മെസ്സി സ്‌പെയ്‌നില്‍! ബാഴ്‌സയിലേക്കാണോ എന്ന ചോദ്യവുമായി മാധ്യമപ്പട, എന്തൊക്കെയോ നടക്കുന്നുണ്ട്!!


ഫ്രഞ്ച് ലീഗില്‍ പി.എസ്.ജിക്ക് അവിസ്മരണീയ തുടക്കം സമ്മാനിച്ചതിന് പിന്നാലെ സൂപ്പര്‍ താരം ലയണല്‍ മെസ്സി തന്റെ പഴയ തട്ടകമായ ബാഴ്‌സലോണ ക്ലബിന്റെ ആസ്ഥാന നഗരിയിലെത്തി. വിമാനത്താവളത്തില്‍ വെച്ച് മാധ്യമങ്ങള്‍ വളഞ്ഞെങ്കിലും മെസ്സി പിടികൊടുത്തില്ല. ബാഴ്‌സലോണയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് താരം മറുപടി നല്‍കിയില്ല.

കഴിഞ്ഞ വര്‍ഷമാണ് കരാര്‍ പുതുക്കാന്‍ ബാഴ്‌സ തയാറാകാത്തതിനെ തുടര്‍ന്ന് മെസ്സി ഫ്രഞ്ച് ക്ലബിലേക്ക് കൂടുമാറിയത്. എന്നാല്‍, മുന്‍ സഹതാരം സാവി ബാഴ്‌സയുടെ കോച്ചായി എത്തിയതോടെ മെസ്സിയെ തിരികെ കൊണ്ടുവരാനുള്ള ശ്രമം ബാഴ്‌സ ആരംഭിച്ചു. പി.എസ്.ജിയുമായുള്ള കരാര്‍ പൂര്‍ത്തിയാക്കാതെ ട്രാന്‍സ്ഫറിന് ശ്രമിക്കുന്നത് മെസ്സിക്കും ബാഴ്‌സക്കും വലിയ ബാധ്യത വരുത്തിവെക്കും. അതേസമയം, മെസ്സിയുടെ കരിയര്‍ അവസാനിക്കുക ബാഴ്‌സയില്‍ വെച്ചാകും എന്ന സൂചന നിലവിലെ മാനേജ്‌മെന്റ് നല്‍കിക്കഴിഞ്ഞു.

ബാഴ്‌സയുടെ ചരിത്രത്തില്‍ യൊഹാന്‍ ക്രൈഫിനോട് മാത്രമാണ് മെസ്സിയെ താരതമ്യപ്പെടുത്താന്‍ സാധിക്കുക. ബാഴ്‌സലോണയിലെ മെസ്സി അധ്യായം പൂര്‍ത്തിയായിട്ടില്ല. ആ അധ്യായം വീണ്ടും തുറക്കേണ്ടത് ക്ലബ് മാനേജ്‌മെന്റിന്റെ ഉത്തരവാദിത്തമാണ്. മെസ്സി ബാഴ്‌സക്കെല്ലാമാണ്, ഒരു നാള്‍ അദ്ദേഹം ഇവിടേക്ക് തിരിച്ചെത്തുക തന്നെ ചെയ്യും - ബാഴ്‌സലോണ പ്രസിഡന്റ് ജോണ്‍ ലപോര്‍ട പറഞ്ഞു.

അടുത്ത വര്‍ഷം സമ്മര്‍ ട്രാന്‍സ്ഫറില്‍ മെസ്സി ബാഴ്‌സയില്‍ തിരിച്ചെത്തുമെന്ന് സ്‌പെയ്‌നിലെ കാറ്റ് റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. ഈ സീസണോടെ പി.എസ്.ജിയുമായുള്ള കരാര്‍ പൂര്‍ത്തിയാകുമ്പോള്‍ ഫ്രീ ഏജന്റായിട്ടാകും അര്‍ജന്റൈന്‍ താരം ബാല്യകാല തട്ടകത്തിലേക്ക് മടങ്ങുക. ബാഴ്‌സലോണ കോച്ച് സാവിയും മെസ്സിയുടെ തിരിച്ചുവരവ് തള്ളിക്കളയുന്നില്ല. എന്നാല്‍, പി.എസ്.ജിയിലെ കരാര്‍ പൂര്‍ത്തിയാകാതെ ഒന്നും നടക്കില്ലെന്ന് സാവി വ്യക്തമാക്കി.

പി.എസ്.ജിയിലെ ആദ്യ സീസണില്‍ മെസ്സിക്ക് താളം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. 34 മത്സരങ്ങളില്‍ നിന്ന് 11 ഗോളുകളാണ് നേടാനായത്. ഒപ്പം 15 അസിസ്റ്റുകള്‍ നടത്തിയിരുന്നു. രണ്ടാം സീസണിലെ ആദ്യ കളിയില്‍ മെസ്സി ബൈസിക്കിള്‍ കിക്ക് ഗോളടിച്ച് ഫോമിലേക്കുയര്‍ന്നു. ഇതോടെ, പി.എസ്.ജി ആരാധകരും ആവേശത്തിലായി. മെസ്സിക്കൊപ്പം നെയ്മറും തകര്‍പ്പന്‍ ഫോമിലേക്കുയര്‍ന്നത് യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം ലക്ഷ്യമിടുന്ന ഫ്രഞ്ച് ക്ലബിന് വലിയ പ്രതീക്ഷ നല്‍കുന്നു.

Tags:    
News Summary - Messi in Spain! the media asking if he is going to Barca!!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.