സൂപ്പർതാരങ്ങളായ ലയണൽ മെസ്സിയും കിലിയൻ എംബാപ്പെയും വലകുലുക്കിയ മത്സരത്തിൽ പോയന്‍റ് പട്ടികയിൽ രണ്ടാമതുള്ള ലെൻസിനെതിരെ നിർണായക ജയം സ്വന്തമാക്കി പി.എസ്.ജി. 3-1 എന്ന സ്കോറിനാണ് പി.എസ്.ജിയുടെ ജയം. ഇതോടെ ഒന്നാമതുള്ള പി.എസ്.ജിക്ക് ഒമ്പത് പോയന്‍റ് ലീഡായി.
മത്സരത്തിന്‍റെ 31ാം മിനിറ്റിൽ എംബാപ്പെയാണ് പി.എസ്.ജിക്കായി ആദ്യം വലകുലുക്കിയത്. 37ാം മിനിറ്റിൽ വിറ്റീനയും 40ാം മിനിറ്റിൽ മെസ്സിയും ലീഡ് ഉയർത്തി. 60ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഫ്രാങ്കോവ്‌സ്‌കി ലെന്‍സിന്റെ ആശ്വാസ ഗോള്‍ നേടി. മത്സരത്തിന്‍റെ 19ാം മിനിറ്റില്‍ ലെന്‍സിന്റെ മധ്യനിര താരം സാലിസ് അബ്‌സുല്‍ സമദ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് ടീമിന് തിരിച്ചടിയായി.
ഗോൾ നേട്ടത്തോടെ ലീഗ് വണ്ണില്‍ ഫ്രഞ്ച് വമ്പന്മാരായ പി.എസ്.ജിയുടെ എക്കാലത്തെയും ടോപ് സ്‌കോററായി എംബാപ്പെ മാറി. ക്ലബിനായി എംബാപ്പെയുടെ 139ാമത്തെ ഗോളാണിത്. യുറുഗ്വായ് താരമായ എഡിന്‍സണ്‍ കവാനിയുടെ 138 ഗോളുകള്‍ എന്ന റെക്കോഡാണ് എംബാപ്പെ മറികടന്നത്. പി.എസ്.ജിക്കായി എല്ലാ ചാമ്പ്യൻഷിപ്പുകളിലുമായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന റെക്കോര്‍ഡ് കഴിഞ്ഞ മാര്‍ച്ചില്‍ എംബാപ്പെ സ്വന്തമാക്കിയിരുന്നു.
അന്നും കവാനിയെ തന്നെയാണ് താരം മറികടന്നത്. 203 ഗോളുകളാണ് എംബാപ്പെ ക്ലബിനായി ഇതുവരെ നേടിയത്. നിലവിൽ 31 മത്സരങ്ങളിൽനിന്നായി 72 പോയന്‍റാണ് പി.എസ്.ജിക്ക്. ഇത്രയും മത്സരങ്ങളിൽനിന്ന് ലെൻസിന് 63 പോയന്‍റും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.