സൂപ്പർ താരം ലയണൽ മെസ്സിയുടെ ബാഴ്സലോണയിൽനിന്നുള്ള കൂടുമാറ്റമായിരുന്നു 2021 വേനൽക്കാല ട്രാൻസ്ഫർ വിൻഡോയിലെ ഏറ്റവും ചൂടുള്ള ചർച്ച വിഷയം. അർജന്‍റൈൻ താരം ഫുട്ബാൾ കരിയറിലെ ഭൂരിഭാഗവും ചെലവഴിച്ചത് കാറ്റാലൻ ക്ലബിനൊപ്പമായിരുന്നു.
സൂപ്പർ താര പദവിയിലേക്കും ലോക ഫുട്ബാളിന്‍റെ നെറുകയിലേക്കുമുള്ള വളർച്ച അവിടെ നിന്നായിരുന്നു. കോവിഡ് മഹാമാരിയെ തുടർന്ന് ക്ലബ് അഭിമുഖീകരിച്ച സാമ്പത്തിക പ്രതിസന്ധിക്കു പിന്നാലെയാണ് ഏഴു തവണ ബാലൺ ഡി ഓർ പുരസ്കാര ജേതാവായ മെസ്സി ബാഴ്സലോണ വിടുന്നത്.
ഫ്രഞ്ച് ക്ലബ് പി.എസ്.ജിയിലേക്കായിരുന്നു സൂപ്പർ താരത്തിന്‍റെ കൂടുമാറ്റം. 2020ൽ ബാഴ്സയിലെ കരാർ പുതുക്കാൻ താരം മുന്നോട്ടുവെച്ച നിർദേശങ്ങൾ സ്പാനിഷ് മാധ്യമങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. താരത്തിന്‍റെ ആവശ്യങ്ങൾ ഫുട്ബാൾ ആരാധകരെ അമ്പരപ്പിക്കുന്നതാണ്.
ബാഴ്സയുടെ ഹോം ഗ്രൗണ്ടായ ക്യാമ്പ് നൂ സ്റ്റേഡിയത്തിൽ താരത്തിന്‍റെയും ലൂയിസ് സുവാരസിന്‍റെയും കുടുംബത്തിന് സ്വകാര്യ ക്യാമ്പിൻ വേണമെന്നാണ് മെസ്സി മുന്നോട്ടുവെച്ച ആവശ്യങ്ങളിലൊന്ന്. ക്രിസ്മസിന് സ്വന്തം രാജ്യമായ അർജന്‍റീനയിലേക്ക് പോകാൻ കുടുംബത്തിന് സ്വകാര്യ വിമാനം, 80 കോടി രൂപ സൈനിങ് ബോണസ്, കോവിഡ് കാലത്ത് വെട്ടിക്കുറച്ച ശമ്പളം തിരിച്ചുപിടിക്കുന്നതിന് തുടർന്നുള്ള വർഷങ്ങളിൽ ശമ്പളത്തോടൊപ്പം മൂന്നു ശതമാനം പലിശ, 10,000 യൂറോയുടെ റിലീസ് ക്ലോസിലൂടെ ബാഴ്‌സലോണയിൽനിന്ന് എപ്പോൾ വേണമെങ്കിലും പുറത്തു പോകാനുള്ള സ്വാതന്ത്ര്യം...മെസ്സിയുടെ ആവശ്യങ്ങൾ ഇങ്ങനെ പോകുന്നു.
മെസ്സിയുടെ പിതാവും ഏജന്‍റുമായ ജോർജ് മെസ്സിയും അഭിഭാഷകരും മുൻ ബാഴ്സ പ്രസിഡന്‍റ് ജോസപ് മരിയയും മറ്റു ക്ലബ് ബോർഡ് അംഗങ്ങളും നടത്തിയ ഇ-മെയിലുകളെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ വാർത്ത പുറത്തുവിട്ടത്. ക്ലബ് മെസ്സിയുടെ ആവശ്യങ്ങൾ നിരാകരിച്ചതോടെയാണ് ബാഴ്സയുമായുള്ള താരത്തിന്‍റെ ദീർഘനാളത്തെ ബന്ധം വേർപിരിഞ്ഞത്. 2020 ജൂൺ 11 മുതൽ ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ ആരംഭിച്ചതായും സ്പാനിഷ് മാധ്യമമായ എൽ മുണ്ടോ റിപ്പോർട്ട് ചെയ്തു.
കോവിഡ് പ്രതിസന്ധിയിൽ 2020-2021 സീസണിൽ ക്ലബ് മെസ്സി ഉൾപ്പെടെയുള്ള താരങ്ങളുടെ ശമ്പളത്തിൽ 20 ശതമാനം വെട്ടിക്കുറച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.