ഫ്രഞ്ച് ക്ലബ് പാരിസ് സെന്‍റ് ജെർമെയ്ൻ (പി.എസ്.ജി) വിടാൻ ആഗ്രഹം പ്രകടിപ്പിച്ച് ബ്രസീൽ സൂപ്പർതാരം നെയ്മറും. ക്ലബിൽ തുടരാൻ താൽപര്യമില്ലെന്നും പോകാൻ അനുവദിക്കണമെന്നും നെയ്മർ പി.എസ്.ജിയോട് ആവശ്യപ്പെട്ടതായി ടെലഗ്രാഫ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മെസ്സി-എംബാപ്പെ-നെയ്മർ ത്രയങ്ങളായിരുന്നു പി.എസ്.ജിയുടെ മുന്നേറ്റത്തിലെ ശക്തി. ഇതിൽ മെസ്സി അമേരിക്കൻ സോക്കർ ലീഗിലെ ഇന്റർ മയാമിയിലേക്ക് പോയി. എംബാപ്പെയും ഉടൻ ക്ലബ് വിട്ടേക്കും. ഇതിനിടെ നെയ്മർ കൂടി പോകുന്നത് ഫ്രഞ്ച് ചാമ്പ്യൻമാർക്ക് തിരിച്ചടിയാകും. തന്‍റെ മുൻകാല ക്ലബായ ബാഴ്സലോണയിലേക്ക് പോകാനാണ് നെയ്മറിന് താൽപര്യം.
എന്നാൽ, നിലവിലെ സാമ്പത്തിക സ്ഥിതിയിൽ നെയ്മറിനെ പോലൊരു താരത്തെ വാങ്ങാനുള്ള ശേഷി സ്പാനിഷ് ക്ലബിനില്ല. പ്രീമിയർ ലീഗ് ക്ലബ് ചെത്സിയാണ് താരത്തിനായി സജീവമായി രംഗത്തുള്ളത്. പി.എസ്.ജിയുമായി ചെത്സി അധികൃതർ ചർച്ചകളും തുടങ്ങി. സൗദി ക്ലബുകളും താരത്തിനായി രംഗത്തുണ്ട്. പി.എസ്.ജിയില്‍ നെയ്മര്‍ക്ക് രണ്ട് വര്‍ഷത്തെ കരാര്‍ ബാക്കിയുണ്ട്.
എന്നാല്‍ കരാര്‍ തീരുന്നത് വരെ ക്ലബില്‍ തുടരില്ലെന്നും ഈ മാസം തന്നെ ക്ലബ് വിടണമെന്നാണ് ആഗ്രഹമെന്നും നെയ്മര്‍ പി.എസ്.ജിയോട് പറഞ്ഞതായാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ ഈ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ താരം ക്ലബ് വിട്ടേക്കും. അതേസമയം, നെയ്മറെ സൈന്‍ ചെയ്യിക്കുന്ന കാര്യത്തില്‍ ബാഴ്സയിൽ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും ഞങ്ങള്‍ക്ക് വ്യത്യസ്ത മുന്‍ഗണനകളാണുള്ളതെന്നും ക്ലബ് പരിശീലകൻ സാവി പ്രതികരിച്ചു.
കഴിഞ്ഞ സീസണിൽ കണങ്കാലിനേറ്റ പരിക്കിനെ തുടർന്ന് നെയ്മറിന് ഭൂരിഭാഗം മത്സരങ്ങളും നഷ്ടമായിരുന്നു. ക്ലബിനായി കഴിഞ്ഞ വർഷം 20 ലീഗ് മത്സരങ്ങളിൽനിന്ന് 24 ഗോളുകളാണ് താരം നേടിയത്. 30 മില്യണിലധികം യൂറോയാണ് നെയ്മറിന്‍റെ ശമ്പളം.
അതിനിടെ, പോർചുഗീസ് താരം ഗോൺസാലോ റാമോസ് പി.എസ്.ജിയുമായി കരാറിലെത്തി. ഒരു വർഷത്തേക്ക് ലോൺ അടിസ്ഥാനത്തിലാണ് ബെൻഫിക്കയിൽനിന്ന് താരം ഫ്രഞ്ച് ക്ലബിലെത്തുന്നത്. വേണമെങ്കിൽ താരത്തെ വാങ്ങാനുള്ള ഓപ്ഷനും കരാറിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.