'ബഹുമാനം കാണിക്കൂ...'; സൂപ്പർ താരത്തിന് പിന്തുണയുമായി മെസ്യൂത് ഓസിൽ

പോർചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ദിവസങ്ങളായി ഫുട്ബാൾ പണ്ഡിറ്റുകളുടെ നിരന്തര വിമർശനങ്ങൾ നേരിടുകയാണ്. ഖത്തർ ലോകകപ്പിനു മുന്നോടിയായി ഒരു അഭിമുഖത്തിനിടെ താരം മാഞ്ചസ്റ്റർ യുനൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗിനെതിരെ നടത്തിയ പരാമർശങ്ങളാണ് വിവാദത്തിനിടയാക്കിയത്.

ലോകകപ്പിലെ ക്വാർട്ടർ മത്സരത്തിൽ പോർചുഗലിന്‍റെ ആദ്യ ഇലവനിൽ ഇടംപിടിക്കാതെ പോയതിനു പിന്നാലെയും താരത്തെ ചുറ്റിപ്പറ്റി പല കഥകളും പ്രചരിച്ചിരുന്നു. റയൽ മാഡ്രിഡിലെ മുൻ സഹതാരം മെസ്യൂത് ഓസിൽ ഇപ്പോൾ താരത്തിന് പിന്തുണയുമായി രംഗത്തുവന്നിരിക്കുകയാണ്. ക്രിസ്റ്റ്യാനോയെ വിമർശിക്കുന്നവർക്കെതിരെ രൂക്ഷ ഭാഷയിലാണ് ഓസിൽ പ്രതികരിച്ചത്.

റൊണാൾഡോ എന്ന സൂപ്പർതാരത്തിന്‍റെ പേര് ഉപയോഗിച്ച് ശ്രദ്ധപിടിച്ചുപറ്റാനാണ് വിമർശകർ ശ്രമിക്കുന്നതെന്ന് ട്വിറ്ററിൽ കുറ്റപ്പെടുത്തി. 'ക്രിസ്റ്റ്യാനോയെ കുറിച്ച് മാധ്യമങ്ങളിൽ ഇത്രയധികം വിമർശനങ്ങൾ വരുന്നത് എവിടെ നിന്നാണെന്ന് എനിക്ക് ശരിക്കും മനസ്സിലാകുന്നില്ല ... മാധ്യമങ്ങൾ ശ്രദ്ധനേടാൻ ശ്രമിക്കുകയാണ്, മാത്രമല്ല കരിയർ ഇല്ലാത്ത പണ്ഡിറ്റുകൾ അവന്റെ വലിയ പേര് ഉപയോഗിച്ച് ശ്രദ്ധ നേടാൻ ശ്രമിക്കുകയാണ്' -ഓസിൽ ട്വീറ്റുകളിൽ വ്യക്തമാക്കി.

കായിക ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളോട് എല്ലാവരും ബഹുമാനം കാണിക്കണം. അയാൾക്ക് ഉടൻ 38 വയസ്സാകും, ഈ വയസ്സിൽ സീസണിൽ 50 ഗോളുകൾ നേടാത്തതിൽ എന്തിനാണ് അത്ഭുതപ്പെടുന്നത്? പുതിയ തലമുറയിലെ ആർക്കെങ്കിലും അദ്ദേഹത്തെ പോലെ കളിക്കാനാകുമെന്ന് എനിക്ക് തോന്നുന്നില്ലെന്നും ഓസിൽ ട്വീറ്റിൽ പറയുന്നു.

Tags:    
News Summary - Mesut Ozil Slams Cristiano Ronaldo's Critics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.