മുംബൈ: സ്വന്തം മണ്ണിലേറ്റ തോൽവിക്ക് മുംബൈയിൽ പകരം ചോദിക്കാനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തോൽവി. എതിരില്ലാത്ത നാലു ഗോളിനാണ് ബ്ലാസ്റ്റേഴ്സിനെ മുംബൈ സിറ്റി എഫ്.സി കശക്കിയെറിഞ്ഞത്. കളിയുടെ ആദിമധ്യാന്തം മേധാവിത്വം പുലർത്തിയ മുംബൈയുടെ ഗോൾമുഖത്ത് കാര്യമായ അപകടം പോലും വിതക്കാതെ കേരള ടീം ഏകപക്ഷീയമായി കീഴടങ്ങുകയായിരുന്നു. ആദ്യ 22 മിനിറ്റിനുള്ളിൽ പിറന്ന നാലു ഗോളുകളാണ് വിധിയെഴുതിയത്. ബാക്കി സമയം ബ്ലാസ്റ്റേഴ്സ് ഗോൾ വഴങ്ങാതിരുന്നത് മിച്ചം.
ജയത്തോടെ 13 മത്സരങ്ങളിൽ 33 പോയന്റുമായി മുംബൈ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് കയറി. ഇത്രയും കളികൾ പൂർത്തിയാക്കിയ ഹൈദരാബാദ് എഫ്.സി (31) രണ്ടാമതും ബ്ലാസ്റ്റേഴ്സ് (25) മൂന്നാമതുമാണ്. മുംബൈക്കു വേണ്ടി ജോർജ് പെരേര ഡയസ് ഇരട്ട ഗോൾ നേടി. നാല്, 22 മിനിറ്റുകളിലാണ് പെരേര നിറയൊഴിച്ചത്. പത്താം മിനിറ്റിൽ ഗ്രെഗ് സ്റ്റെവാർട്ടും 16ൽ ബിപിൻ സിങ്ങും സ്കോർ ചെയ്തു.ജാംഷഡ്പുർ എഫ്.സിക്കെതിരെ ഉജ്ജ്വല ജയം നേടിയ ടീമിലെ ആദ്യ ഇലവനിൽ ചില മാറ്റങ്ങളുമായാണ് ഇവാൻ വുകോമനോവിക് ഇന്നലെ എത്തിയത്. സന്ദീപ് സിങ്ങിനും ലെസ്കോവിച്ചിനും പകരം പ്രതിരോധ ഭടന്മാരായി ഹർജൻജോത് സിങ് ഖബ്രയും വിക്ടർ മോൻഗിലും ഇറങ്ങി. മധ്യനിരയിൽ ഇവാൻ കലിയൂഷ്നി സ്ഥാനമുറപ്പിച്ചപ്പോൾ അപ്പോസ്തലസ് ജിയാനൂ ബെഞ്ചിലായി.
കിക്കോഫിനു പിന്നാലെ കണ്ടത് മുംബൈയുടെ തേർവാഴ്ച. നാലാം മിനിറ്റിലേക്ക് കടക്കവെ പന്തുമായി മുംബൈയുടെ ബിപിൻ സിങ് ബോക്സിൽ. തടയാൻ ബ്ലാസ്റ്റേഴ്സ് കാവൽക്കാരൻ ഗില്ലിന്റെ ശ്രമം. റീബൗണ്ട് ചെയ്ത പന്ത് കൃത്യമായി അകത്താക്കി ഡയസ് തന്റെ മുൻ ടീമിന് ആദ്യ തിരിച്ചടി നൽകി. മുംബൈ ആക്രമണത്തെ ഒരു നിലക്കും പ്രതിരോധിക്കാനാവാതെ ബ്ലാസ്റ്റേഴ്സ് വിയർത്തപ്പോൾ ഗില്ലിന് പിടിപ്പത് പണിയായി. ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആവേശമുണ്ടാക്കിയൊരു നീക്കത്തെത്തുടർന്ന് പത്താം മിനിറ്റിൽ തന്നെ മറ്റൊരു ഗോൾ വഴങ്ങുന്നതാണ് കണ്ടത്. ഡയമന്റകോസിന്റെ അടി മുംബൈ ഗോളി ലാചെൻപ നിയന്ത്രണത്തിലാക്കി. തുടർന്ന് കലിയൂഷ്നിയെ ടാക്കിൾ ചെയ്തു ഡയസ്. പിന്നാലെ ബ്ലാസ്റ്റേഴ്സ് ഗോൾമുഖത്ത് വലതുവിങ്ങിൽനിന്ന് ചാങ്തെയുടെ ക്രോസ് ഹെഡറിലൂടെ വലയിലാക്കി സ്റ്റെവാർട്ട് (0-2). 13ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന് അനുകൂലമായി കിട്ടിയ ലൂണയുടെ ഫ്രീ കിക്ക് മുംബൈ പ്രതിരോധിച്ചു.
