ആഫ്രിക്കയിൽ അതിർത്തി സംഘർഷം മൈതാനത്തേക്ക്; ലോകകപ്പ് സെമിഫൈനലിസ്റ്റുകൾക്ക് വിമാനം നിഷേധിച്ച് അൾജീരിയ

മൊറോക്കോയും അൾജീരിയയും പതിറ്റാണ്ടുകളായി തുടരുന്ന അതിർത്തി സംഘർഷം പുതിയ തലത്തിലേക്ക്. ഇതുവരെയും വാക് പോരായും രാഷ്ട്രീയ പ്രതിസന്ധിയായും നിലനിന്ന വിഷയമാണ് ഫുട്ബാൾ മൈതാനത്തേക്കും പടരുന്നത്.

ഖത്തർ ലോകകപ്പ് സെമി വരെയെത്തി ആഫ്രിക്കൻ വൻകരയുടെ അഭിമാനമായി മാറിയ മൊറോക്കോ ​ടീമിന് തലസ്ഥാനമായ റബാത്തിൽനിന്ന് നേരിട്ട് വിമാനം നിഷേധിച്ചതാണ് ഏറ്റവുമൊടുവിലെ സംഭവം. അൾജീരിയൻ നഗരമായ കോൺസ്റ്റന്റീനിൽ നടക്കുന്ന ആഫ്രിക്കൻ നേഷൻസ് കപ്പിൽ പ​ങ്കെടുക്കേണ്ട ടീമിനാണ് വിമാനം വിലക്കിയത്. ഇതോടെ, കഴിഞ്ഞ രണ്ടു തവണയും ചാമ്പ്യന്മാരായ മൊറോക്കോ അണ്ടർ 23 ടീം ടൂർണമെന്റിൽനിന്ന് പിൻമാറി.

2021 സെപ്റ്റംബറിലാണ് മൊറോ​ക്കൻ വിമാനങ്ങൾക്ക് അൾജീരിയ വ്യോമപാത അടച്ചത്. അതിനു ശേഷം മൊറോക്കോയിൽനിന്ന് അൾജീരിയയിലേക്ക് നേരിട്ട് വിമാനസർവീസില്ല. ഇത്തവണ ആഫ്രിക്ക നേഷൻസ് കപ്പിൽ മൊറോക്കോ ടീം പ​ങ്കെടുക്കേണ്ടതായിരുന്നു. വെള്ളിയാഴ്ച ഉച്ചക്കു ശേഷം പുറപ്പെടുന്ന വിമാനത്തിൽ കയറാനായി റബാത്ത് വിമാനത്താവളത്തിലെത്തിയ താരങ്ങളും ഒഫീഷ്യലുകളും അനുമതി കാത്ത് മണിക്കൂറുകൾ കാത്തുനിന്ന ശേഷം മടങ്ങുകയായിരുന്നു. നേരിട്ട് വിമാനം അനുവദിക്കില്ലെന്നും മറ്റു രാജ്യങ്ങൾ വഴി എത്താമെന്നുമായിരുന്നു അൾജീരിയൻ നിലപാട്.

എന്നാൽ, നേരിട്ട് വിമാനം അനുവദിക്കില്ലെങ്കിൽ പ​ങ്കെടുക്കില്ലെന്ന് മൊറോക്കോയും തീരുമാനമെടുത്തു. ഇതോടെയാണ് ടൂർണമെന്റിലെ കിരീട ഫാവറിറ്റുകൾക്ക് ഇത്തവണ കളി മുടങ്ങിയത്.

പടിഞ്ഞാറൻ സഹാറ മേഖലയുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിൽ ഏറെയായി സംഘർഷം നിലനിൽക്കുകയാണ്. മൊറോക്കോ നിയന്ത്രണത്തിലുള്ള പ്രദേശത്ത് സ്വാതന്ത്ര്യം വേണമെന്നാണ് അൾജീരിയ പിന്തുണക്കുന്ന പൊളിസാരിയോ പ്രസ്ഥാനം ആവശ്യ​മുയർത്തുന്നത്. മേഖലയിൽ മൊറോക്കോ പരമാധികാരം യു.എസ് ഉൾപ്പെടെ രാജ്യങ്ങൾ പിന്തുണ നൽകുന്നുണ്ട്. ഇസ്രായേലുമായി നയതന്ത്രം എന്ന നിബന്ധനയിലാണ് മൊറോക്കോക്കൊപ്പം യു.എസ് നിന്നത്. ഫലസ്തീൻ വിഷയത്തിൽ വിട്ടുവീഴ്ചയില്ലെന്ന് അൾജീരിയയും പറയുന്നു.

Tags:    
News Summary - Morocco-Algeria Spat Spills Into Football With African Cup No-Show

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.