മെസ്സിയില്ലാത്ത ഇന്റർ മയാമിക്ക് സമനിലക്കുരുക്ക്; ​േപ്ല ഓഫ് പ്രതീക്ഷ മങ്ങി

ന്യൂ​യോർക്ക്: പരിക്കേറ്റ സൂപ്പർ താരം ലയണൽ മെസ്സിയില്ലാതെ ഇറങ്ങിയ ഇന്റർ മയാമിക്ക് വീണ്ടും തിരിച്ചടി. ന്യൂയോർക്ക് സിറ്റിയുമായി 1-1ന് സമനിലയിൽ പിരിഞ്ഞതോടെ ടീമിന്റെ ​േപ്ല ഓഫ് പ്രതീക്ഷ മങ്ങിയിരിക്കുകയാണ്. മെസ്സിയുടെ അഭാവത്തിൽ യു.എസ് ഓപൺ കപ്പ് ഫൈനലിന് ഇറങ്ങിയ മയാമി ഹൂസ്റ്റണോട് തോൽവി വഴങ്ങുകയും ലീഗിൽ ഒർലാൻഡോയോട് സമനിലയിൽ കുരുങ്ങുകയും ചെയ്തിരുന്നു.

​ന്യൂയോർക്ക് സിറ്റിക്കെതിരായ മത്സരത്തിൽ മെസ്സിക്ക് പുറമെ പരിക്ക് കാരണം ജോർഡി ആൽബയും പുറത്തായിരുന്നു. മത്സരത്തിൽ 65 ശതമാനവും പന്ത് വരുതിയിലാക്കിയിട്ടും 90 മിനിറ്റിനിടെ എതിർവല ലക്ഷ്യമാക്കി ഒരു ഷോട്ട് പോലും എടുക്കാൻ മയാമിക്കായില്ല. 77ാം മിനിറ്റിൽ സാന്റിയാഗോ റോഡ്രിഗസിന്റെ ഗോളിൽ ന്യൂയോർക്ക് സിറ്റിയാണ് ആദ്യം ഗോൾ നേടിയത്. തയ് വോൻ ഗ്രേയിൽനിന്ന് ലോങ് ബാൾ സ്വീകരിച്ച ഉറുഗ്വെക്കാരൻ രണ്ട് മയാമി ഡിഫൻഡർമാരെയും വെട്ടിയൊഴിഞ്ഞ് പന്ത് വലയിലെത്തിക്കുകയായിരുന്നു. ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റിൽ റോബർട്ട് ടെയ്‍ലർ എടുത്ത കോർണറിൽനിന്ന് പ്രതിരോധ താരം തോമസ് അവിലെസ് നേടിയ ഗോളാണ് മയാമിക്ക് സമനില നേടിക്കൊടുത്തത്.

31 മത്സരത്തിൽ 65 പോയന്റുള്ള സിൻസിനാറ്റിയാണ് ലീഗിൽ ഒന്നാമത്. 54 പോയന്റുള്ള ഒർലാൻഡോ സിറ്റി രണ്ടും ന്യൂ ഇംഗ്ലണ്ട് മൂന്നും സ്ഥാനത്തുണ്ട്. 33 പോയന്റുള്ള ഇന്റർ മയാമി നിലവിൽ 13ാം സ്ഥാനത്താണ്. മെസ്സി പരിശീലനം നടത്തുന്നുണ്ടെന്നും എന്നാൽ, ബുധനാഴ്ച ഷിക്കാഗോക്കെതിരായ മത്സരത്തിൽ താരം കളിക്കുമോയെന്ന് ഉറപ്പില്ലെന്നും പരിശീലകൻ ജെറാർഡോ മാർട്ടിനോ പറഞ്ഞു. 

Tags:    
News Summary - Messi-less Inter Miami draw; Play off hope faded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.