കോഴിക്കോട്/കണ്ണൂർ: ദേശീയ വനിത ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് ആദ്യജയം. ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ 3-1ന് ഉത്തരാഖണ്ഡിനെയാണ് ആതിഥേയർ തോല്പിച്ചത്. ആദ്യകളിയിലെ തോൽവിയിൽനിന്ന് പാഠം പഠിച്ച കേരളം ഉത്തരാഖണ്ഡിനെതിരെ ആക്രമണത്തിന് മൂർച്ച കൂട്ടിയിരുന്നു. കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യപകുതിയുടെ 44ാം മിനിറ്റില്‍ വിനീത വിജയനാണ് ആദ്യ ഗോള്‍ നേടിയത്.
52ാം മിനിറ്റില്‍ ഭഗവതി ചൗഹാനിലൂടെ ഉത്തരാഖണ്ഡ് സമനില പിടിച്ചു. ലീഡ് തിരിച്ചുപിടിക്കാന്‍ കളി ശക്തമാക്കിയ കേരളം 75ാം മിനിറ്റില്‍ സബ്സ്റ്റിറ്റ്യൂട്ട് താരം മാനസയുടെ ഹെഡറിലൂടെ മുന്നിലെത്തി. കെ.വി. അതുല്യയുടെ പാസില്‍നിന്നായിരുന്നു ഗോൾ. 86ാം മിനിറ്റിൽ ഫെമിന രാജിനെ എതിരാളികൾ പെനാൽറ്റി ബോക്സില്‍ വീഴ്ത്തിയതിന് കേരളത്തിന് പെനാല്‍റ്റി കിട്ടി. ഫെമിന തന്നെ ഗോളടിച്ച് 3-1ന് വിജയം നേടിക്കൊടുത്തു.
ജയത്തോടെ കേരളം ക്വാർട്ടർ പ്രതീക്ഷകൾ സജീവമാക്കി. ഗവ. മെഡിക്കൽ കോളജ് ഒളിമ്പ്യന്‍ റഹ്മാന് സ്റ്റേഡിയത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ഹരിയാന ആന്ധ്രപ്രദേശിനെ തോല്പിച്ചു. കോര്പറേഷന് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം മത്സരത്തില്‍ മിസോറാം 4-0ന് മധ്യപ്രദേശിനെ തോല്പിച്ചു. കൂത്തുപറമ്പിലെ മത്സരങ്ങളിൽ ദാമൻ-ദിയു, മണിപ്പൂർ ടീമുകൾക്ക് ജയം. ദാമൻ-ദിയു 2-1ന് മേഘാലയയേയും മണിപ്പൂർ എതിരില്ലാത്ത 12 ഗോളുകൾക്ക് പോണ്ടിച്ചേരിയേയുമാണ് തോൽപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.