‘മക്കളിൽ മൂല്യങ്ങൾ വളർത്താൻ ശ്രമിക്കാറുണ്ട്​, തനിക്ക്​ ഒരു മകൾകൂടി വേണമെന്ന്​ ആഗ്രഹം’; മനസുതുറന്ന്​ ലയണൽ മെസ്സി

ലയണൽ മെസ്സിയുടെ ഓരോ അനക്കങ്ങളും അടക്കങ്ങളും നിരീക്ഷിച്ച്​ റിപ്പോർട്ട്​ ചെയ്യുന്നവരാണ്​ മാധ്യമങ്ങൾ. മെസ്സിയാകട്ടെ തന്‍റെ സ്വകാര്യ വിവരങ്ങൾ അങ്ങിനെ വെളിപ്പെടുത്താറുമില്ല. അതിൽനിന്ന്​ വ്യത്യസ്തമായി അടുത്തിടെ മെസ്സി തന്‍റെ കുടുംബത്തെപ്പറ്റിയും ഭാവി പദ്ധതികളെപ്പറ്റിയും അമേരിക്കൻ മാധ്യമങ്ങളോട്​ മനസുതുറന്നു.

മെസ്സി, ഭാര്യ അന്റൊണെല്ല, മൂന്ന്​ ആൺമക്കൾ അടങ്ങിയതാണ്​ താരത്തിന്‍റെ കുടുംബം. അമേരിക്കയിലെ ഓൾഗ ചാനലിനായി പ്രശസ്ത സ്ട്രീമർ മിഗ് ഗ്രാനഡോസുമായി നടത്തിയ അഭിമുഖത്തിലാണ്​ അർജന്റീനിയൻ താരം കുടുംബജീവിതത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തിയത്​. 10 വയസ്സുള്ള തിയാഗോ, എട്ട് വയസ്സുള്ള മറ്റിയോ, അഞ്ച്​ വയസുകാരനായ സിറോ എന്നിവരാണ്​ മെസ്സിയുടെ മക്കൾ.

36 വയസ്സുകാരനായ ഇതിഹാസതാരം തനിക്ക്​ ഒരു പെൺകുഞ്ഞുകൂടി വേണമെന്ന ആഗ്രഹവും അഭിമുഖത്തിൽ വെളിപ്പെടുത്തി. താൻ നല്ല ഒരു പിതാവായാണ് സ്വയം കരുതുന്നതെന്നും മക്കളിൽ മൂല്യങ്ങൾ വളർത്താൻ എപ്പോഴും ശ്രമിക്കാറുണ്ടെന്നും മെസ്സി പറഞ്ഞു. ചെറുപ്പത്തിൽ എന്നെ പഠിപ്പിച്ച മൂല്യങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കാനാണ് ഞാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


‘ഞാൻ ഒരു നല്ല പിതാവാണ്. കാരണം എന്റെ മാതാപിതാക്കൾ നല്ലവരായിരുന്നു. അതുപോലെ, അന്റോണല ഒരു മികച്ച അമ്മയും പങ്കാളിയുമാണ്​. ഞാൻ അവളെ ആരാധിക്കുന്നു’-മെസ്സി പറഞ്ഞു. ‘അവൾ ദിവസത്തിൽ 24 മണിക്കൂറും കുട്ടികളുമായി ചെലവഴിക്കുന്നു. എന്‍റെ യാത്രകളും മത്സരങ്ങളും പ്രീസീസണും കാരണം ഞങ്ങൾ പലപ്പോഴും വളരെക്കാലം പരസ്പരം കാണാറില്ല’-മെസ്സി പറഞ്ഞു.

അടുത്തിടെ അമേരിക്കയിലെ ​ഫ്ലോറിടയിൽ 10 മില്യണ്‍ ഡോളറിന്റെ വീട് മെസ്സി സ്വന്തമാക്കിയിരുന്നു. ​ഫ്ലോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡെയ്‌ലിലാണ് 10.8 മില്യണ്‍ ഡോളര്‍ (90 കോടി രൂപ) മൂല്യം വരുന്ന ആഡംബര ഭവനം മെസ്സിയും ഭാര്യ അന്റൊണെല്ലയും വാങ്ങിയത്

10,486 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണ് വീട്. എട്ട് കിടപ്പുമുറികളും 9 കുളിമുറികളും മൂന്ന് കാര്‍ ഗാരേജും ഉള്‍പ്പെടുന്ന വീട്ടില്‍ ഒരു സ്വിമ്മിംഗ് പൂളുകളും ഉണ്ട്. ഇന്റര്‍ മിയാമി സോക്കര്‍ സ്‌റ്റേഡിയത്തിന് സമീപമാണ് വീട് സ്ഥിതി ചെയ്യുന്നത്. സ്‌റ്റേഡിയത്തില്‍ നിന്ന് ഏകദേശം പതിനഞ്ച് മിനിറ്റ് ഡ്രൈവ് ചെയ്താല്‍ വീട്ടിലെത്താം.

1988ല്‍ പണികഴിപ്പിച്ച വീട് ലോറി മോറിസ് ആണ് ഡിസൈന്‍ ചെയ്തത്. വിശാലമായ അടുക്കള, ഹോം ജിം, സ്പാ എന്നിവയും വീടിന്റെ ആകര്‍ഷണങ്ങളില്‍ ഒന്നാണ്. 1600 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ആഡംബര വീടിന്റെ ഒരു കിടപ്പുമുറി ഡിസൈന്‍ ചെയ്തിരിക്കുന്നത്. ദി റിയല്‍ റീഡ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. റിപ്പോര്‍ട്ട് പ്രകാരം മെസ്സിയുടെ നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യുന്ന അല്‍ഫോണ്‍സോ നെബോട്ട് ആര്‍മിസണുമായി ബന്ധപ്പെട്ട സ്ഥാപനമാണ് ഇടപാടിന് പിന്നില്‍. ഏകദേശം 70 ലക്ഷം രൂപയാണ് വീടിന്റെ പ്രതിവര്‍ഷ നികുതി.

കഴിഞ്ഞ ജൂലൈയിലാണ് മെസി ഇന്റര്‍ മിയാമിയില്‍ ചേര്‍ന്നത്. 2022മെയിനും 2023നും ഇടയില്‍ 130 മില്യണ്‍ ഡോളര്‍ വരുമാനവുമായി ഫോബ്‌സിന്റെ ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളുടെ പട്ടികയില്‍ മെസി രണ്ടാം സ്ഥാനത്ത് ഇടംപിടിച്ചു.

Tags:    
News Summary - Messi wants to have a daughter: Let's see if the girl arrives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.