മയാമി: ഇന്‍റര്‍ മയാമിയെ തുടര്‍ച്ചയായ രണ്ടാം ഫൈനലിലേക്ക് നയിച്ച് അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി. യു.എസ് ഓപണ്‍ കപ്പ് സെമി ഫൈനലില്‍ സിന്‍സിനാറ്റി എഫ്.സിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് മെസ്സിയും സംഘവും ഫൈനലിലേക്ക് കുതിച്ചത്. ഇന്റർ മയാമിക്കായി തുടർച്ചയായ ഏഴ് മത്സരങ്ങളിൽ ഗോളടിച്ച മെസ്സിക്ക് ഇത്തവണ ഗോളടിക്കാനായില്ലെങ്കിലും രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കി. നിശ്ചിത സമയത്ത് രണ്ട് ഗോൾ വീതമടിച്ചും എക്സ്ട്രാ ടൈമിൽ 3-3നും സമനിലയായ മത്സരത്തിനൊടുവിൽ ഷൂട്ടൗട്ടില്‍ മയാമി 5-4ന് വിജയം പിടിക്കുകയായിരുന്നു. രണ്ട് ഗോളിന് പിന്നിലായ മയാമിയുടെ ആദ്യ രണ്ട് ഗോളുകള്‍ക്കും വഴിയൊരുക്കിയത് മെസ്സിയായിരുന്നു.
മെസ്സിയെത്തിയ ശേഷം തുടർച്ചയായ എട്ടാം മത്സരത്തിലാണ് മയാമി വിജയിക്കുന്നത്. 18ാം മിനിറ്റില്‍ ലൂസിയാനോ അക്കോസ്റ്റയിലൂടെ സിന്‍സിനാറ്റിയാണ് ആദ്യം ലീഡെടുത്തത്. 53ാം മിനിറ്റില്‍ ബ്രണ്ടന്‍ വാസ്ക്വസിലൂടെ സിന്‍സിനാറ്റി ലീഡുയര്‍ത്തിയതോടെ മയാമി തോല്‍വി മണത്തു. എന്നാല്‍ 68ാം മിനിറ്റില്‍ മെസ്സിയെടുത്ത ഫ്രീകിക്ക് വലയിലെത്തിച്ച ലിയാനാഡോ കോംപാനയിലൂടെ മയാമി ഒരു ഗോള്‍ മടക്കി. കളി അവസാനിക്കാൻ ഒരു മിനിറ്റ് മാത്രം ശേഷിക്കെ മെസ്സിയുടെ അസിസ്റ്റിൽ ജോസഫ് മാര്‍ട്ടിനസ് മയാമിയുടെ രണ്ടാം ഗോളും നേടിയതോടെ കളി എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. എക്സ്ട്രാ ടൈമില്‍ വീണ്ടും കോംപാന മയാമിയെ മുന്നിലെത്തിച്ചെങ്കിലും 114ാം മിനിറ്റില്‍ യൂയ കുബോയിലൂടെ സിന്‍സിനാറ്റി സമനില പിടിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
ഷൂട്ടൗട്ടിൽ സിന്‍സിനാറ്റിയുടെ അവസാന കിക്കെടുത്ത നിക്കിന് പിഴച്ചതോടെ മയാമി ഫൈനല്‍ ബര്‍ത്ത് പിടിച്ചെടുക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച നടന്ന ലീഗ്സ് കപ്പ് ഫൈനലില്‍ നാഷ്‌വില്ലെ എഫ്.സിയെ ഷൂട്ടൗട്ടില്‍ വീഴ്ത്തി മെസ്സിയും സംഘവും ഇന്‍റര്‍ മയാമിക്ക് ആദ്യ കിരീടം സമ്മാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.