കോഴിക്കോട്: കോവിഡ് കാലത്തെ നീണ്ട ഇടവേളക്കുശേഷം സുപ്രധാന ചാമ്പ്യൻഷിപ്പിന് വിസിൽ കാത്ത് വടക്കൻ കേരളം. ദേശീയ സീനിയർ വനിത ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് ഞായറാഴ്ച വിവിധ വേദികളിൽ തുടക്കമാകും. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ ആതിഥേയരായ കേരളം ഗ്രൂപ് ജിയിൽ മിസോറമിനെ നേരിടും.
ഉച്ചക്ക് 2.30നാണ് മത്സരം. രാവിലെ 9.30ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചാമ്പ്യൻഷിപ് ഉദ്ഘാടനം ചെയ്യും. മധ്യപ്രദേശും ഉത്തരാഖണ്ഡും തമ്മിലാണ് ഉദ്ഘാടന മത്സരം. പ്രവേശനം സൗജന്യമാണ്. കേരളത്തിെൻറ മത്സരങ്ങൾ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലാണ്. കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് സ്റ്റേഡിയം, കണ്ണൂർ കൂത്തുപറമ്പ് സ്റ്റേഡിയം, മലപ്പുറം തേഞ്ഞിപ്പലം കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മറ്റു മത്സരങ്ങൾ. സെമി, ഫൈനൽ മത്സരങ്ങൾ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കും.
ആദ്യ ദിനം കൂത്തുപറമ്പ് മുനിസിപ്പൽ സ്റ്റേഡിയത്തിൽ നിലവിലെ ജേതാക്കളായ മണിപ്പൂർ മേഘാലയയെയും ദാമൻ-ദിയു പോണ്ടിച്ചേരിയെയും നേരിടും. കോഴിക്കോട് മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ ഒഡിഷ ആന്ധ്രെയയും ഹരിയാന ഗുജറാത്തിനെയും നേരിടും.
എട്ട് ഗ്രൂപ്പുകളിലായി 32 ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. കൂത്തുപറമ്പിൽ എ, സി ഗ്രൂപ് മത്സരങ്ങളും ഒരു ക്വാർട്ടർ ഫൈനലും നടക്കും. ബി, ഡി ഗ്രൂപ് മത്സരങ്ങളാണ് തേഞ്ഞിപ്പലം സർവകലാശാല സ്റ്റേഡിയത്തിൽ. കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ എഫ്, എച്ച് ഗ്രൂപ് കളികളും രണ്ടു ക്വാർട്ടർ ഫൈനലുകളുമാണുള്ളത്.
സെമിക്കും ഫൈനലിനും പുറമേ ഇ, ജി ഗ്രൂപ് കളികൾക്കും ഒരു ക്വാർട്ടർ ഫൈനലിനും കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയം വേദിയാകും.
വനിത ഐ ലീഗിൽ ജേതാക്കളായ ഗോകുലം കേരളയുടെ തട്ടകത്തിലാണ് ആതിഥേയരായ കേരളം ദേശീയ ചാമ്പ്യൻഷിപ്പിനിറങ്ങുന്നത്. മികച്ച താരങ്ങളും പരിചയ സമ്പന്നയായ പരിശീലകയും കേരളത്തിന് പ്രതീക്ഷ നൽകുന്നു. ഇന്ത്യൻ താരമായ കോഴിക്കോട്ടുകാരി ടി. നിഖിലയാണ് ടീമിനെ നയിക്കുന്നത്. മധ്യനിരയിൽ ടീമിെൻറ കരുത്താണ് നിഖില. വൈസ് ക്യാപ്റ്റൻ കെ.വി. അതുല്യയുടെ സാന്നിധ്യം പ്രതിരോധനിരക്കും കരുത്തേകുന്നു. എ.എഫ്.സി ചാമ്പ്യൻഷിപ്പിൽ ഗോകുലം കേരള ടീമിലുണ്ടായിരുന്ന ഹീര രാജാണ് ഗോൾകീപ്പർ. മുക്കം സ്വദേശിനി നിദിയ ശ്രീധരനടങ്ങുന്ന മുന്നേറ്റനിരയിലും പ്രതീക്ഷ ഏറെയാണ്.
മുൻ സംസ്ഥാന താരമായ അമൃത അരവിന്ദാണ് പരിശീലക. ദേശീയ വനിത ലീഗിൽ സേതു എഫ്.സിക്ക് കിരീടം നേടിക്കൊടുത്ത പരിശീലകയായ അമൃതയും പ്രതീക്ഷയിലാണ്. കന്നിക്കിരീടം നേടാനാകുമെന്നാണ് പ്രതീക്ഷ. മൂന്നാഴ്ചയായി ടീം കഠിന പരിശീലനത്തിലാണ്. ശനിയാഴ്ച കാരപ്പറമ്പിലെ ജിംഗ ഫുട്ബാൾ ടർഫിലായിരുന്നു പരിശീലനം.
രണ്ടു വർഷം മുമ്പ് ഗോകുലത്തിനായി കളിച്ച ഗ്രേസ് ലാൽറാംപരിയാണ് മിസോറമിലെ സൂപ്പർസ്റ്റാർ. ഇന്ത്യൻ താരംകൂടിയാണ് ഈ മിഡ്ഫീൽഡർ. കേരളത്തിനെതിരെ ജയിച്ച് കയറാനാകുമെന്നാണ് പ്രതീക്ഷയെന്ന് കോച്ച് റൊസാരൻറിക പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.