റയോ ഡി ജനീറോ: ഫ്രഞ്ച് ലീഗിനേക്കാൾ മികച്ചതാണ് സൗദി പ്രോ ലീഗെന്ന് ബ്രസീലിന്റെ സൂപ്പർസ്ട്രൈക്കർ നെയ്മർ. ബ്രസീൽ ടീമിന്റെ പരിശീലനത്തിനിടെ നടന്ന വാർത്താസമ്മേളനത്തിൽ, ഫ്രഞ്ച് ലീഗും സൗദി ലീഗും തമ്മിലുള്ള വ്യത്യാസം എന്താണെന്നു ചോദിച്ച മാധ്യമപ്രവർത്തകനോടായിരുന്നു നെയ്മറുടെ മറുപടി. പാരിസ് സെന്റ് ജെർമെയ്നിൽനിന്ന് കഴിഞ്ഞ മാസമാണ് നെയ്മർ സൗദി ലീഗിലെ അൽ ഹിലാൽ ക്ലബിലേക്ക് കൂടുമാറിയത്.
‘അവിടെയും ഫുട്ബാൾ ഒന്നുതന്നെയാണെന്ന് ഞാൻ ഉറപ്പുതരുന്നു. പന്ത് ഉരുണ്ടതാണ്. ഗോളുകളുമേറെ പിറക്കുന്നുമുണ്ട്. സൗദി ലീഗിൽ ഇന്നുകളിക്കുന്ന വമ്പൻ താരങ്ങളുടെ സാന്നിധ്യം നോക്കുമ്പോൾ അത് ഫ്രഞ്ച് ലീഗിനേക്കാൾ കേമമാണെന്ന് പറയാനാവും’ -നെയ്മർ പറഞ്ഞു.
ആധുനിക ഫുട്ബാളിലെ മിന്നും താരങ്ങളിൽ പലരും വൻതുകക്ക് സൗദി ക്ലബുകളിലേക്ക് ചേക്കേറിയിട്ടുണ്ട്. പോർചുഗലിന്റെ വിഖ്യാതതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഈ ഒഴുക്കിന് തുടക്കമിട്ടത്. പിന്നാലെ കരീം ബെൻസേമ, സാദിയോ മാനെ, എൻഗോളോ കാന്റെ, റോബർട്ടോ ഫിർമിനോ, റിയാദ് മെഹ്റെസ്, റൂബൻ നെവെസ്, അയ്മറിക് ലാപോർട്ടെ, ആൻഡേഴ്സൺ ടാലിസ്ക തുടങ്ങിയ പ്രഗല്ഭർ സൗദിയിലേക്ക് ചേക്കേറിയിരുന്നു. ഒടുവിലാണ് ശതകോടികളുടെ കിലുക്കമുള്ള വമ്പൻ ട്രാൻസ്ഫറിൽ നെയ്മറും സൗദിയിലേക്ക് വിമാനം കയറിയത്.
ആറു സീസണുകളിൽ പി.എസ്.ജിക്ക് കളിച്ച നെയ്മർ ഫ്രാൻസിലെ തന്റെ സമയം അത്രയേറെ ആസ്വദിച്ചിരുന്നില്ലെന്ന സൂചനകൾ ഈയിടെ നൽകിയിരുന്നു. പരിക്ക് അലട്ടിയതിനിടയിലും മികവുറ്റ രീതിയിൽ കളിക്കാൻ കഴിഞ്ഞിരുന്നെങ്കിലും തന്റെ മിന്നുംഫോമിലേക്കുയരാൻ ബ്രസീൽ ക്യാപ്റ്റന് കഴിഞ്ഞിരുന്നില്ല. പി.എസ്.ജിക്ക് കളിക്കുന്ന സമയം ‘നരകത്തിൽ ജീവിക്കുന്നതുപോലെ’ യായിരുന്നുവെന്ന് ഈയിടെ നെയ്മർ പറഞ്ഞിരുന്നു. താനും അടുത്ത സുഹൃത്തും അർജന്റീന ക്യാപ്റ്റനുമായ ലയണൽ മെസ്സിയും പി.എസ്.ജിയിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ഏറെ ബുദ്ധിമുട്ടിയിരുന്നതായും നെയ്മർ വെളിപ്പെടുത്തി. താനും കുടുംബവും പാരീസിൽ ചെലവിട്ട കാലത്ത് ഒട്ടും സന്തുഷ്ടരായിരുന്നില്ലെന്ന് മെസ്സിയും പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.