പാരിസ്: ഫ്രഞ്ച് ലീഗ് ജേതാക്കളായ പി.എസ്.ജിയുടെ കോച്ചായി മുൻ താരം കൂടിയായ മൗറീസിയോ പെച്ചെട്ടിനോ നിയമിതനായി. മാനേജ്മെന്റുമായി ഉടക്കിയതിനെത്തുടർന്ന് പുറത്തായ തോമസ് ടക്കലിന്‍റെ പകരക്കാരനായാണ് പോച്ചട്ടീനോ പാരിസിലെത്തുന്നത്.
2022 ജൂൺ 30 വരെവയാണ് അർജന്‍റീനക്കാരന്‍റെ കരാർ. കരാർ ഒരു വർഷം നീട്ടാമെന്നും വ്യവസ്ഥയുണ്ട്. 2001-2003 കാലഘട്ടത്തിൽ ക്ലബിന്‍റെ സെന്‍റർ ബാക്കും നായകനുമായിരുന്ന 48കാരൻ 95 മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകൾ നേടിയിട്ടുണ്ട്.
അർജന്‍റീനയിലെ നെൽസ് ബ്ലൂസിൽ നിന്ന് സ്പാനിഷ് ക്ലബായ എസ്പാന്യോളിലൂടെയാണ് അദ്ദേഹം യൂറോപ്പിലെത്തിയത്. 20 തവണ അർജന്‍റീന കുപ്പായമണിഞ്ഞ പൊച്ചട്ടീനോ രണ്ട് ഗോളുകൾ നേടിയിരുന്നു.
വിരമിച്ച ശേഷം എസ്പാന്യോളിനെ പരിശീലിപ്പിച്ചാണ് കോച്ചിങ് കരിയറിന് തുടക്കമിട്ടത്. 2009 മുതൽ 2012 വരെ സ്പെയിനിൽ ചെലവിട്ട ശേഷം ഇംഗ്ലണ്ടിലെത്തി. 2013-2014 സീസണിൽ സതാംപ്ടണിനെ പരിശീലിപ്പിച്ച ശേഷം ടോട്ടൻഹാം ഹോട്സ്പറിലെത്തി.
ടോട്ടൻഹാമിൽ ലോകോത്തര താരങ്ങളെ പരിശീലിപ്പിക്കാൻ അവസരം ലഭിച്ച അദ്ദേഹം തന്‍റെ ശരിക്കുമുള്ള കഴിവ് പുറത്തെടുത്തു. 2018-19 സീസണിൽ ടീമിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തിച്ച പൊച്ചട്ടീനോ ചരിത്രം രചിച്ചു.
ഡിസംബർ അവസാന വാരമാണ് ടക്കലിനെ പി.എസ്.ജി പുറത്താക്കിയത്. ഈ സീസണിൽ ചാമ്പ്യസ് ലീഗിൽ ടീമിനെ നോകൗട്ടിലെത്തിച്ചെങ്കിലും മാേനജ്മെന്റുമായുണ്ടായിരുന്ന സ്വരച്ഛേർച്ചയില്ലായ്മയാണ് വിനയായത്. 2018ലാണ് പി.എസ്.ജി ടുക്കെലിനെ പരിശീലകനായി നിയമിക്കുന്നത്. ക്ലബ്ബിനെ ആദ്യമായി ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിച്ച പരിശീലകനെന്ന നേട്ടം ടക്കലിനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.