ഫ്ലോറിഡ: അമേരിക്കയിൽ അടിമുടി മെസ്സി മയമാണ്. ഇന്റർ മയാമി അർജന്റീനൻ ഇതിഹാസതാരത്തെ അമേരിക്കൻ മണ്ണിലെത്തിച്ചത് മുതൽ ഫുട്ബാൾ ആരാധകർ ആവേശകൊടുമുടിയിലാണ്. അവരുടെ പ്രതീക്ഷകൾക്കും അപ്പുറത്ത് അവിശ്വസനീയമായ പ്രകടനത്തിലൂടെ സാക്ഷാൽ ലയണൽ മെസ്സി നിറഞ്ഞാടുകയാണ്. സജീവമായ ഫുട്ബാൾ ഗ്യാലറികളുടെ ആവേശം തണുപ്പിക്കുന്ന വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. മെസ്സി ഒരു ഇടവേളയിലേക്ക് നീങ്ങുകയാണ്.
അർജന്റീനയുടെ അന്താരാഷ്ട്ര മത്സരങ്ങൾക്കായി മെസ്സി മടങ്ങും. 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ കളിക്കാൻ ഒരുങ്ങുകയാണ് മെസ്സിയുടെ അർജന്റീന. ഇക്വഡോറിനും ബൊളീവിയക്കുമെതിരെയാണ് മത്സരങ്ങൾ. എന്നാൽ, മേജർ സോക്കർ ലീഗിലെ (എം.എൽ.എസ്) മത്സരങ്ങൾക്ക് മാറ്റമുണ്ടാകില്ല. അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുമ്പോൾ ഡിവിഷൻ നിർത്തിവെക്കുന്ന പതിവില്ല. അതേസമയം, ഇതിഹാസ താരമില്ലാതെ ഒരു എം.എൽ.എസ് അവർക്കിപ്പോൾ ആലോചിക്കാൻ പോലും കഴിയാത്ത ഒന്നാണ്.
അന്താരാഷ്ട്ര മാധ്യമമായ മാർക്ക റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, അന്താരാഷ്ട്ര മത്സരങ്ങൾ നടക്കുമ്പോൾ എം.എൽ.എസിലെ മത്സരങ്ങൾക്ക് ഇടവേള നൽകുന്നത് അധികൃതർ ഗൗരവമായി പരിഗണിക്കുന്നുവെന്നാണ് റിപ്പോർട്ട്. അടുത്ത വർഷം മുതൽ മാറ്റംവരുത്തിയേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. അതിന് കാരണമായി പറയുന്നത് മെസ്സി ഇഫക്ട് തന്നെയാണ്.
മെസ്സി എം.എൽ.എസിനുണ്ടാക്കിയ ഓളം ചെറുതല്ല. ഇതിഹാസതാരം വന്നതിൽ പിന്നെയാണ് ഗ്യാലറികൾ നിറഞ്ഞു കവിയാൻ തുടങ്ങിയത്. ടിക്കറ്റുകൾ ചൂടപ്പം പോലെ വിൽക്കുന്നത് മയാമിയുടെ മത്സരങ്ങൾക്കാണ്. മെസ്സിയെ പോലെ ഒരാൾ മാറി നിന്നാൽ ലീഗിന് കനത്ത ക്ഷീണമാകും. അത് മുന്നിൽ കണ്ടാണ് നിയമങ്ങൾ പരിഷ്കരിക്കാൻ അധികൃതർ ഒരുങ്ങുന്നത്.
അമേരിക്കൻ മേജർ സോക്കർ ലീഗിലെ ശരാശരിയിൽ താഴെയുള്ള ടീം മാത്രമായിരുന്നു ഇന്റർമയാമി. ജയത്തേക്കാളേറെ തോൽവിയുമായി പട്ടികയിൽ ഏറെ പിന്നിൽ നിൽക്കുന്ന ടീം. മെസ്സി മയാമിയിൽ എത്തിയപ്പോൾ കഥമാറി. പരാജയം എന്താണെന്ന് മയാമി മറന്ന് പോയി. മെസ്സിയുടെ വരവിന് ശേഷം കളിച്ച പത്ത് മത്സരങ്ങളിൽ ഒൻപതും ജയിച്ചു. ഒരു സമനിലയുമുണ്ട്. പത്ത് മത്സരങ്ങളിൽ 11 ഗോളുകളാണ് മെസ്സി അടിച്ചുക്കൂട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.