പാരിസ്: പി.എസ്.ജിയുടെ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ സൗദി സന്ദർശനത്തിൽ അമ്പരന്ന് ക്ലബ് അധികൃതരും ആരാധകരും. താരം സൗദിയിലേക്ക് പോയത് ക്ലബിന്റെ അനുമതിയില്ലാതെയാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. മാനേജർ ക്രിസ്റ്റഫ് ഗാട്ട്‍ലിയറും സ്പോർട്ടിങ് അഡ്വൈസർ ലൂയിസ് കാമ്പോസും യാത്രക്ക് അനുമതി നൽകിയിരുന്നില്ലെന്നാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ലോറിയന്റിനെതിരെ 3-1ന് പരാജയപ്പെട്ട ശേഷമാണ് മെസ്സി കുടുംബത്തോടൊപ്പം സൗദിയിലേക്ക് തിരിച്ചത്. സൗദി ടൂറിസം മന്ത്രാലയത്തിന്റെ അംബാസഡറായ മെസ്സി ഭാര്യ അന്റൊണേല റൊക്കൂസോക്കും മക്കളായ മറ്റിയോ, തിയാഗോ, സിറൊ എന്നിവർക്കുമൊപ്പം ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്. ടൂറിസം മന്ത്രി അഹ്മദ് അൽ ഖത്തീബ് ഇതിന്റെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ച് താരത്തെയും കുടുംബത്തെയും സൗദിയിലേക്ക് സ്വാഗതം ചെയ്തു. 2022 മേയ് മാസം സുഹൃത്തുക്കൾക്കൊപ്പവും മെസ്സി സൗദിയിലെത്തിയിരുന്നു.
മെസ്സിയെ ടീമിലെത്തിക്കാൻ സൗദിയിലെ അൽ ഹിലാൽ ക്ലബ് 400 ദശലക്ഷം യൂറോ വാഗ്ദാനം ചെയ്തെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ മാസം പുറത്തുവന്നിരുന്നു. എന്നാൽ, ജൂണിൽ പി.എസ്.ജിയുമായുള്ള കരാർ അവസാനിക്കുന്ന താരം ബാഴ്സലോണയിലേക്ക് തിരിച്ചുപോകുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.