തേഞ്ഞിപ്പലം: കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ തുടക്കംകുറിച്ച ദേശീയ സീനിയര്‍ വനിത ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിെൻറ ആദ്യ മത്സരത്തില്‍ ദാദ്ര-നാഗര്‍ഹവേലിയെ ഗോൾമഴയിൽ മുക്കി ഛത്തിസ്ഗഢിന് തകർപ്പൻ വിജയം. എതിരില്ലാത്ത ഒമ്പത് ഗോളിനാണ് ഇവർ എതിരാളികൾക്കെതിരെ ആധികാരിക ജയം നേടിയത്. ഛത്തിസ്ഗഢിനായി കിരണ്‍ പിസ്ഡ ഹാട്രിക് നേടി. ശുഭാംഗി സുബ്ബയും പ്രിയങ്ക ഫുടാനും രണ്ടും മസിപൊഗുവും ഹിന നിര്മല്കറും ഓരോ ഗോള്‍ വീതവും നേടി. രണ്ടാം പകുതിയില്‍ പകരക്കാരിയായി ഇറങ്ങിയാണ് പ്രിയങ്ക രണ്ട് ഗോള്‍ നേടിയത്.
തുടക്കം മുതൽ മികച്ച നീക്കം
കളിയുെട തുടക്കം മുതൽ മികച്ച നീക്കങ്ങളുമായാണ് ഛത്തിസ്ഗഢ് വരവറിയിച്ചത്. 13ാം മിനിറ്റില്‍ ശുഭ തുടക്കം നൽകി ശുഭാംഗി സുബ്ബയാണ് ഛത്തിസ്ഗഢിന് ആദ്യ ഗോൾ സമ്മാനിച്ചത്. ബോക്സിന് പുറത്തുനിന്ന് ലഭിച്ച ബാൾ ഉഗ്രന്‍ ലോങ് റേഞ്ചിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു.
ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളൊന്നും നേടാനായില്ല. തുടക്കം മുതൽ ആക്രമിച്ച് കളിച്ച ഛത്തിസ്ഗഢിനടുത്തായിരുന്നു കളിയുെട നിയന്ത്രണം. പ്രതിരോധ നിരയുടെ പാളിച്ചയും മുന്നേറ്റങ്ങൾ ഗോളാക്കി മാറ്റാൻ കഴിയാഞ്ഞതും ദാദ്ര-നാഗര്ഹവേലിക്ക് തിരിച്ചടിയായി.
രണ്ടാം പകുതിയിൽ 'എട്ടി'െൻറ ഒടുക്കം
രണ്ടാം പകുതിയിലായിരുന്നു ഛത്തിസ്ഗഢ് ബാക്കി എട്ട് ഗോളുകളും അടിച്ചെടുത്തത്. തുടക്കത്തില്‍ തന്നെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. 46ാം മിനിറ്റില്‍ മസിപൊഗു പുഷ്പ ബോക്സിലേക്ക് നല്കിയ പാസ് മനോഹരമായ ഫിനിഷിലൂടെ കിരണ്‍ പിസ്ഡയാണ് രണ്ടാം ഗോള്‍ നേടിയത്. ഒരു മിനിറ്റിന് ശേഷം മസിപൊഗുവിെൻറ ലോങ് റേഞ്ചിലൂടെ ഛത്തിസ്ഗഢ് മൂന്നാം ഗോള്‍ നേടി. 72ാം മിനിറ്റില്‍ ശുഭാംഗി സുബ്ബയുടെ രണ്ടാം ഗോളിലൂടെ ലീഡ് നാലാക്കി. തുടര്‍ന്നും ഛത്തിസ്ഗഢിന് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും തലനാരിഴക്ക് ഗോളുകൾ അകന്നു. 80ാം മിനിറ്റില്‍ കിരണ്‍ പിസ്ഡയും 82ാം മിനിറ്റില്‍ പകരക്കാരിയായി ഇറങ്ങിയ ഹിന നിര്മല്കറും ഓരോ ഗോള്‍ വീതം നേടി. രണ്ടാം പകുതിയില്‍ പകരക്കാരിയായിയെത്തിയ പ്രിയങ്ക ഫുടാന് 88, 90 മിനിറ്റുകളില്‍ രണ്ട് ഗോള്‍ നേടി. മത്സരം അധികസമയത്തിലേക്ക് നീങ്ങിയ സമയത്ത് കിരണ്‍ പിസ്ഡ ഹാട്രിക് ഗോളും തികച്ച് ടീമിെൻറ വിജയം ഒമ്പത് ഗോളിനാക്കി ഉയർത്തി.
