മെക്സിക്കോയിലെ മുൻനിര ലീഗായ ലിഗ എം.എക്സിൽ മത്സരത്തിനിടെ താരത്തെ റഫറി കാൽമുട്ടുകൊണ്ട് നാഭിക്ക് തൊഴിച്ച സംഭവത്തിൽ കടുത്ത നടപടിയുമായി അധികൃതർ. റഫറിക്ക് 12 മത്സരങ്ങളിൽ വിലക്കേർപ്പെടുത്തി. കഴിഞ്ഞ ഞായറാഴ്ച ക്ലബ് അമേരിക്ക- ലിയോൺ മത്സരത്തിനിടെയായിരുന്നു സംഭവം. ലിയോൺ മുന്നിൽനിന്ന കളിയിൽ എതിർടീം അടിച്ച സമനില ഗോളിൽ ‘വാർ’ പരിശോധന ആവശ്യപ്പെട്ട് ലിയോൺ എത്തിയതോടെയാണ് സംഘർഷങ്ങൾക്ക് തുടക്കം. കൈയാങ്കളിയും ആറു പേർക്ക് മഞ്ഞക്കാർഡും കണ്ട തുടർനീക്കങ്ങൾക്കിടെ റഫറിയോട് കയർത്ത് താരങ്ങൾ എത്തിയപ്പോഴാണ് ലിയോൺ മിഡ്ഫീൽഡർ ലുകാസ് റൊമേറോയെ റഫറി ഫെർണാണ്ടോ ഹെർണാണ്ടസ് കാൽമുട്ടുകൊണ്ട് ലൈംഗികാവയവത്തിന് തൊഴിച്ചത്. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇതിനു പിന്നാലെയാണ് നടപടി.
വൻ കൈയാങ്കളിയിലേക്ക് നീങ്ങിയ മത്സരം ലിയോൺ മാനേജർ നികൊളാസ് ലാർസമന്റെ ഷർട്ട് കീറുന്നതിനും സാക്ഷിയായി. ഇരു ടീമിന്റെയും കോച്ചുമാരെ പിന്നീട് പുറത്താക്കുകയും ചെയ്തു.
സംഭവത്തിൽ പിന്നീട് റഫറി ഹെർണാണ്ടസ് റൊമേരോയോട് മാപ്പു ചോദിച്ചിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് മെക്സിക്കോ ഫുട്ബാൾ ഫെഡറേഷൻ ഉത്തരവിട്ടു. അതേ സമയം, റഫറിക്കെതിരെ കടുത്ത നടപടി വേണ്ടെന്ന് തൊഴിയേറ്റ റൊമേരോ ആവശ്യപ്പെട്ടിരുന്നു.
മത്സരം 2-2ന് സമനിലയിൽ പിരിഞ്ഞു. ലിഗ് എം.എക്സിൽ ലിയോൺ മൂന്നാമതും ക്ലബ് അമേരിക്ക നാലാമതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.