മെസ്സിയും സൗദി ക്ലബിലേക്ക്; അൽ-ഹിലാലുമായി റെക്കോഡ് തുകക്ക് കരാറിലെത്തി?

അർജന്‍റൈൻ ഇതിഹാസ താരം ലയണൽ മെസ്സിയും സൗദി ക്ലബിലേക്ക്. സൗദി പ്രൊ ലീഗിലെ അൽ ഹിലാലുമായി റെക്കോഡ് തുകക്ക് കരാറിലെത്തിയെന്ന് വാർത്ത ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്തു.

അടുത്ത സീസൺ മുതൽ മെസ്സി സൗദി പ്രൊ ലീഗിൽ കളിക്കുമെന്ന് കരാറിൽ പങ്കാളികളായവരെ ഉദ്ധരിച്ചാണ് റിപ്പോർട്ട് പുറത്തുവിട്ടത്. 40 കോടി യു.എസ് ഡോളർ (ഏകദേശം 3270 കോടി രൂപ) വാർഷിക പ്രതിഫലമാണ് മെസ്സിക്കായി ക്ലബ് ഓഫർ ചെയ്തിരിക്കുന്നത്. പോർചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കു പിന്നാലെയാണ് മെസ്സിയും സൗദിയിലേക്ക് ചേക്കേറുന്നത്. ജനുവരിയിലാണ് റെക്കോർഡ് തുകക്ക് ക്രിസ്റ്റ്യാനോ സൗദി ക്ലബായ അൽ നസ്‌റിലെത്തുന്നത്.

പി.എസ്.ജിയുമായി അത്ര രസത്തിലല്ലാത്ത മെസ്സി, ഈ സീസണൊടുവിൽ ക്ലബ് വിടുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ, മെസ്സിയോ ക്ലബ് അധികൃതരോ ഇക്കാര്യത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. അടുത്തിടെ ക്ലബിന്റെ അനുമതിയില്ലാതെ സൗദി യാത്ര നടത്തിയതിന് മെസ്സിക്ക് പി.എസ്.ജി രണ്ടാഴ്ച വിലക്കേർപ്പെടുത്തിയിരുന്നു. ഇതോടെ താരവും ക്ലബും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായി.

ഈ വർഷം ജൂൺ വരെയാണ് പി.എസ്.ജിയുമായി മെസ്സിക്ക് കരാറുള്ളത്. പി.എസ്.ജി ആരാധകരും മെസ്സിക്കെതിരെ പരസ്യ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. മുൻ തട്ടകമായ ബാഴ്‌സലോണയിലേക്ക് താരം മടങ്ങിപോകുമെന്നായിരുന്നു അഭ്യൂഹം. ഇതിനിടെയാണ് താരവുമായി സൗദി ക്ലബ് കരാറിലെത്തിയെന്ന എ.എഫ്.പി റിപ്പോർട്ട് പുറത്തുവരുന്നത്. മെസ്സിക്കൊപ്പം ബാഴ്‌സ താരങ്ങളായ സെർജി ബുസ്‌ക്വെറ്റ്‌സ്, ജോർഡി ആൽബ എന്നിവരും സൗദിയിലെത്തുമെന്ന് കഴിഞ്ഞ ദിവസം സ്പാനിഷ് മാധ്യമം റിപ്പോർട്ടു ചെയ്തിരുന്നു.

മെസ്സിയുടെ പിതാവ് ഹോർഹെ മെസ്സിയുമായി അൽ-ഹിലാൽ അധികൃതർ നേരത്തെ ചർച്ച നടത്തുന്നുണ്ട്. അമേരിക്കൻ മേജർ ലീഗ് സോക്കറിലെ ഡേവിഡ് ബെക്കാമിന്‍റെ ഉടമസ്ഥതയിലുള്ള ഇന്‍റർ മിയാമിയും മെസ്സിയെ ക്ലബിലെത്തിക്കാൻ നീക്കങ്ങൾ നടത്തിയിരുന്നു. മെസ്സി കൂടി സൗദിയിൽ എത്തുന്നതോടെ സൗദി ലീഗ് ക്ലബ് ഫുട്ബാളിൽ ശ്രദ്ധാകേന്ദ്രമാകും. മെസ്സി-റൊണാൾഡോ സൂപ്പർ പോരാട്ടത്തിനും ഇത് വഴിയൊരുക്കും.

Tags:    
News Summary - Messi to play in Saudi, say sources close to deal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.