കൊച്ചി: ഐക്കൺ താരങ്ങളിലൊരാളായ സഹൽ അബ്ദുൽ സമദ് കേരള ബ്ലാസ്റ്റേഴ്സ് വിടുന്നത് ഇന്ത്യൻ ഫുട്ബാളിനെ അതിശയിപ്പിക്കുന്ന പണക്കിലുക്കത്തിന്റെ അകമ്പടിയോടെ. മലയാളി സൂപ്പർ താരത്തെ മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സിന് കൈമാറാൻ ധാരണയായി. 3.25 കോടിയുടെ കരാറാണ് ഇതുമായി ബന്ധപ്പെട്ട് ഇരു ക്ലബുകളും തമ്മിലുണ്ടാക്കിയത്.
നായകൻ പ്രീതം കോട്ടാലിനെ ബ്ലാസ്റ്റേഴ്സിനു കൈമാറുന്നതിനു പുറമെ, 1.75 കോടി രൂപ കൂടി മോഹൻ ബഗാൻ നൽകുമെന്നാണ് പുറത്തുവരുന്ന വിവരം. പ്രീതം കോട്ടാലിന് ഒന്നര കോടിയാണ് വിലയിട്ടിരിക്കുന്നത്. ഇന്ത്യൻ ഫുട്‌ബാളിലെ തന്നെ റെക്കോഡ് ട്രാൻസ്ഫറാണ് താരകൈമാറ്റത്തിലൂടെ സംഭവിക്കാൻ പോകുന്നത്.
മൂന്ന് വർഷത്തെ കരാറാണ് സഹലും മോഹൻ ബഗാനും തമ്മിൽ. രണ്ട് വർഷത്തേക്ക് കൂടി സഹലിന് കരാർ നീട്ടാനും വ്യവസ്ഥയുണ്ട്. വർഷം രണ്ടര കോടി സഹലിന് ലഭിക്കുമെന്നും അടുത്ത വൃത്തങ്ങൾ പറയുന്നു. പ്രീതം കോട്ടാലിന് ബ്ലാസ്റ്റേഴ്‌സ് വർഷം രണ്ട് കോടി നൽകേണ്ടി വരും. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന.
കഴിഞ്ഞ സീസണിൽ മോഹൻ ബഗാൻ കിരീടം ചൂടിയത് പ്രീതം കോട്ടാലിന്റെ നായക മികവിലായിരുന്നു. ഇന്ത്യൻ ഫുട്‌ബാളിലെ മിന്നും താരങ്ങളാണ് കോട്ടാലും സഹലും. ഇന്റർകോണ്ടിനന്റൽ കപ്പിലും സാഫിലും ഇന്ത്യ കിരീടം ചൂടുന്നതിൽ ഇരുവരും നിർണായക പങ്കുവഹിച്ചിരുന്നു. ചെന്നൈയിൻ എഫ്.സിയിൽനിന്ന് മധ്യനിര താരം അനിരുദ്ധ് ഥാപ്പയെ അഞ്ചു വർഷ കരാറിൽ ടീമിലെത്തിക്കാൻ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് ചെലവിട്ട മൂന്നു കോടിയാണ് നിലവിൽ ഒരു ഇന്ത്യൻ താരത്തിന്റെ റെക്കോഡ് ട്രാൻസ്ഫർ തുക.
കഴിഞ്ഞ ജൂൺ 23നായിരുന്നു ഥാപ്പയെ ബഗാൻ സ്വന്തമാക്കിയത്. 2.2 കോടി രൂപ ട്രാൻസ്ഫർ മൂല്യമുള്ള സഹലിന് 2025 മേയ് 31 വരെ ബ്ലാസ്റ്റേഴ്സുമായി കരാറുണ്ടായിരുന്നു. ഈ വർഷം ദേശീയ ജഴ്സിയിൽ ത്രിരാഷ്ട്ര ടൂർണമെന്റിലും ഇന്റർകോണ്ടിനെന്റൽ കപ്പിലും സാഫ് കപ്പിലും തിളങ്ങിയ താരം അറ്റാക്കിങ് മിഡ്ഫീൽഡർ എന്ന പൊസിഷനിൽ ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമാക്കിന്റെ സ്ഥിരം ആയുധമാണ്. പന്തടക്കവും ഡ്രിബ്ലിങ് മികവും എതിർ പ്രതിരോധത്തെ സ്തബ്ധമാക്കുന്ന അപ്രതീക്ഷിത പാസുകളുമാണ് സഹലിന്റെ കൈമുതൽ.
യു.എ.ഇയിലെ അൽ ഇത്തിഹാദ് ക്ലബിലൂടെ കളിച്ചുവളർന്ന കണ്ണൂർ സ്വദേശിയായ സഹൽ കേരളത്തിനായി സന്തോഷ് ട്രോഫിയിൽ അരങ്ങേറിയതിന് പിന്നാലെ 2017ലാണ് കേരള ബ്ലാസ്റ്റേഴ്സിലെത്തുന്നത്. റിസർവ് ടീമിലായിരുന്നു ആദ്യം ഇടം. പിറ്റേവർഷം മെയിൻ സ്ക്വാഡിലെത്തി. 26കാരനായ സഹൽ ആറു വർഷമായി ബ്ലാസ്റ്റേഴ്സ് ജഴ്സിയിലുണ്ട്. മഞ്ഞക്കുപ്പായത്തിൽ ഏറ്റവും കൂടുതൽ മത്സരത്തിൽ ബൂട്ടുകെട്ടിയ ക്രെഡിറ്റുള്ള സഹൽ 97 മത്സരങ്ങളിൽ 10 ഗോളും ഒമ്പത് അസിസ്റ്റും നേടി. ഇന്ത്യക്കായി 25 മത്സരങ്ങളിൽ മൂന്നു ഗോൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.