പാരിസ്: സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ ഇരട്ട ഗോളുകളുടെ മികവിൽ പി.എസ്.ജിക്ക് വമ്പൻ ജയം. ഫ്രഞ്ച് ലീഗിൽ ലിയോണിനെ ഒന്നിനെതിരെ നാല് ഗോളിനാണ് നിലവിലെ ചാമ്പ്യന്മാർ തകർത്തുവിട്ടത്. അഷ്റഫ് ഹക്കീമിയും മാർകോ അസൻസിയോയുമാണ് ശേഷിക്കുന്ന ഗോളുകൾ നേടിയത്.
ആദ്യ പകുതിയിലായിരുന്നു പി.എസ്.ജിയുടെ നാല് ഗോളുകളും പിറന്നത്. നാലാം മിനിറ്റിൽ കോറെന്റിൻ ടൊളിസൊ മാനുവൽ യുഗാർട്ടെയെ മാരകമായി ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് എംബാപ്പെയാണ് ഗോൾ വേട്ട തുടങ്ങിയത്. 20ാം മിനിറ്റിൽ ഒസ്മാനെ ഡെംബലെയുമായി ചേർന്ന് നടത്തിയ നീക്കത്തിനൊടുവിൽ അഷ്റഫ് ഹക്കീമി ലീഡ് ഇരട്ടിപ്പിച്ചു. 38ാം മിനിറ്റിൽ മാർകോ അസൻസിയോയും ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ എംബാപ്പെയും ലക്ഷ്യം കണ്ടതോടെ 1966ന് ശേഷം ആദ്യമായി ലിയോൺ ഒന്നാം പകുതിയിൽ നാല് ഗോൾ ലീഡ് വഴങ്ങിയെന്ന നാണക്കേടിലെത്തി. എന്നാൽ, രണ്ടാം പകുതിയിൽ പിടിച്ചുനിൽക്കുകയും 74ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ടൊളിസോ ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തതോടെ ലിയോൺ വൻ നാണക്കേടിൽനിന്ന് രക്ഷപ്പെട്ടു.
നാല് മത്സരത്തിൽ എട്ട് പോയന്റുമായി പി.എസ്.ജി ലീഗിൽ രണ്ടാം സ്ഥാനത്താണ്. 10 പോയന്റുള്ള മൊണാക്കൊയാണ് ഒന്നാമത്. നാല് മത്സരത്തിൽ ഒരു പോയന്റ് മാത്രമുള്ള ലിയോൺ അവസാന സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.