ബാഴ്സലോണ: ബലാത്സംഗ കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന ബാഴ്സലോണയുടെ മുൻ ബ്രസീലിയൻ താരം ഡാനി ആൽവെസിന് ജയിലിൽനിന്ന് പുറത്തിറങ്ങാൻ 1.1 ദശലക്ഷം യു.എസ് ഡോളർ കോടതിയിൽ കെട്ടിവെച്ചത് ബാഴ്സലോണയിലെ മുൻ സഹതാരമായ ഡച്ചുകാരൻ മെംഫിസ് ഡിപേയെന്ന് റിപ്പോർട്ട്. 2021-22 സീസണിൽ ബാഴ്സയിൽ 12 മത്സരങ്ങളിലാണ് ഇരുവരും ഒന്നിച്ചിറങ്ങിയിരുന്നത്. ജാമ്യത്തുക കണ്ടെത്താനുള്ള വഴികൾ തേടുകയായിരുന്നു ആൽവസ്. തന്റെ സ്വത്തുക്കളിൽ ചിലത് വിൽക്കുന്നത് അദ്ദേഹം പരിഗണിക്കുന്നതായും റിപ്പോർട്ടുണ്ടായിരുന്നു.
സ്പാനിഷ്, ബ്രസീലിയൻ പാസ്‌പോർട്ടുകൾ കൈമാറുക, സ്‌പെയിനിൽ തുടരുക, ആഴ്ചയിൽ കോടതിയിൽ ഹാജരാവുക തുടങ്ങിയ നിബന്ധനകളോടെയാണ് ആൽവെസിന് കോടതി ജാമ്യം അനുവദിച്ചിരുന്നത്.
ബാഴ്സലോണയിലെ നിശാ ക്ലബിൽ യുവതിയെ ബലാത്സംഗത്തിനിരയാക്കിയെന്ന കേസിൽ നാലര വർഷത്തെ തടവുശിക്ഷയാണ് 40കാരന് കോടതി വിധിച്ചിരുന്നത്. 2022 ഡിസംബർ 31നാണ് കേസിനാസ്പദമായ സംഭവം. 2023 ജനുവരിയിലാണ് അറസ്റ്റിലായത്. ബാഴ്സലോണക്കുവേണ്ടി മുന്നൂറോളം മത്സരങ്ങളിൽ ബൂട്ടുകെട്ടിയ ആൽവെസ് ബ്രസീലിന്റെ വിഖ്യാതമായ മഞ്ഞക്കുപ്പായത്തിൽ 128 തവണ കളത്തിലിറങ്ങിയിട്ടുണ്ട്. ബാഴ്സലോണക്കൊപ്പം ആറ് ലീഗ് കിരീടനേട്ടങ്ങളിലും മൂന്നു ചാമ്പ്യൻസ് ലീഗ് കിരീടനേട്ടങ്ങളിലും പങ്കാളിയായിരുന്നു. കരിയറിന്റെ അവസാന ഘട്ടത്തിൽ മെക്സിക്കൻ ക്ലബായ പ്യൂമാസ് ആൽവെസുമായി കരാറൊപ്പിട്ടിരുന്നു. കേസിൽ കുടുങ്ങി താരം ജയിലിലായതോടെ 2023 ജനുവരിയിൽ ക്ലബ് കരാർ റദ്ദാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.