റിയാദ്: പാരിസ് സെന്റ് ജെർമെയ്നിൽ (പി.എസ്.ജി) മെസ്സിക്കൊപ്പമുണ്ടായ ദുരനുഭവങ്ങൾ പങ്കുവെച്ച് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ. തനിക്കും മെസ്സിക്കും പി.എസ്.ജിയിൽ നല്ല കാലം ആയിരുന്നില്ലെന്നും ക്ലബില്‍ നരകതുല്യമായിരുന്നു കാര്യങ്ങളെന്നും സൗദിയിലെ അല്‍ ഹിലാലിലെത്തിയ നെയ്മർ ‘ഗ്ലോബോ എസ്പോർട്ടെ’ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. ചാമ്പ്യൻസ് ലീഗിൽ മുന്നേറാൻ സാധിക്കാത്തതിനെ തുടർന്ന് മെസ്സിക്കും നെയ്മറിനും ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എംബാപ്പെയുമായുള്ള നെയ്മറിന്റെ പ്രശ്നങ്ങളും വിവാദങ്ങൾക്കിടയാക്കിയിരുന്നു.
“പാരിസിൽ നരകത്തിലാണ് ഞങ്ങൾ ജീവിച്ചത്. ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനും ചരിത്രം സൃഷ്ടിക്കാനുമാണ് ഞാനും മെസ്സിയും വീണ്ടും ഒരുമിച്ച് ഇറങ്ങിത്തിരിച്ചത്. നിർഭാഗ്യവശാൽ, ഞങ്ങൾക്കത് കഴിഞ്ഞില്ല. അർജന്റീനക്കൊപ്പം മെസ്സി സ്വർഗത്തിലായിരുന്നു. ഞാൻ അവനെക്കുറിച്ച് വളരെ സന്തോഷവാനുമായിരുന്നു. പക്ഷെ, പാരിസിൽ അവൻ ജീവിച്ചത് നരകത്തിലാണ്. എന്റെ അഭിപ്രായത്തിൽ, പാരിസിൽ അദ്ദേഹം തെറ്റായാണ് വിലയിരുത്തപ്പെട്ടത്. ഫുട്ബാളിന്റെ കാര്യത്തിൽ, അവൻ അത് അർഹിച്ചിരുന്നില്ല’’, നെയ്മർ പറഞ്ഞു.
അൽ ഹിലാലിൽ എത്തിയ നെയ്മർ തന്റെ മുൻ ക്ലബ് സാന്റോസിൽ തിരിച്ചെത്താനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു. അത് എപ്പോഴാണെന്ന് എനിക്കറിയില്ലെന്നും എന്നാൽ, തീർച്ചയായും അങ്ങോട്ട് മടങ്ങുമെന്നും താരം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.