മലപ്പുറം: ഒന്നേകാൽ നൂറ്റാണ്ട് തികയുന്ന ഇന്ത്യൻ ഒളിമ്പിക്സ് ചരിത്രത്തിലേക്ക് മലയാളത്തിൽ നിന്നൊരു പേര് കൂടി. ടോക്യോ ഒളിമ്പിക്സിൽ 400 മീറ്റർ ഹർഡ്ൽസിൽ പങ്കെടുക്കാൻ ആനക്കയം പന്തല്ലൂർ സ്വദേശി എം.പി. ജാബിറാണ് യോഗ്യത നേടിയത്. ലോകറാങ്കിൽ 32ാമനെന്ന നിലയിലാണ് ടിക്കറ്റ്. അഞ്ചര പതിറ്റാണ്ടിനിടെ ഒളിമ്പിക്സ് 400 മീറ്റർ ഹർഡ്ൽസിൽ ഒരു പുരുഷ അത്ലറ്റും രാജ്യത്തെ പ്രതിനിധീകരിച്ചിട്ടില്ല. പി.ടി. ഉഷക്ക് ശേഷം ഈയിനത്തിൽ മത്സരിക്കുന്ന ആദ്യ മലയാളിയുമാണ് ജാബിർ. കോവിഡ് പ്രതിസന്ധിയിൽ രണ്ട് വർഷത്തോളമായി മത്സരങ്ങളിലൊന്നും പങ്കെടുക്കാത്തതിനാൽ 2019ലെ 21ാം റാങ്കിൽനിന്ന് താഴേക്ക് പോയി 32ലെത്തിയെങ്കിലും ആദ്യ 40ലുള്ളതിനാൽ സ്വപ്നം സാക്ഷാത്കരിക്കാനായി.
പഞ്ചാബിലെ പട്യാലയിൽ നടന്ന ദേശീയ ഇൻറർസ്റ്റേറ്റ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 49.78 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വർണം നേടിയതാണ് ഏറ്റവും ഒടുവിലത്തെ പ്രകടനം. പന്തല്ലൂർ മുടിക്കോട് മദാരിപ്പള്ളിയാലിൽ ഹംസയുടെയും ഷെറീനയുടെയും മകനായ ജാബിർ, ഹൈസ്കൂൾ വിദ്യാർഥിയായിരിക്കെ 400 മീറ്റർ ഓട്ടത്തിലും 400 മീറ്റർ ഹർഡ്ൽസിലും പങ്കെടുത്താണ് സംസ്ഥാനതലത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. 2013ലെ സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ പന്തല്ലൂർ എച്ച്.എസ്.എസിനുവേണ്ടി 400 മീറ്റർ ഹർഡിൽസ് സ്വർണം. പ്ലസ് ടുവിന് തവനൂർ കേളപ്പന് മെമ്മോറിയല്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ. ഇവിടെ പ്രഫഷനൽ സ്പോർട്സ് അക്കാദമിയിൽ ചേർന്നത് വഴിത്തിരിവായി.
ദേശീയ സ്കൂൾ മീറ്റ് സ്വർണമടക്കം നിരവധി മെഡലുകൾ. 2015ൽ നാവികസേനയിൽ ജോലി കിട്ടി. 2017ൽ ഭുവനേശ്വറിലും 2019ൽ ദോഹയിലും നടന്ന ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പുകളിൽ രാജ്യത്തിന് വെങ്കല മെഡലുകൾ നേടിക്കൊടുത്തു. ദോഹയിലെ 49.13 സമയത്തിലൂടെ ലോക് അത്ലറ്റിക് ചാമ്പ്യൻഷിപ് യോഗ്യത. 2019ൽ ദോഹയിൽത്തന്നെയായിരുന്നു ലോക ചാമ്പ്യൻഷിപ്. സെമി ഫൈനലിൽ കടക്കുന്ന ആദ്യ ഇന്ത്യക്കാരനെന്ന നേട്ടവും സ്വന്തമാക്കി. കൊച്ചി സതേൺ നേവൽ കമാൻഡിൽ ചീഫ് പെറ്റി ഒാഫിസറാണ് ജാബിർ ഇപ്പോൾ. പന്തല്ലൂർ സ്കൂളിലെ വി.പി. സുധീർ, പ്രഫഷനൽ സ്പോർട്സ് അക്കാദമിയിലെ എം.വി. അജയൻ, കോട്ടയം സ്പോർട്സ് ഹോസ്റ്റലിലെ വിനയചന്ദ്രൻ എന്നിവർ പ്രധാന പരിശീലകരാണ്. കെ.ടി. ഇർഫാനുശേഷം മലപ്പുറം ജില്ലയിൽനിന്ന് ഒളിമ്പിക് യോഗ്യത നേടുന്ന ആദ്യ അത്ലറ്റുമാണ് 25കാരനായ ജാബിർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.