ദോഹ: അർജൻറീനയുടെ മാത്രമല്ല, ലോകത്തിന്റെതന്നെ താരങ്ങളാണ് ലയണൽ മെസ്സിയുടെ സംഘം. ബ്രസീലിനൊപ്പം ഏറെ ആരാധകരുള്ള ടീം. അപ്പോൾ, ലോകകപ്പ് ഫുട്ബാളിനായി ടീം ദോഹയിൽ പറന്നിറങ്ങുമ്പോൾ അതിനുമൊരു തലയെടുപ്പു വേണം.
നവംബർ 20ന് കിക്കോഫ് കുറിക്കുന്ന ലോകകപ്പിന് ഏതാനും ദിവസം മുമ്പായി തലസ്ഥാനമായ ബ്വേനസ് എയ്റിസിൽനിന്ന് സൂപ്പർതാരങ്ങളുമായി ദോഹയിലെത്തുന്നത് പ്രത്യേക വിമാനത്തിലാവും. അർജൻറീന ദേശീയ പതാകയും ജഴ്സിയുമെല്ലാം കൊണ്ട് അലങ്കരിച്ച വിമാനത്തിന്റെ ചിറകിൽ സൂപ്പർ താരം ലയണൽ മെസ്സി, എയ്ഞ്ചൽ ഡി മരിയ, റോഡ്രിഗോ ഡി പോൾ എന്നിവരുടെ ചിത്രങ്ങൾ. അർജൻറീന ദേശീയ എയർലൈൻ കമ്പനിയായ 'ഏറോലിനാസ് അർജൻറീന'യാണ് ദേശീയ ഫുട്ബാൾ ടീമിന്റെ ലോകകപ്പ് യാത്രക്കായി പ്രത്യേക വിമാനം സജ്ജമാക്കിയത്. 'ഒരു ടീം, ഒരു രാജ്യം, ഒരു സ്വപ്നം' എന്ന വാചകങ്ങൾ പതിപ്പിച്ച് ഒരു നാടിന്റെയും ലോകമെങ്ങുമുള്ള ആരാധകരുടെയുമെല്ലാം വികാരം വിമാനത്തിന്റെ പുറത്ത് പകർത്തിയിരിക്കുന്നു.
എയർബസ് എ330 കൂറ്റൻ വിമാനത്തിലാവും മെസ്സി ഉൾപ്പെടെ 26 അംഗ ടീമും പരിശീലക സംഘവും ടീം സ്റ്റാഫുമെല്ലാം ദോഹയിലേക്ക് പറക്കുന്നത്. ഖത്തർ സർവകലാശാല കാമ്പസിലാണ് ടീമിന്റെ താമസവും പരിശീലനവുമെല്ലാം ഒരുക്കിയത്. ലോകകപ്പിന് ആരാധകരെ എത്തിക്കുന്നതിനായി ബ്വേനസ് എയ്റിസിൽനിന്ന് ദോഹയിലേക്ക് ആറു ചാർട്ടർ വിമാനങ്ങൾ പറത്തുമെന്ന് 'ഏറോലിനസ് അർജൻറീനാസ്' നേരത്തേ പ്രഖ്യാപിച്ചിരുന്നുലോകകപ്പ് ഗ്രൂപ് 'സി'യിൽ സൗദി അറേബ്യ, മെക്സികോ, പോളണ്ട് ടീമുകൾക്കൊപ്പമാണ് അർജന്റീന. നവംബർ 22ന് സൗദിക്കെതിരെയാണ് ടീമിന്റെ ആദ്യ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.