അഹ്മദാബാദ്: ദേശീയ ഗെയിംസ് ഫുട്ബാളിൽ വിജയത്തോടെ തുടങ്ങി കേരളം. ഒരു ഗോളിന് പിറകിൽ നിന്ന ശേഷം രണ്ടെണ്ണം തിരിച്ചടിച്ചാണ് വി. മിഥുനും സംഘവും ജയം ആഘോഷിച്ചത്. ഗോൾരഹിതമായിരുന്നു ആദ്യ പകുതി. രണ്ടാം പകുതിയിൽ പക്ഷേ, കഥമാറി. 68ാം മിനിറ്റിൽ ഒഡിഷ ലീഡ് പിടിച്ചു. പെനാൽറ്റി കിക്ക് അർപൻ ലഖ്റ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. 75ാം മിനിറ്റിൽ നിജോ ഗിൽബർട്ട് കേരളത്തിനുവേണ്ടി ഗോൾ മടക്കി. മത്സരം സമനിലയിലേക്ക് നീങ്ങവേ 92ാം മിനിറ്റിൽ പകരക്കാരൻ മുഹമ്മദ് പാറക്കോട്ടിലിന്റെ പാസിൽ ജെ. ജെറീറ്റോയാണ് വിജയഗോൾ നേടിയത്.
ആദ്യ പകുതിയിൽ പ്രതിരോധത്തിലൂന്നിയ ഒഡിഷക്കാർ കേരള താരങ്ങളെ ഗോളടിക്കാൻ സമ്മതിച്ചില്ല. രണ്ടാം പകുതിയുടെ തുടക്കത്തിലും സമാനസ്ഥിതിയായിരുന്നു. ഇതിനിടെ അവസാന 30 മിനിറ്റിലേക്ക് കടന്നപ്പോൾ പക്ഷേ, കളിയുടെ ഗതിമാറി. പന്തുമായി പലതവണ ഒഡിഷ കേരളത്തിന്റെ ഗോൾ മുഖത്തെത്തി. 67ാം മിനിറ്റിൽ ബോക്സിൽവെച്ച് കേരള താരം വിഷ്ണുവിന്റെ കൈയിൽ പന്ത് തട്ടിയപ്പോൾ ഒഡിഷയുടെ പെനാൽറ്റി അപ്പീൽ. ഇത് റഫറി അംഗീകരിച്ചതോടെ അർപൻ കിക്കെടുക്കാനെത്തി. ഗോളി മിഥുനെ നിസ്സഹായനാക്കി പന്ത് വലയിൽ. മുറിവേറ്റ കേരളം ഉണർന്നു.
75ാം മിനിറ്റിൽ പന്തുമായി മുന്നേറിയ നിജോ ബോക്സിന് പുറത്തുനിന്നുതന്നെ പോസ്റ്റിലേക്ക് തൊടുത്തു. ഒഡിഷ ഗോൾ കീപ്പർ ചിന്മയ ശേഖറിന് ഒന്നും ചെയ്യാനായില്ല. ജയിക്കാനുള്ള എല്ലാ ശ്രമവും ഇരു ടീമും പുറത്തെടുത്തതോടെ കളി മുറുകി. നിശ്ചിത സമയം കഴിഞ്ഞ് ഇൻജുറി ടൈമിൽ കേരളത്തിന്റെ വിജയഗോളും പിറന്നു. മുഹമ്മദ് പാറക്കോട്ടിൽ ബോക്സിനകത്തേക്ക് നൽകിയ പാസ് ജെറീറ്റോ പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് ചെത്തിയിട്ടു. ഗ്രൂപ്പിൽ ചൊവ്വാഴ്ച സർവിസസിനെയും വ്യാഴാഴ്ച മണിപ്പൂരിനെയുമാണ് കേരളത്തിന് നേരിടാനുള്ളത്. ആദ്യ രണ്ട് സ്ഥാനക്കാരാണ് സെമി ഫൈനലിലെത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.