ആംസ്റ്റർഡാം: ആധുനിക ഫുട്ബാളിലെ മിന്നുംതാരമായ ലയണൽ മെസ്സിക്കുനേരെ വിമർശന ശരങ്ങൾ തൊടുത്ത് ഹോളണ്ടിന്റെ വിഖ്യാതതാരം മാർക്കോ വാൻ ബാസ്റ്റൺ. ടീമിനെ മുന്നിൽനിന്ന് നയിക്കുന്ന പോരാളിയല്ല മെസ്സിയെന്ന് വിലയിരുത്തിയ വാൻ ബാസ്റ്റൺ, ഫുട്ബാൾ ചരിത്രം കണ്ട ഏറ്റവും മികച്ച മൂന്നു താരങ്ങളിൽ താൻ മെസ്സിയെ ഉൾപെടുത്തില്ലെന്നും കൂട്ടിച്ചേർത്തു.
ലോക ഫുട്ബാളിലെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്കാരം ഏഴു തവണ ലഭിച്ച മെസ്സിയെ ഒഴിവാക്കി ചരിത്രത്തിലെ ഏറ്റവും മികച്ച മൂന്നു കളിക്കാരായി വാൻ ബാസ്റ്റൺ ചൂണ്ടിക്കാട്ടിയത് പെലെ, ഡീഗോ മറഡോണ, യോഹാൻ ക്രൈഫ് എന്നിവരെയാണ്.
'കുട്ടിയായിരിക്കുമ്പോൾ തന്നെ ക്രൈഫിനെപ്പോലെയാകണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്റെ സുഹൃത്താണദ്ദേഹം. പെലെയും മറഡോണയും അവിശ്വസനീയമായ രീതിയിൽ കളിക്കുന്നവരാണ്. മെസ്സി മികച്ച താരമാണ്. എന്നാൽ, മറഡോണയെപ്പോലെ ടീമിൽ വ്യക്തിഗത സ്വാധീനം ചെലുത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. യുദ്ധത്തിൽ ടീമിനെ മുന്നിൽനിന്ന് നയിക്കുന്ന തരത്തിലുള്ള പോരാളിയല്ല മെസ്സി' -വാൻ ബാസ്റ്റൺ പറഞ്ഞു. ക്രിസ്റ്റ്യാനോ റൊണാൾഡോ, മിഷൽ പ്ലാറ്റീനി, സിനദിൻ സിദാൻ എന്നിവരും മികച്ച കളിക്കാരുടെ പട്ടികയിൽ ഉൾപെടുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.