മഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ പി.എസ്.ജിയോട് തോറ്റ് ബാഴ്സലോണ പുറത്ത്. ക്വാർട്ടർ ഫൈനൽ രണ്ടാംപാദ മത്സരത്തിൽ 4-1ന് തോൽവിയേറ്റുവാങ്ങിയാണ്, അഞ്ച് തവണ ചാമ്പ്യന്മാരായ ബാഴ്സ പുറത്തായത്. ആദ്യ പാദത്തിൽ ബാഴ്സ 3-2ന് വിജയിച്ചിരുന്നു. ഇന്നലെ പി.എസ്.ജി വിജയിച്ചതോടെ അന്തിമഫലം പി.എസ്.ജി 6- ബാഴ്സലോണ 4 എന്ന നിലയിലാവുകയായിരുന്നു.
രണ്ട് ഗോൾ നേടിയ സൂപ്പർ താരം കിലിയൻ എംബാപ്പെയാണ് ഇന്നലത്തെ പി.എസ്.ജിയുടെ വിജയശിൽപി. ആദ്യ പകുതിയുടെ 40ാം മിനിറ്റ് വരെ മുന്നിട്ടുനിന്ന ശേഷമായിരുന്നു ബാഴ്സയുടെ പരാജയം. 12ാം മിനിറ്റിൽ റാഫീഞ്ഞയാണ് ബാഴ്സക്ക് വേണ്ടി ഗോൾ നേടിയത്. 29ാം മിനിറ്റിൽ റൊണാൾഡ് അറൗജോ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ബാഴ്സക്ക് കനത്ത തിരിച്ചടിയായി. 40ാം മിനിറ്റിൽ ഉസ്മാൻ ഡെംബലെ പി.എസ്.ജിക്കായി ഗോൾ നേടി. സ്കോർ 1-1.
59ാം മിനിറ്റിൽ പി.എസ്.ജിക്കായി വിറ്റിഞ്ഞോയുടെ ഗോൾ പിറന്നു. സ്കോർ 2-1ന് പി.എസ്.ജി മുന്നിൽ. ഇരുപാദങ്ങളിലുമായുള്ള സ്കോർ 4-4 എന്ന നിലയിൽ സമനിലയിലായി. 61ാം മിനിറ്റിലായിരുന്നു പി.എസ്.ജിയെ മുന്നിലെത്തിച്ച എംബാപ്പെയുടെ പെനാൽറ്റി ഗോൾ. ഡെംബലെയെ ജോവോ കാൻസെലോ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി എംബാപ്പെ ഗോളാക്കി മാറ്റി. ഇതോടെ രണ്ടാം പാദ സ്കോർ 3-1 എന്ന നിലയിലും ആകെ സ്കോർ 5-4 എന്ന നിലയിലും പി.എസ്.ജി മുന്നിലെത്തി.
89ാം മിനിറ്റിൽ തന്‍റെ രണ്ടാംഗോൾ നേടിക്കൊണ്ട് എംബാപ്പെ വിജയമാർജിൻ ഉയർത്തി. സ്കോർ 4-1. ഇരുപാദങ്ങളിലുമായി 6-4ന് പി.എസ്.ജിക്ക് ജയം. ബാഴ്സലോണ സെമി കാണാതെ പുറത്ത്.
ബൊറൂസിയ ഡോർട്മുണ്ടാണ് സെമി ഫൈനലിൽ പി.എസ്.ജിയുടെ എതിരാളികൾ. ആദ്യ പാദ മത്സരം ഏപ്രിൽ 30നും രണ്ടാം പാദം മേയ് ഏഴിനും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.