പാരിസ്: ഫ്രഞ്ച് ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജിയെ സമനിലയിൽ തളച്ച് ലില്ലെ. സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ പെനാൽറ്റി ഗോളിൽ മുന്നിലെത്തിയ പി.എസ്.ജിയെ ഇഞ്ചുറി സമയത്തിന്റെ നാലാം മിനിറ്റിലെ ഗോളിൽ ലില്ലെ പിടിച്ചുകെട്ടുകയായിരുന്നു. ഇതോടെ പി.എസ്.ജിയുടെ ലീഗിലെ തുടർച്ചയായ ഒമ്പതാം ജയമെന്ന സ്വപ്നമാണ് വീണുടഞ്ഞത്.
ഗോൾരഹിതമായ ഒന്നാം പകുതിക്ക് ശേഷം ലൂകാസ് ഹെർണാണ്ടസിനെ ബഫോഡ് ഡയാകൈറ്റ് ഫൗൾ ചെയ്തതിന് പി.എസ്.ജിക്ക് അനുകൂലമായി 66ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി എംബാപ്പെ പിഴവില്ലാതെ വലയിലെത്തിച്ചു. താരത്തിന്റെ ലീഗിലെ 16ാം ഗോളായിരുന്നു ഇത്. വൈകാതെ യൂസുഫ് യസീകി ലില്ലെയെ ഒപ്പമെത്തിച്ചെന്ന് തോന്നിച്ചെങ്കിലും താരത്തിന്റെ ഷോട്ട് മാർക്വിഞ്ഞോസ് തടഞ്ഞിട്ടത് പി.എസ്.ജിക്ക് രക്ഷയായി. പി.എസ്.ജി ജയം ഉറപ്പിച്ചിരിക്കെ അവസാന ഘട്ടത്തിൽ പകരക്കാരനായെത്തിയ ജൊനാതൻ ഡേവിഡ് ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിൽ ഗോൾ തിരിച്ചടിക്കുകയായിരുന്നു.
മറ്റു മത്സരങ്ങളിൽ ബ്രെസ്റ്റ് 2-0ത്തിന് നാന്റെസിനെയും മാഴ്സലെ 2-1ന് െക്ലർമോണ്ടിനെയും മോണ്ട്പെല്ലിയർ 1-0ത്തിന് മെറ്റ്സിനെയും തോൽപിച്ചപ്പോൾ റെന്നെസ്-ടൊളൂസ് മത്സരം ഗോൾരഹിതമായി അവസാനിച്ചു. ലീഗിൽ 16 മത്സരങ്ങളിൽ 37 പോയന്റുമായി പി.എസ്.ജി തന്നെയാണ് മുന്നിൽ. പത്താം കിരീടം ലക്ഷ്യമിടുന്ന അവർക്ക് പിറകിൽ രണ്ടാമതുള്ള നീസിന് 32ഉം മൂന്നാമതുള്ള മൊണാകൊക്ക് 30ഉം പോയന്റാണുള്ളത്. 28 പോയന്റുള്ള ലില്ലെ നാലാമതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.