റോം: വംശീയാധിക്ഷേപത്തിന് പേരുകേട്ട സീരി എയിൽ മത്സരം പാതിവഴിയിൽ നിർത്തി താരങ്ങളുടെ ഇറങ്ങിപ്പോക്ക്. ഉദിനീസ്- എ.സി മിലാൻ മത്സരത്തിനിടെയാണ് കടുത്ത വംശവെറിയുമായി ഒരുപറ്റം ഗാലറി നിറഞ്ഞതോടെ കളി നിർത്തി മിലാൻ താരങ്ങൾ കയറിപ്പോയത്. മിലാൻ ഗോൾകീപർ മൈക് മൈഗ്നനെതിരെയായിരുന്നു ഉദിനീസ് ആരാധകരുടെ കൂകിവിളിയും അധിക്ഷേപവും. ആദ്യ പകുതിയിൽ മിലാൻ ഒരു ഗോൾ ലീഡ് പിടിച്ചതിനു പിറകെ വംശീയാധിക്ഷേപം അത്യുച്ചത്തിലായതോടെ മൈഗ്നനും പിറകെ സഹതാരങ്ങളും കളി നിർത്തി ഡ്രസ്സിങ് റൂമിലേക്ക് കയറിപ്പോയി. അൽപനേരം തടസ്സപ്പെട്ട കളി പുനരാരംഭിച്ചപ്പോൾ മിലാൻ 3-2ന് ജയിച്ചു.
താൻ കുരങ്ങുവിളി നേരിടുന്നത് ഇതാദ്യമല്ലെന്ന് 28കാരനായ മൈഗ്നൻ പറഞ്ഞു. കടുത്ത അധിക്ഷേപത്തിനിടെ സഹതാരങ്ങൾ ആശ്വാസവാക്കുകളുമായി താരത്തിന് ചുറ്റും നിലയുറപ്പിച്ചതും എന്നാൽ, ഗ്ലോവുകൾ അഴിച്ചുമാറ്റി താരം കയറിപ്പോകുന്നതും വേദനിപ്പിക്കുന്ന കാഴ്ചയായി. നേരത്തേതന്നെ റഫറിയോട് ഇതുസംബന്ധിച്ച് ഗോളി പരാതി അറിയിച്ചിരുന്നു.
ഇതിനെതുടർന്ന്, ഫ്രിയൂലി മൈതാനത്ത് വംശീയാധിക്ഷേപം നിർത്താൻ ഉറക്കെ ആഹ്വാനമുയർന്നെങ്കിലും ഫലമുണ്ടായില്ല. കളി നിർത്തി അഞ്ചു മിനിറ്റ് കഴിഞ്ഞാണ് പുനരാരംഭിച്ചത്. കളി നിർത്തുന്നതിന് പകരം ജയിച്ച് വായടപ്പിക്കാൻ തീരുമാനമെടുക്കുകയായിരുന്നെന്ന് മിലാൻ താരങ്ങൾ പിന്നീട് പറഞ്ഞു. നടപടിയെന്നോണം അടുത്ത മത്സരത്തിൽ ഉദിനീസ് സ്റ്റേഡിയത്തിന്റെ പകുതി ഭാഗം അടച്ചിട്ടായിരിക്കും മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.