തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സീനിയര്‍ വനിത ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിെൻറ രണ്ടാം ദിവസം നടന്ന ആദ്യ മത്സരത്തിൽ കര്‍ണാടകയെ ഒരു ഗോളിന് തോൽപിച്ച് ഝാര്‍ഖണ്ഡ്. 79ാം മിനിറ്റില്‍ പര്‍ണിത തിര്‍ക്കിയാണ് ഝാര്‍ഖണ്ഡിനായി ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ ഇരുടീമിനും ഗോൾ നേടാന്‍ സാധിച്ചില്ല. രണ്ടാം പകുതിയില്‍ നിരവധി അവസരങ്ങള്‍ കര്‍ണാടകയെ തേടിയെത്തിയെങ്കിലും നിരാശയായിരുന്നു ഫലം.
ആദ്യ പകുതിയില്‍ ഇരുടീമിനും അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോൾ കീപ്പര്‍മാര്‍ രക്ഷകരായി. ആദ്യ പകുതിയുടെ അവസാനം കര്‍ണാടക മധ്യനിര താരം പി. കാവ്യ നല്കിയ ക്രോസ് ഗോളാക്കി മാറ്റിയെങ്കിലും ഓഫ് സൈഡ് വില്ലനായി. അധിക സമയത്തേക്ക് നീങ്ങിയ സമയത്ത് വീണ്ടും കാവ്യ നല്കിയ ബാള്‍ ഗോളെന്ന് ഉറപ്പിച്ചെങ്കിലും ഝാര്‍ഖണ്ഡ് ഗോള്‍ കീപ്പര്‍ ആശ മഹിമ ബെക്കിനെ മറികടക്കാനായില്ല.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ കര്‍ണാടകയെ തേടി ആദ്യ അവസരമെത്തി. കര്‍ണാടകയുടെ ക്ഷേത്രിമായ മാര്‍ഗരറ്റ് ദേവിക്ക് ലഭിച്ച അവസരം ഝാര്‍ഖണ്ഡ് ഗോള്‍ കീപ്പര്‍ ആശ മഹിമ ബെക്ക് തട്ടിയകറ്റി.
മിനിറ്റുകള്‍ക്ക് ശേഷം ഝാര്‍ഖണ്ഡ് പ്രതിരോധം വരുത്തിയ പിഴവില്‍നിന്ന് കര്‍ണാടകക്ക് ലഭിച്ച അവസരം ഗോളാക്കാന്‍ ശ്രമിച്ചെങ്കിലും ഗോള്‍ പോസ്റ്റ് വില്ലനായി. 79ാം മിനിറ്റില്‍ കര്‍ണാടകയുടെ പ്രതിരോധതാരം ജുഡിത്ത് സോണാലി ജോണ്‍ വരുത്തിയ പിഴവില്‍നിന്ന് ഝാര്‍ഖണ്ഡ് താരം നീല്‍ കുശും ലകാറക്ക് ലഭിച്ച ഗോള്‍ ബോക്സിലേക്ക് നല്കി ബോക്സിന് പുറത്തുനിന്ന് ഓടിക്കയറിയ പര്‍ണിത തിര്‍ക്കി മനോഹരമായ ഫിനിഷിലൂടെ ഗോളാക്കുകയായിരുന്നു.
ഡല്‍ഹിയും ഗോവയും സമനിലയില്‍
ഉച്ചക്ക് ശേഷം നടന്ന രണ്ടാം മത്സരത്തിൽ ഡല്‍ഹിയും ഗോവയും സമനിലയില്‍ പിരിഞ്ഞു. ഇരുടീമും ഓരോ ഗോള്‍ വീതം നേടി. 18ാം മിനിറ്റില്‍ മമ്തയിലൂടെ ഡല്‍ഹിയാണ് ആദ്യം ലീഡ് എടുത്തത്. 34 ാം മിനിറ്റില്‍ അര്‍പിത യശ്വന്ത് പെഡ്നേക്കറിലൂടെ ഗോവ സമനില പിടിച്ചു. ആദ്യ പകുതിയിലായിരുന്നു ഇരുഗോളും പിറന്നത്. ബുധനാഴ്ച രാവിലെ 9.30ന് കര്‍ണാടകക്കെതിരെയാണ് ഡല്‍ഹിയുടെ അടുത്ത മത്സരം. അതേ ദിവസം ഉച്ചക്ക് 2.30ന് ഗോവ ഝാര്‍ഖണ്ഡിനെയും നേരിടും.
റെയില്‍വേസ് ഇന്നിറങ്ങും
26ാം ദേശീയ വനിത സീനിയര്‍ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ മത്സരത്തിനായി റെയില്‍വേസ് ചൊവ്വാഴ്ചയിറങ്ങും. ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്താന്‍ റെയില്‍വേസിന് വിജയം അനിവാര്യമാണ്. ദാദ്ര ആന്‍ഡ് നാഗര്ഹേവലിയാണ് എതിരാളി. രാവിലെ 9.30നാണ് മത്സരം. ദാദ്ര ആന്‍ഡ് നാഗര്‍ഹേവലി ആദ്യ മത്സരത്തില്‍ ഛത്തീസ്ഗഢിനോട് എതിരില്ലാത്ത ഒമ്പത് ഗോളിന് പരാജയപ്പെട്ടിരുന്നു. റെയില്വേസിെൻറ ആദ്യ മത്സരമാണിത്. 32 ടീമുകളുണ്ടായിരുന്ന ചാമ്പ്യന്‍ഷിപ്പില്‍നിന്ന് വെള്ളപ്പൊക്കം കാരണം ത്രിപുര പിന്മാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.