വെസൂവിയസ് അഗ്നിപർവതത്തിന് മുകളിൽ തീയിട്ട് സീരി എ കിരീട നേട്ടം ആഘോഷമാക്കാൻ നാപോളി ആരാധകർ; തീക്കളി വേണ്ടെന്ന് അധികൃതർ

പഴയ ​മറഡോണക്കാലത്തിന്റെ ഓർമകൾ തിരിച്ചുനൽകി ഇറ്റലിയിൽ നാപോളി ക്ലബ് സീരി എ കിരീടത്തിലേക്ക് നീങ്ങുകയാണ്. എതിരാളികൾ ഇനിയെത്ര ആഞ്ഞുപിടിച്ചാലും നേപ്ൾസ് നഗരത്തിലേക്കു തന്നെയാകും ഇത്തവണ കപ്പിന്റെ യാത്രയെന്ന് ഉറപ്പായിക്കഴിഞ്ഞു. വർഷങ്ങളേറെ കഴിഞ്ഞ് വിരുന്നെത്തുന്ന കപ്പും കിരീടവും ശരിക്കും ആഘോഷമാക്കണമെന്ന് ഓരോ നാപോളി ആരാധകനും കണക്കുകൂട്ടുന്നു.

എന്നാൽ പിന്നെ, നഗരത്തിന് അഭിമുഖമായി നിൽക്കുന്ന ലോകത്തെ ഏറ്റവും സജീവ അഗ്നിപർവതങ്ങളിലൊന്നായ വെസൂവിയസ് പർവതത്തിലേ​റി ആഘോഷിച്ചാലോ എന്ന ചിന്തയിലാണ് ചില ആരാധകർ. ഇറ്റലിയുടെ ദേശീയ പതാകയിലെ വർണങ്ങൾ അഗ്നിയായി പ്രകാശിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം. പർവതത്തിന് മുകളിലാകുമ്പോൾ പരിസര നഗരങ്ങളിലുള്ളവർക്കും ഈ ആഘോഷം കാണാനാകുമെന്ന് ഇവർ കണക്കുകൂട്ടുന്നു. എന്നാൽ, ഏതുനിമിഷവും നഗരത്തെ ചാരമാക്കാൻ ശേഷിയുള്ള അഗ്നിപർവതത്തിലേറി തീക്കളി അരുതെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.

നൂറ്റാണ്ടുകൾക്ക് മുമ്പ് എ.ഡി 79ലാണ് വൻ പൊട്ടിത്തെറിയുമായി വെസൂവിയസ് ചരിത്രത്തിലെത്തിയത്. അന്നത്തെ പ്രമുഖ പട്ടണമായ പോംപി മാത്രമല്ല, ഹെർകുലേനിയവും സ്ഫോടനത്തിൽ ഇല്ലാതായി. പിന്നീട് വലിയ പൊട്ടിത്തെറികൾ ഉണ്ടായില്ലെങ്കിലും ഇപ്പോഴും സജീവമാണ് വെസൂവിയസ്. ഏതു നിമിഷവും ലാവ പുറത്തെത്തി രൗദ്ര ഭാവം കാണിക്കാം. നേപ്ൾസ് നഗരത്തെ ഇല്ലാതാക്കാം. ഇത് മനസ്സിലാക്കാതെ കളിക്കരുതെന്നാണ് അധികൃതർ പറയുന്നത്.

കഴിഞ്ഞ ഞായറാഴ്ച ടൂറിനിൽ യുവന്റസിനെതിരായ മത്സരം ജയിച്ചതോടെയാണ് ടീം ആഘോഷം സജീവമാക്കിയത്. ഏകപക്ഷീയമായ ഒരു ഗോളിന് ജയം പിടിച്ച ടീമിനെ 10,000 ഓളം ആരാധകർ ചേർന്നാണ് നഗരത്തിലേക്ക് ആനയിച്ചത്. ആയിരക്കണക്കിന് മോട്ടോർബൈക്കുകളും സ്കൂട്ടറുകളും അകമ്പടി നൽകി കൊട്ടുംകുരവയുമായിട്ടായിരുന്നു സ്വീകരണം. ഞായറാഴ്ച ടീം അടുത്ത കളിയിൽ സാലർനിറ്റാനയെ വീഴ്ത്തുന്നതോടെ കിരീടം ഉറപ്പാകും.

എന്നാൽ, ​ലോകത്തെ ഏറ്റവും അപകടം പിടിച്ച അഗ്നിപർവതങ്ങളിലൊന്നായാണ് ഇന്നും വെസൂവിയസിനെ ലോകം കാണുന്നത്. 30 ലക്ഷത്തോളം പേർ ഇതിന്റെ പരിസരത്ത് ജീവിക്കുന്നുണ്ട്. ഇതിൽ എട്ടു ലക്ഷം പേർ അപകട മേഖലയിലും. എന്നുവെച്ചാൽ, ലോകത്ത് ഏറ്റവും ജനസാന്ദ്രതയുള്ള അഗ്നിപർവത മേഖലയാണിത്. ഇവിടെ തീക്കളി അരുതെന്നാണ് മുന്നറിയിപ്പ്.

അതേ സമയം, നാപോളിയും നേപ്ൾസ് നഗരവും ഏറെയായി കാത്തിരിക്കുന്ന വിജയമാണിത്. സമീപകാലത്തൊന്നും ഇത്ര മികച്ച വിജയം പിടിക്കാനാവാതെ ഉഴറിയ ടീം ഇത്തവണ ആദ്യാവസാനം ​ലീഡ് നിലനിർത്തിയാണ് കളികളിനിയും ബാക്കിനിൽക്കെ ആഘോഷത്തിലലിയുന്നത്. 

Tags:    
News Summary - Napoli fans told not to take title party onto Mount Vesuvius volcano

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.