മറഡോണ വാണ സുവർണകാലം തിരികെയെത്തുന്നു; ആഘോഷത്തിലലിഞ്ഞ് ഒരു ഇറ്റാലിയൻ ക്ലബും നഗരവും

ആഘോഷം പരകോടിയിലാണ് ഇറ്റലിയിലെ നേപ്ൾസ് നഗരത്തിൽ. അന്ന് മറഡോണക്കൊപ്പം പന്തുതട്ടിക്കയറിയ സുവർണ ഗോപുരങ്ങളിൽ തങ്ങളുടെ സ്വന്തം ടീം തിരികെയെത്താൻ അടുത്തതിന്റെ ആഘോഷം. വഴിയോരങ്ങളിലും നഗരനിരത്തുകളിലും നിറഞ്ഞ് കൊടികളും ജഴ്സികളുമാണ്, മറഡോണയുള്ളതും ഇല്ലാത്തതും. 33 വർഷം മുമ്പ് സ്വന്തമാക്കിയ കിരീടമാണ് ഒടുവിൽ സമ്പൂർണ വാഴ്ചയോടെ തിരിച്ചെത്തുന്നത്.

സീരി എയിൽ ഒന്നാം സ്ഥാനത്ത് 16 പോയിന്റ് ലീഡുമായി നാപോളി ബഹുദൂരം മുന്നിലാണിപ്പോൾ. 10 മത്സരങ്ങളിൽ പരമാവധി 15 പോയിന്റാണ് ആവശ്യം. അതും രണ്ടാം സ്ഥാനത്തുള്ള ലാസിയോ അവരുടെ എല്ലാ കളികളും ജയിച്ചാൽ മാത്രം. ഇല്ലെങ്കിൽ അത്രയും വേണ്ട. അതിനാൽ തന്നെ കിരീടം എത്രയും നേരത്തെ ഷോകേസിലെത്തിച്ച് ആഘോഷം രാജകീയമാക്കാനുള്ള പിടച്ചിലിലാണ് നേപ്ൾസ് നഗരം. ജൂൺ നാലിനാണ് സീരി എ സീസൺ അവസാന ദിവസമെങ്കിലും അത്രയും കാത്തിരിപ്പ് വേണ്ടിവരില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷ. നിലവിലെ പ്രകടനം പരിഗണിച്ചാൽ അതിന്റെ പകുതി സമയമെടുത്ത് ടീം കിരീടമുയർത്തേണ്ടതാണ്.

അതുകൊണ്ടുതന്നെ, മുമ്പ് കിരീടം പിടിച്ച് മറഡോണക്കൊപ്പം ചുവടുവെച്ച ഓർമകളിലേക്കാണിപ്പോൾ നേപ്ൾസ് തിരികെ നടക്കുന്നത്. 1987ലായിരുന്നു ആദ്യമായി നേപ്ൾസ് സ്കുഡെറ്റോ (സീരി എ) കിരീടമേറുന്നത്. മറഡോണയായിരുന്നു അന്ന് സോക്കറിലെ വിശ്വരാജാവ്. 1990ലായിരുന്നു അവസാനത്തേത്. വർഷങ്ങൾ​ കൊണ്ട് ഓരോ നേപ്ൾസുകാരന്റെയും ഹൃദയത്തിലേറിയ മറഡോണയുടെ ചിത്രം ഇന്ന് നഗരം മുഴുക്കെ കാണാം. ബാറുകളുടെ കതകുകളിൽ തുടങ്ങി കാറുകളുടെ ബംപറുകളിൽ വരെ. നേപ്ൾസുകാർക്ക് സ്വപ്നങ്ങൾ നൽകിയ തമ്പുരാനെ അവർക്ക് അത്രക്ക് ഓർക്കുന്നു.

1984ൽ റെക്കോഡ് തുകക്കായിരുന്നു മറഡോണ നാപോളിക്കൊപ്പം ചേരുന്നത്. വൻ ഭൂചലനത്തിന്റെ ആ​ഘാതംവിട്ട് ഉണരുന്നേയുണ്ടായിരുന്നുള്ളൂ അ​പ്പോൾ നേപ്ൾസ്. രണ്ടുവട്ടം സീരി എയിൽ മുത്തമിട്ട ടീം ഒരു വട്ടം യുവേഫ കപ്പും പിടിച്ചു. പിന്നീട് സാമ്പത്തികമായി തകർന്ന ടീം ഏറെയായി ചിത്രത്തിലുണ്ടായിരുന്നില്ല. അവിടെനിന്നാണ് ഇത്തവണ സ്വപ്ന തുല്യമായ തിരിച്ചുവരവ്. മിലാനുകാരും യുവന്റസുമടക്കം വാഴുന്ന ലീഗിൽ ഇത്തവണ നേപ്ൾസ് മാത്രമായിരുന്നു തുടക്കം മുതൽ രാജാക്കന്മാർ. സ്പലെറ്റിയെന്ന മാന്ത്രികനാണ് ടീമിന്റെ പരിശീലകൻ. മറഡോണയുടെ പിൻഗാമിയായി ആരാധകർ കാണുന്ന ക്വാരറ്റ്സ്കലിയ, ഇരട്ടത്തലയുള്ള ഡ്രാഗൺ എന്ന് കോച്ച് വിളിക്കുന്ന ഒസിംഹെൻ തുടങ്ങിയവരാണ് ടീമിന്റെ വിജയ ശിൽപികൾ. 

Tags:    
News Summary - Naples: A city on the brink as Napoli close in on first title in 33 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.