മഞ്ചേരി: സൂപ്പർ കപ്പ് ഡി ഗ്രൂപ്പിൽ സെമി ഉറപ്പിക്കാൻ മുംബൈ സിറ്റി എഫ്.സിയും ചെന്നൈയിൻ എഫ്.സിയും ശനിയാഴ്ച ഇറങ്ങും. പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ചെന്നൈയിൻ എഫ്.സി ചർച്ചിൽ ബ്രദേഴ്സിനെ നേരിടും. വൈകീട്ട് അഞ്ചിനാണ് മത്സരം. രാത്രി 8.30ന് നടക്കുന്ന രണ്ടാം മത്സരത്തിൽ മുംബൈ സിറ്റി എഫ്.സിയും നോർത്ത് ഈസ്റ്റ് യുനൈറ്റഡും തമ്മിൽ ഏറ്റുമുട്ടും.
നോർത്ത് ഈസ്റ്റിനെ 4-2ന് പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് ചെന്നൈയിൻ ഇറങ്ങുക. ക്യാപ്റ്റൻ അനിരുദ്ധ് ഥാപയുടെ മധ്യനിരയിലെ പ്രകടനമാണ് ടീമിന്റെ കരുത്ത്. ഗോളടിക്കാൻ റഹീം അലിയും ജൂലിയസ് വിൻസൻറ് ഡ്യൂകറും മുന്നിലുണ്ടാകും. ഉറച്ച പ്രതിരോധമാണ് ചെന്നൈയുടെ കരുത്ത്.
മലയാളി താരം പ്രശാന്ത് മോഹൻ രണ്ടാം പകുതിയിൽ ഇറങ്ങാനാണ് സാധ്യത. ആദ്യ മത്സരത്തിൽ മുംബൈയോട് തോറ്റെങ്കിലും ടീമിനെ വിറപ്പിക്കാനായതിനിന്റെ ആത്മവിശ്വാസവുമായാണ് ചർച്ചിൽ ഇറങ്ങുക.
ചർച്ചിലിനെ വീഴ്ത്തിയ മുംബൈക്ക് നോർത്ത് ഈസ്റ്റാണ് എതിരാളികൾ. ഐ.എസ്.എല്ലിൽ ഈ സീസണിൽ രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും വിജയം മുംബൈക്ക് ഒപ്പമായിരുന്നു. താരസമ്പന്നമാണ് മുംബൈ. അഹമ്മദ് ജാഹുവിന്റെ നേതൃത്വത്തിലിറങ്ങുന്ന മുംബൈക്ക് ഏത് ടീമിനെയും പരാജയപ്പെടുത്താനുള്ള കരുത്തുണ്ട്.
ആദ്യ കളിയിൽ നാല് മലയാളി താരങ്ങളുമായാണ് നോർത്ത് ഈസ്റ്റ് ഇറങ്ങിയത്. രണ്ടാം പകുതിയിൽ കളത്തിലിറങ്ങിയ എമിൽ ബെന്നി മികച്ച പ്രകടനമാണ് നടത്തിയത്. ഇത്തവണ ആദ്യ ഇലവനിൽ സ്ഥാനം പിടിക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.