മഞ്ചേരി: സൂപ്പർ കപ്പിന്റെ ആവേശത്തിനിടെ മഞ്ചേരിക്ക് ഇരട്ടി മധുരം സമ്മാനിച്ച് എ.എഫ്.സി ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫും. ഏഷ്യയിലെ മികച്ച ക്ലബുകൾ മത്സരിക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ക്ലബിനെ തെരഞ്ഞെടുക്കുന്ന മത്സരം ചൊവ്വാഴ്ച സ്റ്റേഡിയത്തിൽ നടക്കും. ഇന്ത്യൻ സൂപ്പർ ലീഗിലെ ഈ വർഷത്തെ ഷീൽഡ് ജേതാക്കളായ മുംബൈ സിറ്റി എഫ്.സിയും കഴിഞ്ഞ വർഷത്തെ ഷീൽഡ് ജേതാക്കളായ ജംഷഡ്പൂർ എഫ്.സിയും തമ്മിലാണ് പോരാട്ടം. രാത്രി 8.30നാണ് മത്സരം.
കഴിഞ്ഞ തവണ രാജ്യത്തെ പ്രതിനിധീകരിച്ചത് മുംബൈ സിറ്റി എഫ്.സിയായിരുന്നു. ഗ്രൂപ്പിൽ രണ്ടാമതെത്തിയ ടീം മത്സരങ്ങളിലുടനീളം മികച്ച പ്രകടനമാണ് നടത്തിയത്. ഇത്തവണ ഇന്ത്യൻ സൂപ്പർ ലീഗിൽ 20 കളികളിൽനിന്ന് 46 പോയന്റ് നേടിയാണ് മുംബൈ മുന്നിലെത്തിയത്.
56 ഗോളുകളും അടിച്ചൂകൂട്ടി. 18 കളികളിൽ തോൽവിയേറ്റുവാങ്ങാതെയാണ് ലീഗ് ഘട്ടം അവസാനിപ്പിച്ചത്. കോച്ച് ബക്കിങ്ഹാമിന്റെ തന്ത്രങ്ങളും മുംബൈക്ക് മുതൽക്കൂട്ടാകും. ലീഗിലുടനീളം സ്ഥിരത പുലർത്തിയ ടീം കൂടിയാണിത്.
ജംഷഡ്പൂരാകട്ടെ 19 പോയന്റുമായി പത്താമതായാണ് ഫിനിഷ് ചെയ്തത്. ലീഗിൽ രണ്ട് തവണ ഇരുവരും പരസ്പരം ഏറ്റുമുട്ടിയപ്പോൾ ഒരു തവണ ജയം മുംബൈക്കൊപ്പം നിന്നു. രണ്ടാം മത്സരം 1- 1 സമനിലയിലും അവസാനിച്ചു. എങ്കിലും ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫ് മത്സരമായതിനാൽ മികച്ച മത്സരം നടക്കുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.
ഏഷ്യയിൽ നിന്നുള്ള 40 ക്ലബുകളാണ് ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടുന്നത്. ഇവ പത്തു ഗ്രൂപ്പുകളായി തിരിച്ചായിരിക്കും മത്സരം. ഹോം-എവേ മത്സര രീതിയിലാണ് ക്രമീകരണം. സൗദി അറേബ്യയിലെ അൽ ഹിലാൽ ക്ലബാണ് നിലവിലെ ജേതാക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.