യൂണസ് അയേഴ്സ്: അർജൻറീനയുടെ ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണയുടെ അവസാന നാളുകളിൽ മതിയായ ചികിത്സ നൽകിയില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിൻെറ സ്വകാര്യ ഡോക്ടറെയും മറ്റു ആറ് പേരെയും തിങ്കളാഴ്ച ചോദ്യം ചെയ്യൽ ആരംഭിക്കും.
താരത്തിന് മതിയായ പരിചരണം ലഭിച്ചില്ലെന്ന് മരണം അന്വേഷിക്കുന്ന വിദഗ്ധ സമിതി കണ്ടെത്തിയിരുന്നു. ഇതിൻെറ അടിസ്ഥാനത്തിൽ ഏഴുപേർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്. മറഡോണയുടെ സ്വകാര്യ ഡോക്ടറും ന്യൂറോസർജനുമായ ലിയോ പോൾഡോ ലൂക്വി, ഫിസിയാട്രിസ്റ്റ് അഗസ്റ്റിന കൊസകോവ്, സൈക്കോളജിസ്റ്റ് കാർലോസ് ഡയസ് തുടങ്ങിയവർക്കെതിരെയാണ് കേസ്.
കഴിഞ്ഞവർഷം നവംബറിലായിരുന്നു മറഡോണയുടെ മരണം. രക്തം കട്ടപിടിച്ചതിനെ തുടർന്ന് മസ്തിഷ്ക ശസ്ത്രക്രിയക്ക് വിധേയനായ താരം ദിവസങ്ങൾക്കകം ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു.
ന്യൂറോ സർജൻ ലിയോപോൾഡോ ലൂക്കിനെതിരെ മറഡോണയുടെ രണ്ട് മക്കൾ നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ശസ്ത്രക്രിയക്കുശേഷം പിതാവിൻെറ നില വഷളായതായി അവർ ആരോപിച്ചിരുന്നു.
അന്വേഷണത്തിന് നിയമിച്ച മെഡിക്കൽ ബോർഡിെൻറ റിപ്പോർട്ടിൽ ചികിത്സയിലെ പിഴവുകൾ ചൂണ്ടിക്കാട്ടിയിരുന്നു. അവസാന 12 മണിക്കൂറിൽ വേണ്ടത്ര ചികിത്സ ലഭിച്ചില്ലെന്നും ജീവൻരക്ഷാ പ്രവർത്തനങ്ങൾ നടത്താതെ മരണത്തിനു വിട്ടുനൽകിയെന്നുമായിരുന്നു റിപ്പോർട്ടിലെ പരാമർശങ്ങൾ.
മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് നേരത്തെ ന്യൂറോ സർജനെ കസ്റ്റഡിയിലെടുക്കുകയും അദ്ദേഹത്തിൻെറ ഓഫിസിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാൽ, അദ്ദേഹത്തിന് വേണ്ടി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തുവെന്നായിരുന്നു ഡോക്ടറുടെ വിശദീകരണം.
'അമിത മദ്യാസക്തിയുടെയും ലഹരിയുടെയും ബുദ്ധിമുട്ടുകളും വിഷാദവും ഡീഗോയെ അലട്ടിയിരുന്നു. അതിൽനിന്ന് മോചനം നൽകാനുള്ള ശ്രമത്തിലായിരുന്നു ഞങ്ങൾ. ശസ്ത്രക്രിയക്കുശേഷം വീട്ടിലേക്ക് മടങ്ങാൻ അദ്ദേഹത്തിനായിരുന്നു നിർബന്ധം. അതുകൊണ്ടാണ് വീടിനു സമീപത്തായി പ്രത്യേക പരിചരണമൊരുക്കിയത്. ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നു. അപകടസാധ്യത കുറക്കാനുള്ളതെല്ലാം ചെയ്തു' -ഡോക്ടർ പറഞ്ഞു.
തലയിലെ ശസ്ത്രക്രിയ ആയിരുന്നില്ല മരണകാരണം. വിദഗ്ധരായ ആറ് ഡോക്ടർമാരാണ് ഡീഗോയെ പരിശോധിച്ചത്. ഏറ്റവും മികച്ച ചികിത്സയും പരിചരണവും ആശുപത്രി വിട്ട ശേഷം ഒരുക്കിയിരുന്നു. ആശുപത്രിയായിതന്നെ റീഹാബ് സെൻറർ ഒരുക്കി. ഡീഗോക്കായി ഏറ്റവും നന്നായിതന്നെ ജോലിചെയ്തുവെന്നും ഡോക്ടർ വ്യക്തമാക്കിയിരുന്നു.
എന്നാൽ, വിദഗ്ധ സംഘത്തിൻെറ അന്വേഷണത്തിൽ മതിയായ പരിചരം ലഭിച്ചില്ലെന്ന് മനസ്സിലാക്കുകയും ഇവർക്കെതിരെ കേസെടുക്കുകയുമായിരുന്നു. എട്ട് മുതൽ 25 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവർക്കുമേൽ ചുമത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.