മാ​ൻ​കു​ന്നി​ലെ തേ​ക്കാ​ത്ത വീ​ടി​നു മു​ന്നി​ൽ മു​ഹ​മ്മ​ദ് സ​ഫ്നാ​ദും പി​താ​വ് ന​ജ്മു​ദ്ദീ​നും

മുഹമ്മദ് സഫ്നാദ്; മാൻകുന്നിന്റെ 'മാൻ ഓഫ് ദ മാച്ച്'

മേപ്പാടി (വയനാട്): മാൻകുന്നിന് 'വല്യ പെരുന്നാൾ' ആയിരുന്നു ചൊവ്വാഴ്ച. അവിടെ ചായത്തോട്ടത്തിനു നടുവിലെ നാലു സെന്റിലുള്ള സിമന്റ് തേക്കാത്ത വീടിനു മുൻവശത്ത് നാട്ടുകാർ പലരും ഒത്തുകൂടിയിട്ടുണ്ട്.

പെരുന്നാളാഘോഷമൊക്കെ അവർ നജ്മുദ്ദീന്റെ വീടിനു മുന്നിലേക്ക് മാറ്റിയിരിക്കുന്നു. നജ്മുദ്ദീന്റെ മകൻ മുഹമ്മദ് സഫ്നാദിനെ തേടി ഇടതടവില്ലാതെ ആളുകളെത്തുന്നുണ്ട്. അവരെ സ്വീകരിക്കുകയാണ് നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ. സന്തോഷ് ട്രോഫി ഫൈനലിൽ എല്ലാം നഷ്ടപ്പെട്ടെന്ന് കരുതിയേടത്തുനിന്ന് തകർപ്പനൊരു ഹെഡറിലൂടെ കേരളത്തിന് സമനിലയൊരുക്കുകയും അതുവഴി കിരീടത്തിലേക്ക് വഴിവെട്ടുകയും ചെയ്ത സഫ്നാദ് ആ ഒരൊറ്റ ഗോളിലൂടെ ഹീറോയായി മാറിക്കഴിഞ്ഞു.

ജനപ്രതിനിധികളും കളിക്കമ്പക്കാരും പൊതുപ്രവർത്തകരുമടക്കമുള്ളവർ സഫ്നാദിന്റെ കൊച്ചുവീട്ടിലേക്കെത്തുന്നു. പെരുന്നാൾ ദിനത്തിൽ പുറത്തൊന്നും പോകാതെ ആളുകളുടെ സ്നേഹവായ്പുകൾക്ക് നടുവിലാണ് താരം. മന്ത്രിമാർ അടക്കമുള്ളവർ ഫോണിൽ വിളിച്ചും ആശംസകൾ നേരുന്നു. കളി കഴിഞ്ഞതിനു പിന്നാലെ രാത്രി മലപ്പുറത്തുനിന്ന് മാൻകുന്നിലെ വീട്ടിൽ തിരിച്ചെത്തി. രാവിലെ മാൻകുന്ന് ജുമാമസ്ജിദിൽ പെരുന്നാൾ നമസ്കാരം. ബന്ധുവീടുകളിലൊന്നും പോകാൻ സമയം കിട്ടിയില്ല. ബുധനാഴ്ച കൊച്ചിക്ക് തിരിക്കും. ഇനി സ്വീകരണ പരിപാടികളുടെ തിരക്കാണ്.

കൊച്ചുവീട്ടിലെ ടെലിവിഷൻ സ്റ്റാൻഡിനു മുകളിൽ തിങ്ങി ഞെരുങ്ങിയിരിക്കുന്ന ട്രോഫികളുടെ കൂമ്പാരം ഇരുപതുകാരനായ സഫ്നാദിന്റെ മിടുക്ക് വിളിച്ചറിയിക്കുന്നുണ്ട്. നോവ അരപ്പറ്റ അക്കാദമിയിൽ എട്ടാം വയസ്സിൽ ഫൈസൽ ബാപ്പുവിന്റെ ശിക്ഷണത്തിലായിരുന്നു തുടക്കം. ഏഴു വർഷം നോവ അക്കാദമിയിൽ. തുടർന്ന് ഓസോൺ എഫ്.സിയുടെ സെലക്ഷൻ ട്രയൽസിൽ വിജയിച്ച് ബംഗളൂരുവിലേക്ക്. ഒരു വർഷം അവിടെ പരിശീലനം. തിരിച്ചെത്തിയ സഫ്നാദിന് ഗോകുലം കേരളയുടെ അണ്ടർ 18 ടീമിൽ സെലക്ഷൻ കിട്ടി. ഒരു വർഷം ഗോകുലത്തിൽ കളിച്ചു. കേരള യുനൈറ്റഡിനുവേണ്ടിയാണിപ്പോൾ കളത്തിലിറങ്ങുന്നത്.

സംസ്ഥാന സീനിയർ ചാമ്പ്യൻഷിപ്പിൽ വയനാടിനുവേണ്ടി കാഴ്ചവെച്ച മിടുക്കാണ് സന്തോഷ് ട്രോഫി ക്യാമ്പിലേക്ക് വഴിയൊരുക്കിയത്. ലയണൽ മെസ്സിയുടെ കടുത്ത ആരാധകനാണ് സഫ്നാദ്. മേപ്പാടി ജി.എച്ച്.എസ്.എസിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. ഇപ്പോൾ വളാഞ്ചേരി എം.ഇ.എസ് കോളജിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥി. മാതാവ് ഖദീജ. നാജിയ, ഫർഹാൻ എന്നിവർ സഹോദരങ്ങൾ.

Tags:    
News Summary - Muhammed Safnad- man of the match of Mankunnu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.