മെഡിക്കൽ പോരാ... മത്സരം തുടങ്ങാൻ വൈകി
ആദ്യം മത്സരം തുടങ്ങിയത് അര മണിക്കൂർ വൈകി. മതിയായ മെഡിക്കൽ സംവിധാനമില്ലെന്ന് ചൂണ്ടിക്കാണിച്ച് മാച്ച് കമീഷണർ പരാതി അറിയിച്ചതിനാലാണ് മത്സരം വൈകിയത്. നേരത്തേ ഞായറാഴ്ച ഉച്ചക്ക് 2.30നായിരുന്നു ആദ്യ മത്സരം നിശ്ചയിച്ചത്. ടീമുകൾ കൃത്യസമയത്ത് മൈതാനത്തിലിറങ്ങിയെങ്കിലും ആംബുലൻസിൽ ഫുട്ബാൾ ഫെഡറേഷെൻറ മാനദണ്ഡങ്ങൾ പ്രകാരമുള്ള സംവിധാനങ്ങൾ ഇല്ലെന്ന കാരണത്താൽ മത്സരം സമയം നീട്ടുകയായിരുന്നു. തുടർന്ന് മറ്റൊരു ആംബുലൻസിൽ സംവിധാനങ്ങൾ എത്തിച്ചതിനു ശേഷം മൂന്ന് മണിയോടെ മത്സരം തുടങ്ങി.
എട്ട് ഗ്രൂപ്പുകളായി 31 ടീമുകൾ
തേഞ്ഞിപ്പലം: 26ാമത് ദേശീയ സീനിയര്‍ വനിത ഫുട്ബാൾ ചാമ്പ്യന്‍ഷിപ്പിെൻറ കിക്ക് ഓഫ് പി. അബ്ദുൽ ഹമീദ് എം.എല്‍.എ നിർവഹിച്ചു. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളായ അഡ്വ. ടോം കെ. തോമസ്, ഡോ. മനോഹരന്, ഡോ. കെ.പി. വിനോദ് കുമാര്‍, ഡോ. സക്കീര്‍ ഹുസൈന് (ഡയറക്ടര്‍, ഫിസിക്കല്‍ എജുക്കേഷൻ കാലിക്കറ്റ് യൂനിവേഴ്സിറ്റി), തിരൂരങ്ങാടി തഹസില്‍ദാര്‍ ഉണ്ണികൃഷ്ണന്, പെരുവള്ളൂര്‍ ഗ്രാമപഞ്ചായത് പ്രസിഡൻറ് കലാം മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷുക്കൂര്‍, ഫുട്ബാൾ ഫെഡറേഷന് പ്രതിനിധികളായ സി.കെ.പി. ഷാനവാസ്, വിക്രം, ശ്രീകുമാര്‍ (പ്രസി, മലപ്പുറം ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍), യു. തിലകന് ( പ്രസി, ജില്ല ഒളിമ്പിക് അസോസിയേഷന്), പി. അഷ്റഫ് (പ്രസി. ജില്ല ഫുട്ബാൾ അസോസിയേഷന്), പി.എം. സുധീര്‍ (സെക്രട്ടറി, ജില്ല ഫുട്ബാൾ അസോസിയേഷന്) തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി എട്ട് ഗ്രൂപ്പുകളായി 31 ടീമുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.
ഡൽഹി പിടിക്കാൻ ഗോവ
26ാമത് സീനിയര്‍ ദേശീയ ഫുട്ബാൾ ചാമ്പ്യന്‍ഷിപ്പില്‍ തിങ്കളാഴ്ച രണ്ട് മത്സരങ്ങൾ നടക്കും. ഗ്രൂപ് ഡിയിലെ ആദ്യ മത്സരത്തില്‍ ഝാര്‍ഖണ്ഡ് കര്‍ണാടകയെ നേരിടും. രാവിലെ 9.30നാണ് മത്സരം. രണ്ടാം മത്സരത്തില്‍ കരുത്തരായ ഗോവ ഡല്‍ഹിയെയും നേരിടും. ഉച്ചക്ക് 2.30നാണ് രണ്ടാം മത്സരം. ഗ്രൂപ് ചാമ്പ്യന്മാരായിരിക്കും ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.