ദോഹ: മാനസികാരോഗ്യത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിന്റെ ഭാഗമായി പൊതു ഇരിപ്പിട പദ്ധതിയുമായി ഫിഫയും ആരോഗ്യമന്ത്രാലയവും ലോകാരോഗ്യ സംഘടനയും. സ്പോർട്ട് ഫോർ ഹെൽത്ത് എന്ന സംരംഭത്തിന്റെ ഭാഗമായ പദ്ധതി പ്രഖ്യാപനം ദോഹയിൽ നടന്നു. ഫിഫ, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, വേൾഡ് ഇന്നവേഷൻ സമ്മിറ്റ് ഫോർ ഹെൽത്ത് (വിഷ്), ഫ്രണ്ട്ഷിപ് ബെഞ്ചസ് എൻ.ജി.ഒ, ലോകാരോഗ്യ യൂനിവേഴ്സൽ ഹെൽത്ത് കവറേജ് പാർട്ട്ണർഷിപ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ദോഹയിലെ പ്രധാന ഭാഗങ്ങളിലും സ്റ്റേഡിയങ്ങളുടെ പരിസരങ്ങളിലുമായി 32 സൗഹാർദ ഇരിപ്പിടങ്ങൾ സ്ഥാപിക്കും. ലോകകപ്പിൽ പങ്കെടുക്കുന്ന ഓരോ രാജ്യത്തെയും പ്രതിനിധാനംചെയ്യുന്നതായിരിക്കും ഓരോ ബെഞ്ചും.
കഴിഞ്ഞ ആഴ്ച സമാപിച്ച വിഷ് ഉച്ചകോടിയിൽ ബ്രിട്ടീഷ് മുൻ ദീർഘദൂര ഓട്ടക്കാരൻ മൊ ഫറയാണ് സംരംഭത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. കായികവും മാനസികാരോഗ്യവും എന്ന വിഷയത്തിൽ ഖത്തർ ഫൗണ്ടേഷൻ സി.ഇ.ഒയും വൈസ് ചെയർപേഴ്സനുമായ ശൈഖ ഹിന്ദ് ബിൻത് ഹമദ് ആൽഥാനിയുമായി മൊ ഫറ വേദിയിൽ സംഭാഷണം നടത്തുകയും ചെയ്തു. മാനസികാരോഗ്യത്തെ ഉയർത്തിപ്പിടിച്ച് ഖത്തർ ഫൗണ്ടേഷൻ നടത്തുന്ന ആഗോള ആരോഗ്യ സംരംഭങ്ങളിൽ അഭിമാനിക്കുന്നുവെന്ന് ശൈഖ ഹിന്ദ് ആൽഥാനി പറഞ്ഞുബെഞ്ച് എന്നത് ലളിതവും അതോടൊപ്പം മാനസികാരോഗ്യത്തെ ഉയർത്തിപ്പിടിക്കുന്ന ശക്തമായ പ്ലാറ്റ്ഫോം കൂടിയാണെന്നും പാർക്ക് ബെഞ്ചുകളിൽനിന്ന് തുടങ്ങി ഫുട്ബാൾ സ്റ്റേഡിയങ്ങളുടെ അകത്തളത്തിൽ വരെ ബെഞ്ചുകളുണ്ടെന്നും ജനങ്ങൾ ഒരുമിക്കുന്ന ഇടമാണിതെന്നും ലോകാരോഗ്യ സംഘടന ഡയറക്ടർ ഡോ. ടെഡ്റോസ് അദാനം ഗെബ്രിയേസസ് പറഞ്ഞു.ഫ്രണ്ട്ഷിപ് ബെഞ്ചിന്റെ ലെഗസിയുമായി ബന്ധപ്പെട്ട് ചടങ്ങിൽ സംസാരിച്ച ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോ വിശദീകരിച്ചു.
സമൂഹത്തിന്റെ സേവനത്തിനായി കാൽപന്തുകളിയെ ഉപയോഗപ്പെടുത്തുന്നതിൽ ലോകാരോഗ്യ സംഘടന, ആരോഗ്യമന്ത്രാലയം എന്നിവരുമായുള്ള പങ്കാളിത്തം അഭിമാനമാണെന്നും ഖത്തറിലെ താമസക്കാർക്കും സന്ദർശകർക്കും ലോകകപ്പിന് ശേഷവും മഹത്തായ ശേഷിപ്പായി ഇത് മാറുമെന്നും ഇൻഫാൻറിനോ പറഞ്ഞു.അറബ് ലോകത്തെയും പ്രഥമ ലോകകപ്പിന്റെ ചരിത്ര സ്മരണകളുയർത്തുന്നതായിരിക്കും സൗഹാർദ ഇരിപ്പിടങ്ങളെന്നും രാജ്യത്തെ സാമൂഹിക കൂട്ടായ്മകൾക്കിടയിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം ഉയർത്തിക്കൊണ്ടുവരാനും ഇത് സഹായിക്കുമെന്നും എസ്.സി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി വ്യക്തമാക്കി. ഖത്തർ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ അൽ കുവാരിയും ചടങ്ങിൽ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.