16ാം മിനിറ്റിൽ മുംബൈ വീണ്ടും. ബോക്സിലേക്ക് ലഭിച്ച ലോങ്ബാൾ ഡയസ് വരുതിയിലാക്കി ബോക്സിനരികിൽനിന്ന് ബിപിന് ക്രോസ് നൽകി. ആദ്യ ടച്ചെടുത്ത് ബിപിൻ പന്ത് പോസ്റ്റിന്റെ വലതുമൂല ലക്ഷ്യമാക്കി തൊടുത്തു. ബ്ലാസ്റ്റേഴ്സ് പ്രതിരോധ നിരയെയും ഗില്ലിനെയും കാഴ്ചക്കാരാക്കി വലയിലേക്ക് ഊഴ്ന്നിറങ്ങി. 22ാം മിനിറ്റിൽ മറ്റൊരു പ്രഹരം. അഹ്മദ് ജാഹുവിൽനിന്ന് കിട്ടിയ മികച്ചൊരു പാസ് നിയന്ത്രണത്തിലാക്കി തടയാനുള്ള ശ്രമങ്ങൾ പരാജയപ്പെടുത്തി ഗിൽ മാത്രം മുന്നിൽ നിൽക്കെ പോസ്റ്റിലേക്ക് കടത്തിവിട്ട് ഡയസിന്റെ രണ്ടാമത്തെയും മുംബൈയുടെ നാലാമത്തെയും ഗോൾ. ആതിഥേയരുടെ പൂർണ മേധാവിത്വത്തോടെ ഒന്നാം പകുതി തീർന്നു. രണ്ടാം പകുതിയിലും കളിയുടെ നിയന്ത്രണം മുംബൈ ഏറ്റെടുത്തു. കിട്ടിയ അവസരങ്ങൾ ബ്ലാസ്റ്റേഴ്സിന് ഉപയോഗപ്പെടുത്താനാവാതെ പോയതോടെ സ്കോർ മുൻനിലയിൽ തുടർന്നു.
53ാം മിനിറ്റിൽ മുംബൈക്ക് ഫ്രീ കിക്ക്. മൈതാന മധ്യത്തിൽനിന്ന് ജാഹു എടുത്ത കിക്ക് ഗിൽ രക്ഷപ്പെടുത്തിയില്ലെങ്കിലും ഒരു മനോഹര ഗോൾ പിറന്നേനെ. 64ാം മിനിറ്റിൽ എതിരാളികളുടെ മറ്റൊരു ഗോൾ ശ്രമം ബ്ലാസ്റ്റേഴ്സ് നായകൻ ജെസൽ ഇല്ലാതാക്കി. ഡയമന്റകോസിന് പകരം ജിയാനുവും സഹലിനെ മാറ്റി മിറാൻഡയെയും കൊണ്ടുവന്നെങ്കിലും ആശ്വാസ ഗോൾ പോലും നേടാനാവാതെ കേരള ടീം കുഴങ്ങി. തുടർച്ചയായി ലഭിച്ച കോർണറുകളിൽനിന്ന് ലക്ഷ്യം നേടാൻ ബ്ലാസ്റ്റേഴ്സിനാവാതെ പോയതോടെ മുംബൈ ഫുട്ബാൾ അറീനയിലെത്തിയ മഞ്ഞപ്പടയുടെ മുഖത്ത് നിരാശ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.