മെൽബൺ: ഫിഫ വനിത ലോകകപ്പിൽ പോരിനിറങ്ങുന്ന ആദ്യ അറബ്-ഉത്തരാഫ്രിക്കൻ രാജ്യമെന്ന പകിട്ടുമായി എത്തിയ മൊറോക്കൊക്ക് ആദ്യ മത്സരത്തിൽ കനത്ത തോൽവി. എതിരില്ലാത്ത ആറ് ഗോളിനാണ് രണ്ടുതവണ ചാമ്പ്യന്മാരായ ജർമനി മൊറോക്കൊയെ മുക്കിയത്. ജർമനിക്കായി ക്യാപ്റ്റൻ അലക്സാൻഡ്ര പോപ് ഇരട്ട ഗോൾ നേടി. രണ്ട് ഗോൾ മൊറോക്കൻ താരങ്ങളുടെ തന്നെ ‘സംഭാവന’ ആയിരുന്നു.
ഹിജാബ് ധരിച്ച് ഫിഫ ലോകകപ്പിൽ പന്തുതട്ടുന്ന ആദ്യ താരമെന്ന നേട്ടം കാത്തിരുന്ന മൊറോക്കൻ പ്രതിരോധ താരം നൗഹൈല ബെൻസിനക്ക് മത്സരത്തിൽ അവസരം ലഭിച്ചില്ല. ആസ്‌ട്രേലിയയും ന്യൂസിലൻഡും സംയുക്ത ആതിഥേയരാകുന്ന വനിത ലോകകപ്പിൽ ചരിത്രമെഴുതാൻ പോകുകയാണ് നൗഹൈല ബെൻസീനയെന്ന് ഫിഫ ലോകകപ്പിന്‍റെ ഔദ്യോഗിക ഹാൻഡിലിൽ ട്വീറ്റ് ചെയ്തിരുന്നു. തലമറച്ച് (ലോകകപ്പ്) ചാമ്പ്യൻഷിപ്പിനിറങ്ങുന്ന ആദ്യ താരമാകുകയാണ് മൊറോക്കക്കാരിയെന്നും ട്വീറ്റിൽ കുറിച്ചിരുന്നു. എന്നാൽ, പകരക്കാരുടെ ബെഞ്ചിൽ ഉണ്ടായിരുന്ന താരത്തിന് ആദ്യ മത്സരത്തിൽ അവസരം ലഭിച്ചില്ല. മൊറോക്കൻ വനിത ഫുട്‌ബാൾ ലീഗിലെ പ്രധാന ടീമുകളിലൊന്നായ മൊറോക്കൻ റോയൽ ആർമി ക്ലബിന്റെ താരമാണ് 25കാരിയായ നൗഹൈല. 2017ൽ മൊറോക്കോയുടെ അണ്ടർ 20 ടീമിലെ മിന്നും പ്രകടനമാണ് തൊട്ടടുത്ത വർഷം ദേശീയ ടീമിലെത്തിച്ചത്.
2007ൽ ഹിജാബ് ധരിച്ച കനേഡിയൻ താരത്തെ കളിയിൽനിന്ന് വിലക്കിയിരുന്നു. തലമറച്ച് കളിക്കുന്നത് ഫിഫയും വിലക്കിയിരുന്നു. പിന്നീട് 2012ൽ ഏഷ്യൻ ഫുട്‌ബാൾ ഫെഡറേഷന് പരീക്ഷണാടിസ്ഥാനത്തിൽ ഇത്തരത്തിൽ തലമറച്ച് കളിക്കാൻ അനുവാദം നൽകി. 2014ഓടെ ശിരോവസ്ത്ര വിലക്ക് ഫിഫ പൂർണമായി എടുത്തുമാറ്റുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.