ബാലൺ ഡി ഓറിലേക്ക്​ മെസ്സിയെത്തുന്നു; സാധ്യതയിൽ മുമ്പനായി

മഡ്രിഡ്​: ലോകത്തെ ഏറ്റവും മികച്ച ഫുട്​ബാൾ താരത്തിന്​ നൽകുന്ന ബാലൺ ഡി ഓർ പുരസ്​കാരത്തിന്‍റെ നേട്ടക്കണക്കുകളിൽ ലയണൽ മെസ്സി 2019ലാണ്​ ക്രിസ്​റ്റ്യാനോ റൊണാൾഡോയെ മറികടക്കുന്നത്​. അതുവരെ അഞ്ചുവീതം ബാലൺ ഡി ഓർ നേടി ഇരുവരും ഒപ്പത്തിനൊപ്പമായിരുന്നു. ശേഷം ഒരു തവണ കൂടി ആ ബഹുമതിയിലെത്തിയ​േപ്പാൾ ആറു തവണ പുരസ്​കാരം ​േനടുന്ന ആദ്യ കളിക്കാരനെന്ന വിശേഷണം മെസ്സിക്ക്​ സ്വന്തമായി.

അർജന്‍റീനയുടെയും ബാഴ്​സലോണയു​ടെയും പത്താം നമ്പറുകാരന്​ മുന്നിൽ ഇനിയൊരു ബാലൺ ഡി ഓറിന്‍റെ സാധ്യതകളാണ്​ ഇപ്പോൾ തെളിയുന്നത്​. 2009ൽ ബാഴ്​സക്കുവേണ്ടി മൂന്നു കിരീടം സ്വന്തമാക്കിയപ്പോഴാണ്​ മെസ്സി ആദ്യം ബാലൺ ഡി ഓറിന്‍റെ തിളക്കത്തിലേറുന്നത്​. അതിനുശേഷം വീണ്ടും അഞ്ചു തവണ. 2009നുശേഷം ക്രിസ്റ്റ്യാനോ നാലു തവണ ബഹുമതി നേടിയപ്പോൾ ഒരു തവണ ലൂക്കാ മോഡ്രിച്ചായിരുന്നു പുരസ്​കാര ജേതാവ്​.



കോപ അമേരിക്ക ടൂർണ​െമന്‍റിൽ അർജന്‍റീനയെ കിരീടനേട്ടത്തിലെത്തിച്ചതോടെയാണ്​ മെസ്സിയുടെ ബാലൺ ഡി ഓർ സാധ്യതകൾ വീണ്ടും ചർച്ചയായത്​. കോപക്ക്​ കിക്കോഫ്​ വിസിൽ മുഴങ്ങും മുമ്പ്​ ബാലൺ ഡി ഓറിൽ മെസ്സിയുടെ സാധ്യത 33 ശതമാനം ആയിരുന്നത്​, 28 വർഷത്തിനിടെ ആദ്യമായി അർജന്‍റീനയെ ഒരു മേജർ ടൂർണ​െമന്‍റിന്‍റെ കിരീടത്തിലേക്ക്​ നയിച്ചതോടെ 66 ശതമാനമായി ഉയർന്നു. റൊണാൾഡോയെയും കിലിയൻ എംബാപ്പെയെയും പോലുള്ള പ്രമുഖ താരങ്ങളും എതിരാളികളായി ഇല്ലാത്തതും മെസ്സിയുടെ സാധ്യത വർധിപ്പിക്കുന്നു.

ചെൽസി ചാമ്പ്യൻസ് ലീഗ് നേടിയപ്പോൾ സെമിയിലും ഫൈനലിലും കളിയിലെ കേമനായ എൻഗോളോ കാന്‍റെയുടെയും എംബാപ്പെയുടെയും സാധ്യത യൂറോകപ്പിലെ ഫ്രാൻസിന്‍റെ ദയനീയ പ്രകടനത്തോടെ ഇല്ലാതായി. യൂറോകപ്പ് പ്രീക്വാർട്ടറിൽ സ്വിറ്റ്‌സർലൻഡിനോട് ഷൂട്ടൗട്ടിലാണ്​ ഫ്രാൻസ് തോറ്റത്​. നിർണായക കിക്ക് പാഴാക്കി ടീമിന്‍റെ തോൽവിക്ക്​ കാരണമായത്​ എംബാപ്പെക്ക്​ തിരിച്ചടിയായി. റൊണാൾഡോക്ക്​ യൂറോകപ്പ് നേടിയാൽ ആറാമത്തെ ബാലൺ ഡി ഓറിന്​ സാധ്യതയുണ്ടായിരുന്നു. എന്നാൽ, പോർചുഗൽ പ്രീക്വാർട്ടറിൽ ​േതാറ്റുമടങ്ങി. ഇറ്റാലിയൻ ലീഗിലും യൂറോ കപ്പിലും ടോപ് സ്‌കോററാണ്​ റൊണാൾഡോ. പക്ഷേ, യുവന്‍റസിനും പോർചുഗലിനും കിരീടനേട്ടമില്ലാത്തതിനാൽ ഇത്തവണ സാധ്യതക്ക്​ പുറത്തായി.



