കൊൽക്കത്ത: സാൾട്ട് ലേക് സ്റ്റേഡിയത്തിൽ നടന്ന അവസാന ലീഗ് റൗണ്ട് പോരാട്ടത്തിൽ മുംബൈ സിറ്റിയെ 2-1ന് തോൽപിച്ച് നിലവിലെ ചാമ്പ്യന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസണിലെ ഷീൽഡ് ജേതാക്കളായി. 22 മത്സരങ്ങളും പൂർത്തിയായപ്പോൾ 48 പോയന്റുമായാണ് ബഗാൻ ഒന്നാം സ്ഥാനത്തേക്ക് കയറിയത്.
47 പോയന്റുള്ള മുംബൈ രണ്ടാം സ്ഥാനത്തേക്കിറങ്ങി. 28ാം മിനിറ്റിൽ ലിസ്റ്റൻ കൊളാസോ ബഗാനു വേണ്ടി ലീഡ് പിടിച്ചു. 80ാം മിനിറ്റിൽ ജെയ്സൺ കമിങ്സ് രണ്ടാം ഗോളും നേടിയതോടെ ആതിഥേയർ ജയം ഉറപ്പിച്ചെങ്കിലും 89ൽ ലലിൻസുവാലെ ചാങ്തെ തിരിച്ചടിച്ചു. പിന്നാലെ ബഗാൻ താരം ബ്രണ്ടൻ ഹാമിൽ (90+2) ചുവപ്പ് കാർഡും കണ്ടു.
ബഗാനും മുംബൈയും നേരിട്ട് സെമിയിലെത്തിയിട്ടുണ്ട്. എഫ്.സി ഗോവ (45), ഒഡിഷ എഫ്.സി (39), കേരള ബ്ലാസ്റ്റേഴ്സ് (33), ചെന്നൈയിൻ എഫ്.സി (27) ടീമുകളണ് പ്ലേ ഓഫ് കളിക്കുക.
കേരള ബ്ലാസ്റ്റേഴ്സിനെ ഒഡിഷ എഫ്.സി നേരിടും. ഗോവക്ക് ചെന്നൈയിനാണ് എതിരാളി. ഏപ്രിൽ 19നാണ് പ്ലേ ഓഫ്. 23ന് ഒന്നാം പാദ സെമി ഫൈനൽ പോരാട്ടങ്ങളും 28ന് രണ്ടാം പാദവും നടക്കും. ബ്ലാസ്റ്റേഴ്സ്-ഒഡിഷ വിജയികളെ ബഗാനും ഗോവ-ചെന്നൈയിൻ കളിയിലെ ജേതാക്കളെ മുംബൈ സിറ്റിയും സെമിയിൽ നേരിടും. മേയ് നാലിനാണ് ഫൈനൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.