ഇൗ വർഷം ക്ലബ്ബിനും രാജ്യത്തിനുമായി 47 മത്സരങ്ങളിൽ മെസ്സി കളത്തിലിറങ്ങി. മൊത്തം 33 ഗോൾ നേടി. 14 ഗോളുകൾക്ക് വഴിയൊരുക്കി. 26 തവണ മാൻ ഓഫ്​ ദ മാച്ചുമായി. അർജന്‍റീനക്കുവേണ്ടി ഒമ്പത് കളികളിൽ അഞ്ച് ഗോളാണ്​ സമ്പാദ്യം. അഞ്ച്​ ​ഗോളിനും സൂപ്പർതാരം ചരടുവലിച്ചു. കോപ അമേരിക്ക ടൂർണമെന്‍റിൽ മാത്രം ഏഴ് കളികളിൽ​ നാലു ഗോൾ നേടിയതിനൊപ്പം അഞ്ചു ഗോളിന്​ വഴിയൊരുക്കുകയും ചെയ്​തു. അർജന്‍റീന നേടിയ 12 ഗോളുകളിൽ ഒമ്പതിലും മെസ്സിയുടെ സാന്നിധ്യമുണ്ടായിരുന്നു. സ്​പാനിഷ്​ ലീഗിൽ സീസണിൽ ടോപ്​സ്​കോററായി. കോപ അമേരിക്ക ടൂർണമെന്‍റിലെ മികച്ച താരം, മികച്ച ​േഗാൾവേട്ടക്കാരൻ, കൂടുതൽ അസിസ്റ്റ്, കൂടുതൽ പ്രീ അസിസ്റ്റ് എന്നിവയൊക്കെ മെസ്സിയുടെ പേരിലാണ്​. ടൂർണമെന്‍റിലെ മികവും കിരീടനേട്ടവും ചേർരുംപടി ചേർന്നതോടെയാണ്​ മെസ്സി സാധ്യതകളിൽ മുമ്പനായത്​.


ജോർഗിഞ്ഞോ

ആരൊക്കെയാണ്​ എതിരാളികൾ?

ജോർഗിഞ്ഞോ: യൂറോകപ്പ്​ ജയിച്ച ഇറ്റാലിയൻ ഡിഫൻസിവ്​ മിഡ്​ഫീൽഡർ ജോർഗിഞ്ഞോയാണ്​ മെസ്സിക്കു പിന്നിൽ സാധ്യത കൽപിക്കപ്പെടുന്ന മറ്റൊരാൾ. ചെൽസിക്കൊപ്പം ചാമ്പ്യൻസ് ലീഗും ജയിച്ച മിടുക്ക്​ ജോർഗിഞ്ഞോക്ക്​ കൂട്ടുണ്ടെങ്കിലും കിരീടനേട്ടങ്ങളിലേക്കുള്ള സംഭാവനയുടെയും വൈയക്​തിക മികവിന്‍റെയും കാര്യത്തിൽ മെസ്സിക്ക്​ ഏറെ പിന്നിലാണ്​ ഇറ്റലിക്കാരൻ.

ഹാരി കെയ്​ൻ: ഇംഗ്ലണ്ട്​ ക്യാപ്​റ്റൻ ഹാരി കെയ്നാണ്​ ലിസ്റ്റിലുള്ള മറ്റൊരാൾ. ഇക്കുറി ഇംഗ്ലണ്ട്​ യൂറോകപ്പ്​ നേടിയിരുന്നെങ്കിൽ ബാലൺ ഡി ഓർ നേടാൻ ഏറെ സാധ്യതയുണ്ടാകുമായിരുന്നു ഈ ​േടാട്ടൻഹാം ഹോട്​സപർ താരത്തിന്​​.

റോബർട്ട് ലെവൻഡോവ്‌സ്‌കി: പോളണ്ട്​ താരമായ ലെവൻഡോവ്‌സ്‌കിയുടേത്​ യൂറോകപ്പിൽ നിരാശാജനകമായ പ്രകടനമായിരുന്നു. എന്നാൽ, ബയേൺ മ്യൂണിക്കിന്​ വേണ്ടി ഈ സീസണിൽ 29 കളികളിൽ 41 ഗോളുകൾ നേടി മിന്നും ഫോമിലായിരുന്നു. എന്നിട്ടും ജർമനിയിലെ ​െപ്ലയർ ഓഫ്​ ദ സീസൺ പുരസ്​കാരം എർലിങ്​ ഹാലാൻഡിന്​ വിട്ടുകൊടു​േക്കണ്ടി വന്നു.

ജിയോർജിയോ കെല്ലീനി: ഇറ്റാലിയൻ ഡിഫൻഡറായ ജിയോർജിയോ കെല്ലീനി യൂറോകപ്പിൽ ടീമിനെ കിരീടത്തിലെത്തിച്ചതിലൂടെയാണ്​ ബാലൺ ഡി ഓർ സാധ്യതാ പട്ടികയിൽ ഇടം പിടിച്ചത്​. ഗോളി ജിയാൻലൂയിജി ഡൊനാരുമ്മക്കും ഡിഫൻസിലെ കൂട്ടുകാരൻ ലിയനാർഡോ ബൊനൂച്ചിക്കുമൊപ്പം പിൻനിരയിൽ പടുകോട്ട കെട്ടിയാണ്​ കെല്ലീനി അസൂറിപ്പടയെ കിരീടത്തിലെത്തിച്ചത്​. 2006ൽ ഇറ്റലിയെ ലോകകപ്പ്​ നേട്ടത്തിലെത്തിച്ച നായകൻ ഫാബിയോ കന്നവാരോക്കുശേഷം ഡിഫൻഡർമാരാരും ബാലൺ ഡി ഓർ നേടിയിട്ടില്ല.

Tags:    
News Summary - Messi is dreaming of a seventh Ballon d'Or

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.